പ്രവാസി ജീവനക്കാരന്റെ ആനുകൂല്യങ്ങൾ നിഷേധിച്ച കമ്പനിക്ക് ലേബർ കോടതിയുടെ പ്രഹരം; 11 വർഷത്തെ സേവനത്തിന് ഒടുവിൽ നീതിയുടെ തലോടലുമായി വിധി
അബൂദബി: ജോലിയിൽ നിന്ന് വിരമിച്ചിട്ടും ആനുകൂല്യങ്ങൾ നൽകാതെ ഒഴിഞ്ഞുമാറിയ കമ്പനിക്കെതിരെ നിയമപോരാട്ടം നടത്തിയ മുൻ ജീവനക്കാരന് അനുകൂലവിധിയുമായി അബൂദബി ലേബർ കോടതി. 11 വർഷത്തിലേറെ നീണ്ട സേവനത്തിനുള്ള ഗ്രാറ്റുവിറ്റിയും ശമ്പള കുടിശ്ശികയും ഉൾപ്പെടെ 1,59,800 ദിർഹം (ഏകദേശം 36 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ജീവനക്കാരന് നൽകാൻ കോടതി ഉത്തരവിട്ടു.
2013 മുതൽ 2024 ഡിസംബർ വരെ ഏകദേശം 11 വർഷവും മൂന്ന് മാസവും 16 ദിവസവുമാണ് ജീവനക്കാരൻ കമ്പനിക്കായി ജോലി ചെയ്തത്. പ്രതിമാസം ആകെ 29,000 ദിർഹം ശമ്പളം കൈപ്പറ്റിയിരുന്ന ഇദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം 16,000 ദിർഹം ആയിരുന്നു. അവസാന മാസത്തെ കുടിശ്ശിക ശമ്പളമായ 29,000 ദിർഹവും, സേവന കാലയളവ് കണക്കാക്കിയുള്ള 1,30,800 ദിർഹത്തിന്റെ ഗ്രാറ്റുവിറ്റിയും ഉൾപ്പെടെ ആകെ 1,59,800 ദിർഹം ജീവനക്കാരന് ലഭിക്കാൻ അർഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
2024 ഡിസംബറിൽ ജോലിയിൽ നിന്ന് രാജിവെച്ച ജീവനക്കാരന് അവസാന മാസത്തെ ശമ്പളമോ ഗ്രാറ്റുവിറ്റിയോ നൽകാൻ കമ്പനി തയ്യാറായിരുന്നില്ല. തുടർന്ന് ഇദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിക്കുന്ന വേളയിൽ കോടതി അറിയിപ്പ് നൽകിയിട്ടും കമ്പനി പ്രതിനിധികൾ ഹാജരാകാൻ തയ്യാറായിരുന്നില്ല.
യുഎഇ സിവിൽ ട്രാൻസാക്ഷൻ നിയമപ്രകാരം, കരാർ പ്രകാരമുള്ള ജോലി പൂർത്തിയാക്കിയ ജീവനക്കാരന് വേതനം നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു വർഷത്തിൽ കൂടുതൽ തുടർച്ചയായി ജോലി ചെയ്ത വിദേശ ജീവനക്കാരന് അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ സേവനാവസാന ഗ്രാറ്റുവിറ്റിക്ക് (End of Service Benefits) അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.
നഷ്ടപരിഹാര തുകയ്ക്ക് പുറമെ കോടതി ചെലവുകളും കമ്പനി തന്നെ വഹിക്കണം. യാതൊരുവിധ ജാമ്യവ്യവസ്ഥകളും ഇല്ലാതെ വിധി ഉടൻ നടപ്പിലാക്കാനും അബൂദബി ലേബർ കോടതി നിർദ്ദേശിച്ചു. ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി നൽകാത്ത സ്ഥാപനങ്ങൾക്കെതിരെയുള്ള കർശന മുന്നറിയിപ്പാണ് ഈ കോടതി വിധി.
the labor court ruled against a company that denied benefits to an expatriate employee after 11 years of service, delivering long-awaited justice and reinforcing workers’ rights.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."