വിദേശ ഭീകരസംഘടനയുമായി ബന്ധം; സഊദിയിൽ മൂന്ന് ഭീകരരുടെ വധശിക്ഷ നടപ്പിലാക്കി
റിയാദ്: ഭീകര സംഘടനയിൽ ചേരുകയും സ്ഫോടകവസ്തുക്കൾ നിർമ്മിക്കുകയും ചെയ്തതുൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് സഊദി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി. ബുധനാഴ്ച ഖാസിം മേഖലയിൽ വെച്ചാണ് ശിക്ഷാ നടപടികൾ പൂർത്തിയാക്കിയതെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സഊദി പൗരന്മാരായ റയാൻ ബിൻ യൂസഫ് ബിൻ ഇബ്രാഹിം അൽ-ദുബൈഖി, മുഹമ്മദ് ബിൻ സുലൈമാൻ ബിൻ മുഹമ്മദ് അൽ-ഷുവൈനി, അബ്ദുൾറഹ്മാൻ ബിൻ ഇബ്രാഹിം ബിൻ അഹമ്മദ് അൽ-അയ്ബരി എന്നിവർക്കെതിരെയാണ് ഭീകരകുറ്റകൃത്യങ്ങൾ ചുമത്തി വധശിക്ഷ നടപ്പിലാക്കിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഇവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിദേശ ഭീകര സംഘടനകളിൽ ചേരുക, മാരകമായ സ്ഫോടകവസ്തുക്കൾ നിർമ്മിക്കുക, നിയമവിരുദ്ധമായി ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. കൂടാതെ, ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുകയും കുറ്റവാളികൾക്ക് ഒളിത്താവളം ഒരുക്കുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അധികൃതർ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ അറസ്റ്റിലായ ഇവരെ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു.
രാജ്യത്തിന്റെ സുരക്ഷയും സമാധാനവും തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള കടുത്ത മുന്നറിയിപ്പാണ് ഈ നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിരപരാധികളുടെ രക്തം ചിന്തുന്നവർക്കും നിയമങ്ങൾ ലംഘിച്ച് അക്രമം നടത്തുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. നീതി ഉറപ്പാക്കാനും സുരക്ഷിതമായ അന്തരീക്ഷം നിലനിർത്താനുമാണ് രാജ്യം മുൻഗണന നൽകുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
saudi arabia carried out the execution of three terrorists convicted of maintaining links with a foreign terrorist organization, according to an official announcement by authorities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."