ആലപ്പുഴയില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു;ജാഗ്രതാ നിര്‍ദേശം
ആലപ്പുഴ: ആലപ്പുഴയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള എല്ലാ വളര്‍ത്തു പക്ഷികളെയും ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന (കള്ളിങ്ങ്) പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ സജീവമാക്കും.
നാല് പഞ്ചായത്തുകളിലായി മൊത്തം 13785 വളര്‍ത്തു പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രഭവ കേന്ദ്രങ്ങള്‍ക്ക് 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള സര്‍വൈലന്‍സ് സോണില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തു പക്ഷികള്‍, അവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം), ഫ്രോസണ്‍ മീറ്റ്, മറ്റു ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഒരാഴ്ചത്തേക്ക് ജില്ലാ കലക്ടര്‍ നിരോധിച്ചു.
പക്ഷിപ്പനി
പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പക്ഷിപ്പനി. പക്ഷികളിൽ വരുന്ന ഒരുതരം വൈറൽ പനിയാണിത്. ഏവിയൻ ഇൻഫ്‌ലുവൻസ വൈറസാണ് പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാൽ പക്ഷികൾ കൂട്ടത്തോടെ ചാകും. മനുഷ്യരിലേക്ക് രോഗം പടരാൻ സാധ്യതയുണ്ടെന്നുള്ളതാണ് പക്ഷിപ്പനിയുടെ പ്രത്യേകത. രോഗബാധിതരായ പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്ന മനുഷ്യർക്ക് പക്ഷിപ്പനി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വൈറസ് ഒരു വ്യക്തിയുടെ കണ്ണിലോ മൂക്കിലോ വായിലോ കടക്കുമ്പോഴോ ശ്വസിക്കുമ്പോഴോ ഇത് സംഭവിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."