പിന്നാലെ വന്നയാത്രികർ ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകി; കുന്നംകുളത്ത് ബിഎംഡബ്ല്യു കാറിന് തീപിടിച്ചു, ദമ്പതികളും കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കുന്നംകുളം: കുന്നംകുളം-പട്ടാമ്പി റോഡിൽ പാറയിൽ സെന്റ് ജോർജ് പള്ളിക്ക് മുൻപിൽ വെച്ച് വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. പെരുമ്പിലാവ് സ്വദേശി മണികണ്ഠനും കുടുംബവും സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു 320 d കാറാണ് പൂർണ്ണമായും കത്തിനശിച്ചത്.
രക്ഷകരായത് പിന്നാലെ വന്നവർ
മണികണ്ഠനും ഭാര്യയും കുട്ടിയുമായി യാത്ര ചെയ്യുന്നതിനിടെ കാറിന്റെ പിൻഭാഗത്തെ ഡോറിന് അടിയിൽ നിന്നും പുക ഉയരുന്നത് പിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ ഉടൻ തന്നെ ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകുകയായിരുന്നു. പുക ശ്രദ്ധയിൽപ്പെട്ട മണികണ്ഠൻ ഉടൻ തന്നെ വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തി കുടുംബത്തോടൊപ്പം പുറത്തിറങ്ങി. ഇവർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ കാറിൽ തീ ആളിപ്പടർന്നു.
അഗ്നിരക്ഷാസേനയുടെ ഇടപെടൽ
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കുന്നംകുളത്തുനിന്നും ഗുരുവായൂരിൽ നിന്നുമായി നാല് യൂണിറ്റ് ഫയർ എൻജിനുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. കുന്നംകുളം പൊലിസ് സ്ഥലത്തെത്തി ഗതാഗത നിയന്ത്രണത്തിന് നേതൃത്വം നൽകി. പുക കണ്ട ഉടനെ വാഹനം നിർത്താൻ കഴിഞ്ഞതും കുടുംബത്തിന് വേഗത്തിൽ പുറത്തിറങ്ങാനായതും വൻ ദുരന്തം ഒഴിവാക്കി.
അപകടത്തെത്തുടർന്ന് കുന്നംകുളം - പട്ടാമ്പി പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."