ബഹ്‌റൈനില്‍ വൈകല്യമുളളവര്‍ക്കായി പുതിയ പരിചരണ കേന്ദ്രം;അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും
മനാമ: ബഹ്‌റൈനില്‍ വൈകല്യമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഏറെ നാളായി കാത്തിരുന്ന പരിചരണ കേന്ദ്രം അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. ആലി പ്രദേശത്താണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ചികിത്സ, പരിശീലനം, പുനരധിവാസം തുടങ്ങിയ സേവനങ്ങള്‍ ഒരിടത്ത് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സാമൂഹ്യ വികസന മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് വൈകല്യമുള്ളവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍, അവരുടെ പ്രയാസങ്ങളും ആവശ്യങ്ങളും പരിഗണിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പുതിയ കേന്ദ്രത്തിന്റെ നിര്‍മ്മാണവും അറ്റകുറ്റപ്പണികളും ഇതിനകം പൂര്‍ത്തിയായതായി മന്ത്രാലയം അറിയിച്ചു. കെട്ടിടത്തിന്റെ സുരക്ഷ, വൈദ്യുതി സംവിധാനം, തീപിടിത്തം തടയാനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം പരിശോധിച്ച ശേഷം ഉപയോഗത്തിന് തയ്യാറാക്കിയിട്ടുണ്ട്.
വലിയ വിസ്തൃതിയിലുള്ള സ്ഥലത്താണ് കേന്ദ്രം പ്രവര്‍ത്തിക്കുക. ഇവിടെ വിവിധ വിഭാഗങ്ങളായി സേവനങ്ങള്‍ ലഭ്യമാകും. വൈകല്യമുള്ള കുട്ടികള്‍ക്ക് ആവശ്യമായ പരിശോധനകളും പരിശീലനങ്ങളും നല്‍കുന്ന സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കായി പ്രത്യേക പരിചരണ വിഭാഗങ്ങളും ഉണ്ടായിരിക്കും. ഓട്ടിസം പോലുളള പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും സിറിബ്രല്‍ പാല്‌സിയുള്ളവര്‍ക്കുമായി പ്രത്യേക സേവനങ്ങള്‍ നല്‍കും.
കേന്ദ്രത്തില്‍ എത്തുന്നവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ്, അവരെ സ്വയം ആശ്രയിക്കാന്‍ കഴിയുന്ന രീതിയില്‍ പരിശീലിപ്പിക്കാനാണ് ശ്രമം. ദിനപരിചരണ സേവനങ്ങള്‍, ആരോഗ്യ പരിശോധനകള്‍, കൗണ്‍സിലിങ് തുടങ്ങിയവയും ഇവിടെ ലഭ്യമാകും. വര്‍ഷംതോറും നിരവധി പേര്‍ക്ക് ഈ കേന്ദ്രത്തിന്റെ സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
പദ്ധതിയുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളും സാമൂഹിക സംഘടനകളും സഹകരിക്കും. ഇതിലൂടെ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും കൂടുതല്‍ പേര്‍ക്ക് സഹായം എത്തിക്കാനുമാണ് ഉദ്ദേശം. വൈകല്യമുള്ളവരെ ഒറ്റപ്പെടുത്താതെ സമൂഹത്തിന്റെ ഭാഗമായി കൊണ്ടുവരിക എന്നതാണ് പ്രധാന ലക്ഷ്യം.
ഈ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങുന്നതോടെ വൈകല്യമുള്ളവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയ സഹായമാകുമെന്നാണ് വിലയിരുത്തല്‍. ദിവസേന നേരിടുന്ന പല ബുദ്ധിമുട്ടുകളും കുറയ്ക്കാനും, ആവശ്യമായ സഹായങ്ങള്‍ ഒരിടത്ത് ലഭിക്കാനും ഈ കേന്ദ്രം സഹായിക്കുമെന്ന് സാമൂഹ്യ വികസന മന്ത്രാലയം അറിയിച്ചു.
The Bahrain government launches a new centre in A’ali to support children and adults with disabilities, offering training, therapy, and inclusive services.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."