അസമില്‍ വീണ്ടും കൂട്ട ബുള്‍ഡോസര്‍ രാജ്; കൊടുംതണുപ്പില്‍ രണ്ടായിരത്തിലധികം കുടുംബങ്ങള്‍ തെരുവിലേക്ക്; ആയിരത്തിലേറെ കുടുംബങ്ങള്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ്
ഗുവാഹത്തി: ബി.ജെ.പി ഭരിക്കുന്ന അസമില്‍ വീണ്ടും ന്യൂനപക്ഷവിഭാഗങ്ങളെയും ബംഗാളി മുസ്ലിംകളെയും ലക്ഷ്യമിട്ട് കൂട്ട ബുള്‍ഡോസര്‍ രാജ് തുടരുന്നു. സോനിത്ത്പൂര്‍ ജില്ലയില്‍ മാത്രമായി ഏകദേശം 1,200 ബംഗാളി മുസ്ലിം കുടുംബങ്ങളാണ് ജനുവരിയിലെ കൊടുംതണുപ്പില്‍ ഭവനരഹിതരായത്. ഇതോടൊപ്പം ബോംഗായ്ഗാവ് ജില്ലയില്‍ ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസും ലഭിച്ചു.
സോനിത്ത്പൂരിലെ ബുര ചാപോറി വന്യജീവി സങ്കേതത്തിന് സമീപത്തുള്ള പ്രദേശങ്ങളില്‍ ഈ മാസം അഞ്ചിനും ആറിനും ആണ് ജില്ലാ ഭരണകൂടം വന്‍ പൊലിസ് സന്നാഹത്തോടെ ബുള്‍ഡോസറുകളുമായി ദരിദ്രവിഭാഗത്തിലുള്ളവരുടെ കുടിലുകള്‍ പൊളിച്ചുനീക്കിയത്. പ്രദേശത്ത് ഏകദേശം 650 ഹെക്ടര്‍ ഭൂമി 'നിയമവിരുദ്ധ അധിനിവേശ'ക്കാരില്‍നിന്ന് തിരിച്ചുപിടിച്ചെന്ന് ജില്ലാ ഭരണകൂടം അവകാശപ്പെട്ടു. അതേസമയം, തലമുറകളായി ഇവിടെ താമസിച്ചുവന്നവര്‍ക്കാണ് കിടപ്പാടം നഷ്ടമായതെന്ന് ഇരകള്‍ പറഞ്ഞു. തണുത്ത കാലാവസ്ഥയും വിളവെടുപ്പ് സമയവും ചൂണ്ടിക്കാട്ടി കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ വഴങ്ങിയില്ലെന്നും ഇരകള്‍ പറഞ്ഞു. വനഭൂമിയില്‍ ആര്‍ക്കും താമസിക്കാന്‍ അനുവദിക്കാനാവില്ലെന്ന് സോനിത്ത്പൂര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ആനന്ദ് കുമാര്‍ ദാസ് പറഞ്ഞു.
ബോംഗായ്ഗാവ് ജില്ലയിലുള്ള ജോഗിഘോപ്പയ പ്രദേശത്തെ ആയിരത്തിലേറെ വരുന്ന കുടുംബങ്ങള്‍ക്കാണ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത്. ഈ മാസം 23നകം ഒഴിഞ്ഞുപോയില്ലെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ പൊളിച്ചുനീക്കുമെന്നാണ് ബോയ്താമാരി റവന്യൂ സര്‍ക്കിള്‍ ഓഫിസര്‍ നല്‍കിയ നോട്ടീസിലെ ഭീഷണി. കണക്കുകള്‍ പ്രകാരം ജോഗിഘോപ്പ മേഖലയിലെ 879ഓളം കുടുംബങ്ങളെയും കരിയ പഹാദ് ഗ്രാമത്തിലെ 383 കുടുംബങ്ങളെയും ഭോരല്‍ക്കുണ്ഡി ഭാഗത്തെ അഞ്ഞൂറോളം കുടുംബങ്ങളെയുമാണ് ഒഴിപ്പിക്കല്‍ ബാധിക്കുന്നത്. കൂടാതെ കോനോര ബീല്‍, ദലാനി ബീല്‍ എന്നിവിടങ്ങളിലെ നിരവധി കുടുംബങ്ങള്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.
ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകിയതുംമൂലവും മറ്റും വീട് നഷ്ടപ്പെട്ടവരാണ് ഈ ഭാഗങ്ങളില്‍ കൂടുതലായും താമസിക്കുന്നത്. ഇവരെ പുനരധിവസിപ്പിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെങ്കിലും അവരെ തെരുവിലേക്ക് തള്ളിയിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി. തണുപ്പുകാലമായതും പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ അടുത്തുവരുന്നതും മുന്‍നിര്‍ത്തി ഒഴിപ്പിക്കല്‍ നീട്ടിവയ്ക്കണമെന്ന് താമസക്കാര്‍ സര്‍ക്കാരിനോട് അപേക്ഷിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ല.
അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വര്‍ഗീയഅന്തരീക്ഷം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ധൃതിപിടിച്ചുള്ള കൂട്ട കുടിയൊഴിപ്പിക്കലെന്ന് മുസ്ലിം സംഘടനകളും പ്രതിപക്ഷവും ആരോപിച്ചു.
English Summary: A massive eviction drive by the Assam government has left nearly 1,200 families, mostly Bengali-origin Muslims, homeless in Sonitpur district amidst harsh winter conditions. The administration cleared approximately 650 hectares of land near the Bura Chapori Wildlife Sanctuary, claiming it as protected forest area. Simultaneously, over 1,000 families in Bongaigaon’s Jogighopa have been served eviction notices to vacate by January 23, sparking widespread panic. While authorities cite environmental conservation, affected families and opposition parties allege the drive is a politically motivated move ahead of the upcoming state elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."