പറഞ്ഞ ഉറപ്പുകൾ സർക്കാർ പാലിക്കണം, ഇല്ലെങ്കിൽ വീണ്ടും സമരം: മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറി
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം മാറ്റിവെച്ചു. ആരോഗ്യ-ധനകാര്യ വകുപ്പുകളുമായി ഇന്ന് നടത്തിയ ചർച്ച അനുകൂലമായതിനെത്തുടർന്നാണ് തീരുമാനം. ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കാമെന്നതടക്കമുള്ള ഉറപ്പുകൾ സർക്കാരിൽ നിന്ന് ലഭിച്ചതായി ഡോക്ടർമാരുടെ സംഘടന അറിയിച്ചു. നാളെ മുതലായിരുന്നു അനിശ്ചിതകാല സമരം ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്.
ശമ്പളപരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, കൃത്യസമയത്ത് ലഭിക്കാത്ത ശമ്പള-ഡിഎ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളിലാണ് സമരം മാറ്റിവെയ്ക്കാൻ ധാരണയായത്. കൂടാതെ വിവിധ വിഷയങ്ങളിലും സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചു.
നിലവിലുള്ള താത്കാലിക-കൂട്ട സ്ഥലംമാറ്റങ്ങൾ ഒഴിവാക്കും, മെഡിക്കൽ കോളജുകളിൽ ആവശ്യമായ പുതിയ തസ്തികകൾ സൃഷ്ടിക്കും, ദീർഘകാലമായി നിലനിൽക്കുന്ന ആനുകൂല്യങ്ങളിലെ കുടിശ്ശിക തീർപ്പാക്കും. സമരം താൽക്കാലികമായി മാറ്റിവെച്ചെങ്കിലും സർക്കാർ നടപടികൾ നിരീക്ഷിക്കാനാണ് സംഘടനയുടെ തീരുമാനം. തീരുമാനങ്ങൾ നടപ്പിലാക്കുന്നത് വരെ വിവിധ പ്രതിഷേധ പരിപാടികൾ തുടരും.
"സർക്കാർ ഉറപ്പുകൾ പാലിക്കുന്നത് വരെ ഔദ്യോഗിക യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്നും സമയബന്ധിതമായി നടപടികൾ ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് തിരിച്ചുപോകും എന്നും ഡോക്ടർമാരുടെ സംഘടന അറിയിച്ചു. നിലവിൽ ഒപി (OP) ഉൾപ്പെടെയുള്ള സേവനങ്ങളെ ബാധിക്കാത്ത തരത്തിലാണ് ഡോക്ടർമാർ മുന്നോട്ട് പോകുന്നത്. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ തന്നെ തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാനാണ് സംഘടനയുടെ ശ്രമം.
Medical college doctors have called off their indefinite strike after receiving assurances from the government. However, the medical fraternity warned that they would resume their protests if the government fails to implement the promised changes within the stipulated time. The strike, which affected various hospital services, was withdrawn following high-level discussions regarding the doctors' long-standing demands.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."