രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: പരാതിക്കാരിയെ അധിക്ഷേപിച്ചതിനും പേര് വെളിപ്പെടുത്തിയതിനും മൂന്ന് കേസുകൾ; വനിതാ നേതാവിനെതിരെയും പരാതി
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗക്കേസിലെ പരാതിക്കാരിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുകയും തിരിച്ചറിയുന്ന രീതിയിൽ വിവരങ്ങൾ പങ്കുവെക്കുകയും ചെയ്ത സംഭവത്തിൽ പൊലിസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരത്ത് രണ്ടും പത്തനംതിട്ടയിൽ ഒരു കേസുമാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതിജീവിതയെ തിരിച്ചറിയുന്ന പോസ്റ്റുകൾക്കെതിരെ നടപടി
ബലാത്സംഗക്കേസിലെ ഇരകളുടെ പേരോ അവരെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങളോ വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ, രാഹുലിനെ അനുകൂലിക്കുന്ന ചിലർ സോഷ്യൽ മീഡിയയിൽ അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെക്കുകയായിരുന്നു. ഇതിനെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സൈബർ പൊലിസ് നടപടി തുടങ്ങിയത്.
കോൺഗ്രസ് വനിതാ നേതാവിനെതിരെ പരാതി
സംഭവത്തിൽ കോൺഗ്രസ് വനിതാ നേതാവും ജനപ്രതിനിധിയുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അതിജീവിത ഡിജിപിക്ക് പരാതി നൽകി. രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചും അതിജീവിതയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലും ഇവർ വീഡിയോ പങ്കുവെച്ചെന്നാണ് പരാതി.
സൈബർ സെൽ പരിശോധന:
ശ്രീനാദേവി കുഞ്ഞമ്മയുടെ വിവാദ വീഡിയോ സൈബർ പൊലിസ് വിശദമായി പരിശോധിച്ചു വരികയാണ്.വീഡിയോയിൽ നിയമലംഘനം ഉണ്ടെന്ന് കണ്ടെത്തിയാൽ ഇവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യും.
പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റുകളും നീക്കം ചെയ്യാനും അത്തരം അക്കൗണ്ടുകൾ നിരീക്ഷിക്കാനും പൊലിസ് സൈബർ വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."