ജോലിഭാരവും നഴ്‌സുമാരുടെ ക്ഷാമവും: ന്യൂയോർക്കിൽ 15,000 നഴ്‌സുമാരുടെ സമരം തുടരുന്നു; ഐക്യദാർഢ്യം പ്രഖ്യാപിച്ച് മേയർ സോഹ്‌റാൻ മംദാനി
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. നഴ്‌സുമാരുടെ രൂക്ഷമായ ക്ഷാമം പരിഹരിക്കുക, അമിതമായ ജോലിഭാരം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പതിനയ്യായിരത്തോളം നഴ്‌സുമാരാണ് തെരുവിലിറങ്ങിയിരിക്കുന്നത്.
ആരോഗ്യരംഗം പ്രതിസന്ധിയിൽ
മൗണ്ട് സിനായ്, മോണ്ടിഫിയോർ മെഡിക്കൽ സെന്റർ, ന്യൂയോർക്ക് പ്രെസ്ബിറ്റീരിയൻ തുടങ്ങിയ പ്രശസ്തമായ ആശുപത്രികളിലെ പ്രവർത്തനങ്ങളെ സമരം സാരമായി ബാധിച്ചു. ഫ്ലൂ പടർന്നുപിടിക്കുന്ന സീസണിൽ സമരം വന്നത് രോഗികളെയും വലയ്ക്കുന്നുണ്ട്.
ബദൽ സംവിധാനം:
സമരം നേരിടാൻ ആശുപത്രികൾ താൽക്കാലിക നഴ്‌സുമാരെ നിയോഗിച്ചിട്ടുണ്ട്. ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള മുൻകൂട്ടി നിശ്ചയിച്ച പല സേവനങ്ങളും മാറ്റിവെച്ചു.ചികിത്സ തേടുന്നതിൽ നിന്ന് രോഗികൾ വിട്ടുനിൽക്കരുതെന്നും അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും നഴ്‌സിംഗ് യൂണിയനുകളും ആശുപത്രി അധികൃതരും അറിയിച്ചു.
ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ല
സുരക്ഷിതമായ തൊഴിൽ സാഹചര്യമാണ് നഴ്‌സുമാരുടെ പ്രധാന ആവശ്യം. നിലവിലെ സ്റ്റാഫിംഗ് രീതി നഴ്‌സുമാരെ കടുത്ത മാനസിക-ശാരീരിക സമ്മർദ്ദത്തിലാക്കുന്നുവെന്ന് യൂണിയനുകൾ ആരോപിക്കുന്നു.
മാനേജ്‌മെന്റ് വാദം:
യൂണിയന്റെ ആവശ്യങ്ങൾ ആശുപത്രികൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും 2023-ലെ സമരത്തിന് ശേഷം ജീവനക്കാരുടെ എണ്ണത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നുമാണ് ആശുപത്രി മാനേജ്‌മെന്റുകളുടെ നിലപാട്.വൻകിട ലാഭം കൊയ്യുന്ന ആശുപത്രികൾ നഴ്‌സുമാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നില്ലെന്ന് യൂണിയൻ ഇതിനെതിരെ മറുപടി പറയുന്നത്.
മേയറുടെ പിന്തുണ
സമരത്തിന് രാഷ്ട്രീയ പിന്തുണയും ഏറുകയാണ്. ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയർ സോഹ്‌റാൻ മംദാനി സമരപ്പന്തൽ സന്ദർശിച്ച് നഴ്‌സുമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. "അന്തസ്സും മാന്യമായ വേതനവും അർഹിക്കുന്ന പരിഗണനയും ആവശ്യപ്പെട്ടാണ് ഈ പോരാട്ടം. നഴ്‌സുമാരുടെ ആവശ്യങ്ങൾ ന്യായമാണ്," മേയർ പറഞ്ഞു.
ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം ശക്തമായി തുടരാനാണ് നഴ്‌സിംഗ് യൂണിയനുകളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."