ഇറാനിൽ പ്രക്ഷോഭം കടുക്കുന്നു; കുടുംബാംഗങ്ങളെ ബന്ധപ്പെടാനാകാതെ യുഎഇയിലെ പ്രവാസികൾ
ദുബൈ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്ന പശ്ചാത്തലത്തിൽ, നാട്ടിലുള്ള ഉറ്റവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായി യുഎഇയിലെ ഇറാനിയൻ പ്രവാസി സമൂഹം. ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടതും ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതും കാരണം ദിവസങ്ങളായി കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പലരും പരാതിപ്പെടുന്നു.
തെഹ്‌റാനിലും മറ്റ് പ്രധാന നഗരങ്ങളിലും നടക്കുന്ന അക്രമാസക്തമായ സംഭവങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ കാണുന്ന പ്രവാസികൾ വലിയ മാനസിക സമ്മർദ്ദത്തിലാണ്.
"കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാതാപിതാക്കളെ വിളിക്കാൻ ശ്രമിക്കുകയായിരുന്നു. ഇന്നലെ എന്റെ അമ്മ വെറും അഞ്ച് സെക്കൻഡ് മാത്രം സംസാരിച്ചു, അവർ സുരക്ഷിതരാണെന്ന് പറഞ്ഞു. അപ്പോഴേക്കും കണക്ഷൻ കട്ടായി. എന്റെ സഹോദരന് ചെറിയൊരു കുഞ്ഞുണ്ട്. പ്രക്ഷോഭം തുടങ്ങിയ ശേഷം ജോലിക്ക് പോകാൻ അവന് കഴിഞ്ഞിട്ടില്ല." ദുബൈയിൽ താമസിക്കുന്ന ഡോന്യ എന്ന യുവതി തന്റെ കുടുംബത്തിന്റെ അവസ്ഥയെക്കുറിച്ച് വിവരിച്ചു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും തനിക്ക് ബന്ധുക്കളുണ്ടെന്നും പരിചിതരായ പലരും പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു.
മുപ്പത് വർഷത്തോളം യുഎഇയിൽ താമസിച്ച ശേഷം മൂന്ന് മാസം മുൻപ് ഇറാനിലേക്ക് മടങ്ങിയ സഹോദരന്റെ സുരക്ഷയെക്കുറിച്ചാണ് ഡോന്യയുടെ മറ്റൊരു ആശങ്ക. വിദേശിയായ ഭാര്യയും കുഞ്ഞുമായി ഇറാനിലെത്തിയ അദ്ദേഹത്തിന് അവിടുത്തെ ഇപ്പോഴത്തെ സാഹചര്യങ്ങൾ പരിചിതമല്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ പല കുടുംബങ്ങളും ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രതിഷേധങ്ങളിൽ ഇതുവരെ 2,500-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇറാനിലെ സ്ഥിതിഗതികളെക്കുറിച്ച് ലോകരാഷ്ട്രങ്ങൾക്കിടയിൽ ഭിന്നസ്വരമാണ് ഉയരുന്നത്. പ്രക്ഷോഭകാരികൾക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. അതേസമയം രാജ്യത്തെ അശാന്തിക്ക് പിന്നിൽ അമേരിക്കയും ഇസ്റാഈലുമാണെന്ന് ഇറാൻ ആരോപിച്ചു.
സുരക്ഷാ കാരണങ്ങളാൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു പ്രവാസി പറയുന്നത്, തന്റെ മാതാപിതാക്കൾ ഈ മാസം ആദ്യമാണ് ഇറാനിലേക്ക് പോയതെന്നാണ്. "കഴിഞ്ഞ ഒരാഴ്ചയായി അവരോട് സംസാരിക്കാൻ പറ്റിയിട്ടില്ല. മാനസികമായി ഞാൻ തകർന്നിരിക്കുകയാണ്. എല്ലാം എത്രയും വേഗം ശാന്തമാകുമെന്നും അവരെ തിരികെ യുഎഇയിലേക്ക് എത്തിക്കാൻ കഴിയുമെന്നുമാണ് ഞാൻ പ്രതീക്ഷിക്കുന്നത്," അവർ പറഞ്ഞു.
ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങുന്ന സാധാരണക്കാർ പോലും പ്രക്ഷോഭങ്ങൾക്കിടയിൽ പെട്ടുപോകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഖലീജ് ടൈംസിനോട് സംസാരിച്ച പലരും വ്യക്തമാക്കി.
protests in iran are escalating as communication networks face disruptions. uae-based expatriates report growing anxiety after losing contact with family members, highlighting humanitarian concerns and regional uncertainty amid ongoing political unrest and security crackdowns.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."