ഇന്ത്യക്കായി ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ എനിക്ക് സാധിക്കും: ആത്മവിശ്വാസം പ്രകടിപ്പിച്ച് സൂപ്പർതാരം
2026 ടി-20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിനൊപ്പം തനിക്ക് ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ സാധിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ താരം റിങ്കു സിങ്. ഫിനിഷർ റോളിൽ മാത്രമല്ല തനിക്ക് എവിടെയും ബാറ്റ് ചെയ്യാനാകുമെന്നാണ് റിങ്കു പറഞ്ഞത്. പവർ പ്ലേയിൽ താൻ മൂന്ന് അർദ്ധ സെഞ്ച്വറികൾ നേടിയിട്ടുണ്ടെന്നും റിങ്കു വ്യക്തമാക്കി.
ഞാൻ സാധാരണ ബാറ്റ് ചെയ്യുന്ന സ്ഥാനത്ത് ആളുകൾ എന്നെ ഒരു ഫിനിഷർ ആയിട്ടാണ് കാണുന്നത്. എന്നാൽ എനിക്ക് ആ റോൾ മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എനിക്ക് എവിടെയും ബാറ്റ് ചെയ്യാൻ കഴിയും. ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യക്ക് വേണ്ടിയും ഞാൻ പവർപ്ലേയിൽ ബാറ്റ് ചെയ്തിട്ടുണ്ട്. ഞാൻ പവർപ്ലേയിൽ മൂന്ന് അർദ്ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്'' റിങ്കു സിങ് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അടുത്തിടെ ഉത്തർപ്രദേശ് പ്രീമിയർ ലീഗിൽ റിങ്കു സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. യുപി പ്രീമിയർ ലീഗിൽ മീററ്റ് മാവെറിക്സിനായാണ് റിങ്കു കളിക്കുന്നത്. ഗോരഖ്പൂർ ലയൺസിനെതിരെ 48 പന്തിൽ പുറത്താവാതെ 108 റൺസാണ് റിങ്കു അടിച്ചെടുത്തത്. ഏഴ് ഫോറുകളും എട്ട് സിക്സുകളും അടങ്ങുന്നതാണ് റിങ്കുവിന്റെ തകർപ്പൻ പ്രകടനം. ഈ മിന്നും പ്രകടനം ലോകകപ്പിലും ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൂര്യകുമാർ യാദവിന്റെ കീഴിലാണ് ഇന്ത്യൻ ടീം ലോകകപ്പിനെത്തുന്നത്. മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. ഇന്ത്യൻ ടി-20 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മൻ ഗില്ലിന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. ടീമിൽ ജിതേഷ് ശർമ്മക്കും ഇടം നേടാനായില്ല. സെക്കന്റ് വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ ആണ് ടീമിലെത്തിയത്.
2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ്
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിംഗ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."