വിദ്യാർഥിനിയുടെ കൊല; പൊലിസിനെ വട്ടംചുറ്റിച്ച് 16കാരൻ്റെ മൊഴികൾ
കരുവാരകുണ്ട്: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ കൊലപാതകത്തിൽ പിടിയിലായ 16 കാരൻ്റെ ആദ്യഘട്ടത്തിലെ മൊഴികൾ പൊലിസിനെയും വട്ടംകറക്കി. പെൺകുട്ടിയും 16കാരനും തമ്മിൽ നേരത്തെ അടുപ്പം ഉണ്ടായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. ഇൗ ബന്ധം പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ പൊലിസും ബന്ധുക്കളും 16 കാരനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. വ്യാഴാഴ്ച വിദ്യാർഥിനിയെ കാണാതായതിനെ തുടർന്ന് മാതാവ് പൊലിസിൽ പരാതി നൽകി. തുടർന്ന് 16 കാരനെ വിളിച്ചുവരുത്തി പൊലിസ് ചോദ്യം ചെയ്തു.
എന്നാൽ വൈകുന്നേരം ആറ് മണി വരെ മാത്രമാണ് പെൺകുട്ടി തൻ്റെ കൂടെയുണ്ടായിരുന്നതെന്നാണ് ചോദ്യം ചെയ്യലിൽ പ്ലസ് വൺ വിദ്യാർഥിയായ പതിനാറുകാരൻ പറഞ്ഞത്. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നുമായിരുന്നു മറുപടി. ഇരുവരും ബസ് മാർഗം വാണിയമ്പലത്തെത്തി. അവിടെനിന്ന് റെയിൽവേ ട്രാക്കിലൂടെ നടന്നു.
ഇതിനിടയിൽ ട്രെയിൻ വന്നതോടെ രണ്ടുപേരും രണ്ടു വശത്തേക്ക് മാറിയെന്നും പിന്നീട് താൻ പെൺകുട്ടിയെ കണ്ടില്ലെന്നുമായിരുന്നു 16കാരൻ പറഞ്ഞത്. ഇതിനിടെ ഹെൽമറ്റ് ധരിച്ച് ബൈക്കിൽ എത്തിയ ഒരാൾ പെൺകുട്ടിയെ കൊണ്ടുപോയതായും പൊലിസിനോട് പറഞ്ഞു.
പരസ്പര വിരുദ്ധമായ മൊഴികൾ കുഴക്കിയെങ്കിലും പൊലിസ് വിദ്യാർഥിയെ നിരീക്ഷണത്തിലാക്കിയിരുന്നു. പെൺകുട്ടിയുടെ മാതാവും ബന്ധുക്കളും ഇന്നലെ കാലത്ത് 16 കാരൻ്റെ വീട്ടിലെത്തിയപ്പോഴും ഇക്കഥ ആവർത്തിക്കുകയായിരുന്നു. പിന്നീട് പൊലിസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം സമ്മതിച്ചത്. ഇതോടെ 16 കാരനെയും കൊണ്ട് പൊലിസ് തൊടികപുലത്തെത്തിയപ്പോൾ മൃതദേഹം കാണിച്ചു കൊടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."