ചെയർമാനെ നിലനിർത്തി വഖ്ഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാർ
കൊച്ചി: പുതിയ വഖ്ഫ് നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന വഖ്ഫ് ബോർഡ് ഉടൻ പുനഃസംഘടിപ്പിക്കാൻ സർക്കാർ നീക്കം. നിലവിലെ ചെയർമാൻ അഡ്വ എം.കെ സക്കീറിനെ നിലനിലർത്തി കമ്മിറ്റി പൂർണമായി പുനഃസംഘടിപ്പിക്കാനാണ് ആലോചന. കേന്ദ്രനിയമത്തിന്റ അടിസ്ഥാനത്തിൽ രണ്ട് അമുസ്്‌ലിം അംഗങ്ങളെ കൂടി ഉൾപ്പെടുത്തുകയും വേണം.
വഖ്ഫ് നിയമഭേദഗതി അനുസരിച്ച് രാജ്യത്ത് ആദ്യമായി തമിഴ്‌നാട്ടിലാണ് ബോർഡ് പുനഃസംഘടിപ്പിച്ചത്. എന്നാൽ മുസ്്‌ലിം അല്ലാത്ത രണ്ട് പേരെ ഉൾപ്പെടുത്താതെ ഭാഗികമായി നടത്തിയ പുനഃസംഘടന മദ്രാസ് ഹൈക്കോടതി റദ്ദാക്കുകയും വഖ്ഫ് ബോർഡിന്റെ പ്രവർത്തനം പൂർണമായി നിർത്തിവയ്ക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. കേരള വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ട ഹരജിയിൽ കേരള ഹൈക്കോടതി പുനഃസംഘന സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് നിലപാട് ആവശ്യപ്പെട്ടിരുന്നു. ജനുവരി 20ന് വീണ്ടും ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ പുനഃസംഘടനയുടെ കാര്യത്തിൽ കേരള സർക്കാർ തീരുമാനം അറിയിക്കേണ്ടതുണ്ട്.
ഈ സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ എടുക്കുന്നത്. തമിഴ്‌നാട് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ, രണ്ട് അമുസ്്‌ലിം പ്രതിനിധികളെ ഉൾപ്പെടുത്തി ചെയർമാൻ ഉൾപ്പെടെയുള്ള 11 അംഗങ്ങളെ സർക്കാർ നാമനിർദേശം ചെയ്ത് ഉത്തരവ് ഇറക്കണം. ചെയർമാൻ കൂടാതെ എം.പി, എം.എൽ.എ, ബാർ കൗൺസിൽ അംഗം, ജോയിന്റ് സെക്രട്ടറി പദവിയിൽ കുറയാത്ത സർക്കാർ ഉദ്യോഗസ്ഥൻ, മുതവല്ലി പ്രതിനിധി, പണ്ഡിതൻ എന്നിങ്ങനെ ഓരോരുത്തരും തദ്ദേശ ജനപ്രതിനിധികളിൽ നിന്നും വിവിധ പ്രൊഫഷനൽ മേഖലകളിൽ നിന്നും രണ്ട് വീതം പ്രതിനിധികളുമാണ് വേണ്ടത്.
ഇതിൽ മുതവല്ലി, പണ്ഡിതൻ, തദ്ദേശ ജനപ്രതിനിധികൾ എന്നിവരിൽ രണ്ട് പേർ വനിതകളായിരിക്കണമെന്നും നിർബന്ധമുണ്ട്. മുമ്പ് മുതവല്ലിമാരിൽ നിന്ന് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് പേർക്ക് ബോർഡ് അംഗങ്ങളാകാമായിരുന്നു. പുതിയ നിയമപ്രകാരം എല്ലാവരെയും സർക്കാർ നാമനിർദേശം ചെയ്യുകയാണ്. ബോർഡിന്റെ പുനഃസംഘടന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി നടത്താനാണ് സർക്കാർ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."