കൊച്ചിക്ക് പിന്നാലെ പൊന്നാനിയും: ആയിരം കോടിയുടെ കപ്പൽ നിർമ്മാണശാലയ്ക്ക് ഉടൻ തുടക്കമാകും
പൊന്നാനി: കേരളത്തിന്റെ സമുദ്രവ്യാപാര ഭൂപടത്തിൽ ചരിത്രപരമായ ഒരു മാറ്റത്തിന് പൊന്നാനി ഒരുങ്ങുന്നു. കൊച്ചി കപ്പൽശാല കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ കേന്ദ്രമായി പൊന്നാനിയെ മാറ്റുന്ന ബൃഹദ് പദ്ധതിക്ക് തുടക്കമാകുന്നു.
കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് (PPP) ഈ പദ്ധതി നടപ്പിലാക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി പൂർത്തിയാക്കാൻ വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതി പൊന്നാനിയുടെ മുഖച്ഛായ തന്നെ മാറ്റും. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 200 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഈ ഘട്ടത്തിൽ ചെറുകിട കപ്പലുകളുടെ നിർമ്മാണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കപ്പൽ നിർമ്മാണത്തിന് ആവശ്യമായ അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി പൊന്നാനി അഴിമുഖത്ത് അത്യാധുനിക രീതിയിലുള്ള വാർഫും നിർമ്മിക്കുന്നതാണ്. ഏഴ് മുതൽ പത്ത് വർഷത്തിനുള്ളിൽ പൂർത്തിയാക്കുന്ന രണ്ടാം ഘട്ടത്തിൽ 1000 കോടി രൂപയുടെ അധിക നിക്ഷേപം ഉറപ്പാക്കും. ഇതോടെ വൻകിട കപ്പലുകൾ നിർമ്മിക്കാനുള്ള ശേഷി പൊന്നാനി കൈവരിക്കും.
പദ്ധതി പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ നേരിട്ടും അല്ലാതെയും ആയിരത്തോളം പേർക്ക് തൊഴിൽ ലഭിക്കും. ഇത് മലബാർ മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ വലിയ സഹായമാകും. കപ്പൽ നിർമ്മാണ മേഖലയിൽ സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളെ വാർത്തെടുക്കുന്നതിനായി പദ്ധതിയുടെ ഭാഗമായി തന്നെ ഒരു അത്യാധുനിക പരിശീലന കേന്ദ്രവും പൊന്നാനിയിൽ ആരംഭിക്കുന്നതാണ്.
കപ്പൽശാല സജീവമാകുന്നതോടെ പൊന്നാനി തുറമുഖം വഴിയുള്ള ചരക്ക് നീക്കത്തിൽ വൻ വർദ്ധനവുണ്ടാകും. ഇത് പ്രദേശത്തെ മറ്റ് അനുബന്ധ വ്യവസായങ്ങളുടെ വളർച്ചയ്ക്കും വഴിതുറക്കും. പൊന്നാനി ഫിഷിംഗ് ഹാർബറിന് പടിഞ്ഞാറ് വശത്തായി മാരിടൈം ബോർഡിന്റെ കൈവശമുള്ള 29 ഏക്കറോളം ഭൂമിയിലാണ് ഈ വ്യവസായ സമുച്ചയം ഉയരുന്നത്. പുലിമുട്ടിനോട് ചേർന്ന് പഴയ ജങ്കാർ ജെട്ടിക്ക് സമീപമുള്ള പ്രദേശമാണ് വാർഫിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി കണ്ടെത്തിയിരിക്കുന്നത്.
നിലവിൽ പദ്ധതി പ്രദേശത്തുള്ള മീൻ ചാപ്പകൾ ഹാർബറിന്റെ കിഴക്ക് ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഇതിനായി പ്രത്യേക സൗകര്യം ഒരുക്കും. പദ്ധതിയുടെ ടെൻഡർ നടപടികൾ ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ പദ്ധതിയുടെ ഔദ്യോഗിക കരാർ ഒപ്പിടൽ ചടങ്ങുകൾ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
പി. നന്ദകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ പൂർണ്ണ സഹകരണം ഉറപ്പാക്കിയാണ് വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ജനകീയ പങ്കാളിത്തം പദ്ധതിയുടെ വേഗത വർദ്ധിപ്പിക്കും.കപ്പൽ നിർമ്മാണശാല പൊന്നാനിയുടെയും മലപ്പുറം ജില്ലയുടെയും സാമൂഹിക-സാമ്പത്തിക രംഗങ്ങളിൽ വലിയ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്നും പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്നും പി. നന്ദകുമാർ എം.എൽ.എ അഭ്യർത്ഥിച്ചു.
Ponnani is gearing up for a historic transformation as it prepares to host Kerala's second-largest shipyard after Kochi. The ₹1,000-crore project, led by the Kerala Maritime Board under a Public-Private Partnership (PPP) model, will be developed in two phases across 29 acres.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."