പറിച്ചെറിയപ്പെടുന്ന കുരുന്നുകൾ; കുട്ടിക്കൾക്കെതിരെയായ കുറ്റകൃത്യങ്ങളിൽ ഓരോ വർഷവും വർധന
കോഴിക്കോട്: കരുതലും ലാളനയും സ്‌നേഹവും ആവോളം ലഭിക്കേണ്ട കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്ന കണക്കുകളാണ് ഓരോവർഷവും പുറത്തുവരുന്നത്. സംരക്ഷിക്കേണ്ടവർ തന്നെയാണ് പിഞ്ചുകുഞ്ഞുങ്ങളെ നുള്ളിയെറിയുന്നത്. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കു പ്രകാരം കുട്ടികൾക്കെതിരേയുള്ള കുറ്റകൃത്യങ്ങൾ കുത്തനെ വർധിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ശിശുഹത്യ ഉൾപ്പെടെ കുട്ടികളുടെ മരണങ്ങളുമായി ബന്ധപ്പെട്ട് 17കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പോക്‌സോ ആക്ട് പ്രകാരം 2088 കേസുകളും റിപ്പോർട്ട് ചെയ്തു.
തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് 120 കേസുകളും ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളും ആത്മഹത്യ പ്രേരണയ്ക്ക് മൂന്ന് കേസുകളും എടുത്തിരുന്നു. ഉപേക്ഷിച്ചതിന് ഒരുകേസും ശൈശവ വിവാഹ നിരോധന നിയമ പ്രകാരം ആറ് കേസുകളും ഈ കാലയളവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടികൾക്കെതിരായ മറ്റ് കുറ്റകൃത്യങ്ങളിൽ 2926 കേസുകളും പോയവർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞുങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കൂടുതലും പ്രതിസ്ഥാനത്തുള്ളത് അടുത്ത ബന്ധുക്കളോ പരിചയക്കാരോ അയൽക്കാരോ അധ്യാപകരോ സുഹൃത്തുക്കളോ ആണെന്നതാണ് ഞെട്ടിപ്പിക്കുന്നത്. ആൺ-പെൺ വ്യത്യാസമില്ലാതെയാണ് കുട്ടികൾ അതിക്രമങ്ങൾക്ക് ഇരയാകുന്നത്.
കുട്ടികളെ ഭീഷണിപ്പെടുത്തി തുടർച്ചയായി ലൈംഗികമായും ശാരീരികമായും ഉപദ്രവിക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കുടുംബബന്ധങ്ങളിലെ വിള്ളൽ, മദ്യം-മയക്കുമരുന്നുൾപ്പെടെയുള്ളവയുടെ ഉപയോഗം, മൊബൈൽ ഫോൺ ദുരുപയോഗം, പ്രണയം തുടങ്ങിയവയെല്ലാം സംഭവത്തിൽ വില്ലന്മാരാവുകയാണ്. പലപ്പോഴും സ്‌കൂളുകളിലെ കൗൺസിലിങ്ങിലാണ് കുട്ടികൾ കാര്യങ്ങൾ തുറന്നു പറയുന്നത്. ഇത്തരം അതിക്രമങ്ങൾ കുഞ്ഞുങ്ങളെ വലിയ മാനസിക പ്രതിസന്ധിയിലേക്കാണ് തള്ളി വിടുന്നത്. മാനസികാഘാതം സഹിക്കവയ്യാതെ പലകുട്ടികളും ജീവൻ അവസാനിപ്പിക്കുന്നതിലേക്ക് വരെ പലപ്പോഴും ഇത് എത്തുന്നു. അതിനാൽ ഇക്കാര്യത്തിൽ ശക്തമായ ബോധവത്ക്കരണവും സാമൂഹിക ഇടപെടലും ആവശ്യമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് പൊലിസും കുട്ടികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും.
| വർഷം | കേസുകളുടെ എണ്ണം |
| 2020 | 3941 |
| 2021 | 4536 |
| 2022 | 5640 |
| 2023 | 5903 |
| 2024 | 5140 |
| 2025 (നവംബർ വരെ ) | 5165 |
there is an increase in crimes against children every year in kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."