നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ മരണം: പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ; മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. കുട്ടിയുടെ ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി കുട്ടിയുടെ മാതാപിതാക്കളെ പൊലിസ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.
കവളാകുളം ഐക്കരവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷിജിലിന്റെയും കൃഷ്ണപ്രിയയുടെയും മകൻ ഇഹാൻ ആണ് മരിച്ചത്. ജനുവരി 16ന് രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. പിതാവ് വാങ്ങി നൽകിയ ബിസ്‌ക്കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെ കുഞ്ഞ് ബോധരഹിതനായി വീഴുകയായിരുന്നു എന്നാണ് മാതാപിതാക്കൾ ആദ്യം നൽകിയ മൊഴി.
എന്നാൽ, പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കുട്ടിയുടെ വയറ്റിനുള്ളിൽ ഗുരുതരമായ ക്ഷതം കണ്ടെത്തിയിട്ടുണ്ട്. ഈ ആഘാതത്തെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കളിക്കിടയിലുണ്ടായ വീഴ്ചയാണോ അതോ ആരെങ്കിലും ബോധപൂർവ്വം ഉപദ്രവിച്ചതാണോ എന്ന കാര്യത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
മരണകാരണമായ വയറ്റിലെ ക്ഷതത്തിന് പുറമെ, കുട്ടിയുടെ കയ്യിൽ മൂന്നാഴ്ചയോളം പഴക്കമുള്ള ഒരു ഒടിവും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങളൊന്നും മാതാപിതാക്കൾ നേരത്തെ വെളിപ്പെടുത്തിയിരുന്നില്ല. ഈ പഴയ പരുക്കും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പുതിയ കണ്ടെത്തലുകളും മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയം ബലപ്പെടുത്തുകയാണ്.
ഭക്ഷണം കഴിച്ചതിന് പിന്നാലെ കുഞ്ഞിന്റെ വായിൽ നിന്ന് നുരയും പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്തിരുന്നു. ഉടൻ തന്നെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷണത്തിൽ എന്തെങ്കിലും വിഷാംശം കലർന്നിട്ടുണ്ടോ എന്നറിയാൻ കുട്ടി കഴിച്ച ബിസ്‌ക്കറ്റിന്റെയും മുന്തിരിയുടെയും സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
മാതാപിതാക്കൾ തമ്മിലുള്ള അസ്വാരസ്യങ്ങളും പൊലിസ് അന്വേഷിച്ചു വരുന്നു. ഷിജിലും കൃഷ്ണപ്രിയയും കഴിഞ്ഞ മൂന്ന് മാസത്തോളമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. അടുത്ത കാലത്താണ് ബന്ധുക്കൾ ഇടപെട്ട് ഇവരെ വീണ്ടും ഒരുമിപ്പിച്ചത്. ഈ സാഹചര്യത്തിൽ കുടുംബ പശ്ചാത്തലവും കുട്ടിയോടുള്ള ഇവരുടെ പെരുമാറ്റവും പൊലിസ് വിശദമായി പരിശോധിക്കുന്നുണ്ട്.
നിലവിൽ നെയ്യാറ്റിൻകര പൊലിസ് അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കൊലപാതക സാധ്യതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചു വരികയാണ്. മാതാപിതാക്കളുടെ മൊഴികളിലെ വൈരുദ്ധ്യങ്ങൾ കണ്ടെത്താനാണ് അടുത്ത ഘട്ടത്തിൽ ശ്രമിക്കുന്നത്.
ഫോറൻസിക് പരിശോധനാ ഫലവും വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ലഭിച്ചാലുടൻ കേസിൽ നിർണ്ണായകമായ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. ഒരു വയസ്സുകാരന്റെ അപ്രതീക്ഷിത മരണം നാടിനെ നടുക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Police are investigating the suspicious death of a one-year-old boy named Ihaan in Neyyattinkara, Thiruvananthapuram. While the parents initially reported that the child collapsed after eating biscuits and grapes, a preliminary autopsy revealed internal abdominal injuries and bleeding as the likely cause of death.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."