യു.പി.എ സര്‍ക്കാരിന്റെ കാലത്തെ വിമാന ഇടപാടില്‍ അഴിമതി
ന്യൂഡല്‍ഹി: ബ്രസീലിയന്‍ വിമാനിര്‍മാണ കമ്പനിയായ എംബ്രയറുമായി 2008ല്‍ നടന്ന കോടികളുടെ ജെറ്റ് വിമാന ഇടപാടില്‍ അഴിമതി നടന്നതായി ആരോപണം. 208 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ (ഏകദേശം 1391 കോടി രൂപ) ചെലവില്‍ എംബ്രയറില്‍ നിന്ന് മൂന്നു ജെറ്റ് വിമാനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം.
ബ്രസീലിയന്‍ പത്രം ഫൊള്ള ഡി.സാവോപോളോയാണ് ഇടപാടില്‍ അഴിമതി നടന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയുമായി ഇടപാടു നടത്തുന്നതിന് ഇടനിലക്കാരന്‍ വന്‍തുക കമ്മിഷന്‍ വാങ്ങിയതായാണു പത്രത്തിന്റെ ആരോപണം. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇടപാടുകാരനാണ് കമ്മിഷന്‍ പറ്റിയതെന്നു പത്രം പറയുന്നുണ്ടെങ്കിലും പേരു വെളിപ്പെടുത്തിയിട്ടില്ല.
ഡൊമിനിക്കന്‍ റിപ്പബ്ലിക്കുമായി കമ്പനി നടത്തിയ ആയുധകരാറില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് അഴിമതി പുറത്തുവന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപാടിന് 23 കോടി രൂപയോളം കൈക്കൂലി വാങ്ങിയതിന് അവിടുത്തെ മുന്‍ പ്രതിരോധമന്ത്രിയെയും മൂന്ന് ഉദ്യോഗസ്ഥരെയും അറസ്റ്റ്‌ചെയ്തിരുന്നു.
ഇന്ത്യയുമായുള്ള ഇടപാടിലും ക്രമക്കേട് നടന്നെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ബ്രസീലും അമരിക്കയും അന്വേഷണം തുടങ്ങി. ഇന്ത്യയിലേയും സഊദി അറേബ്യയിലേയും കരാറുകള്‍ സ്വന്തമാക്കാന്‍ കമ്പനി കൈക്കൂലി നല്‍കിയെന്ന ആരോപണമാണ് അമേരിക്കയും ബ്രസീലും അന്വേഷിക്കുന്നത്. അന്വേഷണം ഇന്ത്യയിലേക്കും സഊദിയിലേക്കും വ്യാപിപ്പിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ് വംശജനായ ഒരു ആയുധ ഇടനിലക്കാരന്‍ കാരറില്‍ മധ്യസ്ഥനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ അന്വേഷണ ഏജന്‍സികളോട് വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.
സംഭവത്തില്‍ എംബ്രയറിനോട് ഇന്ത്യയുടെ പ്രതിരോധ ഗവേഷണകേന്ദ്രം (ഡി.ആര്‍.ഡി.ഒ) വിശദീകരണം തേടിയിട്ടുണ്ട്. എംബ്രയറില്‍ നിന്നു വിവരങ്ങള്‍ ലഭിച്ചതിനു ശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്നു പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഡി.ആര്‍.ഡി.ഒ, കമ്പനിയോട് പ്രാഥമിക റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ കരാര്‍ നടന്ന സമയത്ത് ഡി.ആര്‍.ഡി.ഒയുടെ തലവനായിരുന്ന എസ്. ക്രിസ്റ്റഫര്‍ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല.
ആകാശനിരീക്ഷണത്തിനായി മൂന്ന് അത്യാധുനിക റഡാറുകള്‍ സ്ഥാപിക്കാനായി മൂന്ന് വിമാനങ്ങള്‍ വാങ്ങാനുള്ള കരാറാണ് ഡി.ആര്‍.ഡി.ഒയും എംബ്രയര്‍ കമ്പനിയും തമ്മില്‍ ഒപ്പിട്ടത്. ഇതുപ്രകാരം മൂന്നുവിമാനങ്ങള്‍ ഇന്ത്യയ്ക്കു കൈമാറുകയും അതിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഡി.ആര്‍.ഡി.ഒയില്‍ പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. ഇവ അടുത്ത ഡിസംബറോടെ വ്യോമസേന ഏറ്റെടുക്കാനിരിക്കെയാണ് അഴിമതി വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. 2010 മുതല്‍ എംബ്രയര്‍ കമ്പനി അമേരിക്കന്‍ നീതിന്യായവകുപ്പിന്റെ നിരീക്ഷണത്തിലാണ്. കരാറുകള്‍ ഉറപ്പാക്കാന്‍ എംബ്രയര്‍ കമ്പനി കൈക്കൂലി നല്‍കിയെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് യു.എസ്സിന്റെ നടപടി.
ജെറ്റ് വിമാന ഇടപാട്
2008ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് എ.കെ. ആന്റണി പ്രതിരോധമന്ത്രിയായിരിക്കെയാണ് ഇടപാട് നടന്നത്. 2011 കരാര്‍ പ്രകാരമുള്ള ആദ്യ വിമാനം കൈമാറിക്കഴിഞ്ഞു. ഇന്ത്യ 208 ദശലക്ഷം ഡോളറിന് വാങ്ങിയ അതേ വിമാനങ്ങള്‍ ഡൊമനിക്കന്‍ റിപ്പബ്ലിക്ക് വാങ്ങിയത് 94 ദശലക്ഷം ഡോളറിനാണ്. ഇത്രയും സാമ്പത്തിക അന്തരം ഒരേ ഇടപാടിലുണ്ടായപ്പോള്‍ ഡൊമനിക്കന്‍ റിപ്പബ്ലിക്ക് സംശയം പ്രകടിപ്പിച്ചതാണ് അഴിമതി പുറത്തുവരാനിടയാക്കിയത്. അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡുമായുള്ള വി.വി.ഐ.പി ഹെലികോപ്ടര്‍ ഇടപാടില്‍ നടന്ന അഴിമതി യു.പി.എ സര്‍ക്കാരിനെ വേട്ടയാടിക്കൊണ്ടിരിക്കെയാണ് സമാന ആരോപണം ഉയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."