ദേശീയപാത അതോറിറ്റി പത്തുവർഷം കടമെടുത്തത് 3.74 ലക്ഷം കോടി; മസാലബോണ്ടുവഴി 3000 കോടി
കൊച്ചി: കിഫ്ബിയുടെ മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരേ ഇ.ഡി നോട്ടിസ് നൽകിയതിനു പിന്നാലെ കേന്ദ്രസർക്കാരിനെ വെട്ടിലാക്കി വിവരാവകാശ രേഖ. മസാലബോണ്ട് വഴി ദേശീയപാത അതോറിറ്റി മൂവായിരം കോടി രൂപ സമാഹരിച്ചെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 2017 മേയിൽ മസാലബോണ്ട് വഴി കണ്ടെത്തിയ തുക അഞ്ച് വർഷത്തിനുശേഷം 2022 മേയിൽ റെഡീം ചെയ്തെന്നും രേഖകൾ വ്യക്തമാക്കുന്നു.
ഈ കാലയളവിൽ അതോറിറ്റി വിവിധ പ്രവർത്തനങ്ങൾക്കായി കടം വാങ്ങിയ തുകയുടെ വിശദാംശങ്ങളാണ് രാജു വാഴക്കാലയുടെ വിവരാവകാശ അപേക്ഷയിൽ ദേശീയപാത അതോറിറ്റി വ്യക്തമാക്കിയത്. 3,74,161 കോടി രൂപ കടമെടുത്തതായാണ് കണക്കുകൾ. ഇതിൽ 2019-2020 വർഷമാണ് കൂടുതൽ പണം കടമെടുത്തത്. 74,986 കോടി രൂപ. 2022-23 വർഷമാണ് കുറവ്. 797 കോടി രൂപ. അതേസമയം, രണ്ട് സാമ്പത്തികവർഷവും കടമെടുത്തിട്ടില്ലെന്നും രേഖ വ്യക്തമാക്കുന്നു.
ദേശീയപാത വികസനത്തിന് വേണ്ടി ലക്ഷക്കണക്കിന് കോടി രൂപയാണ് ഇപ്പോൾ ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. സ്ഥലമെടുപ്പ്, റോഡ് നിർമാണം തുടങ്ങിയ ഇനങ്ങളിലാണ് പണം ചെലവഴിക്കുന്നത്. ഇതിന് ഫണ്ട് കണ്ടെത്തുന്നതിനാണ് വൻതോതിൽ കടമെടുപ്പ് നടത്തുന്നത്. വിവിധ ഭാഗങ്ങളിൽ ദേശീയപാത നിർമാണം പൂർത്തിയായതോടെ ടോൾ ഇനത്തിൽ വൻ തുകയും ലഭിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."