പി.എസ്.സിയുടെ വാതിലടച്ചു; 1930 തസ്തികകളിൽ എംപ്ലോയ്മെൻ്റ് നിയമനത്തിന് കെ.എസ്.ആർ.ടി.സി
തിരുനാവായ: പി.എസ്.സിയുടെ വാതിൽ കൊട്ടിയടച്ച്, 1930 തസ്തികകളിൽ എംപ്ലോയ്മെൻ്റ് നിയമനത്തിന് ഒരുങ്ങി കെ.എസ്.ആർ.ടി.സി. പതിനായിരങ്ങൾ നിയമനങ്ങൾക്ക് ശ്രമിക്കവേയാണ് വീണ്ടും താൽക്കാലിക നിയമനത്തിന് ഒരുങ്ങുന്നത്.
നിലവിൽ നിയമനപ്രശ്നത്തിൽ കോടതിയിൽ കേസ് നിലനില്ക്കേയാണ് ദിവസവേതന വ്യവസ്‌ഥയിൽ ഡ്രൈവർ കം കണ്ടക്ടർ, കണ്ടക്‌ടർ തസ്‌തികകളിൽ നിയമനം നടത്താനായി എംപ്ലോയ്മെൻ്റ് ഡയരക്ടറോട് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി കത്തു നൽകിയിട്ടുള്ളത്.
ഡ്രൈവർ കം കണ്ടക്ടറുടെ 800, കണ്ടക്‌ടറുടെ 1,130 ഒഴിവിലാണു താൽക്കാലിക നിയമനം നടത്താനൊരുങ്ങുന്നത്. എത്രമാസത്തേക്കാണെന്നുവ്യക്തമാക്കിയിട്ടില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങൾ പരമാവധി ആറ് മാസത്തേക്കാണെങ്കിലും, കെ.എസ്.ആർ.ടി.സിയിൽ നിയമനം നേടുന്നവർ വർഷങ്ങളോളം തുടരുന്നതാണ് പതിവ്. ഇവിടെ സ്ഥിരനിയമനം നടന്നിട്ട് ഒമ്പത് വർഷം പിന്നിട്ടിരിക്കുകയാണ്. റിസർവ് കണ്ടക്ടർ, റിസർവ് ഡ്രൈവർ തസ്‌തികകളിലായിരുന്നു കൂടുതൽ നിയമനം നടന്നിരുന്നത്. റിസർവ് കണ്ടക്‌ടർ തസ്‌തികയിൽ 2016 ഡിസംബർ 31നാണ് അവസാനമായി നിയമനശുപാർശ നടന്നത്.
റിസർവ് ഡ്രൈവർ തസ്‌തികയിൽ 2017ഓഗസ്റ്റ് എട്ടിനായിരുന്നു അവസാന നിയമന ശുപാർശ. റിസർവ് ഡ്രൈവർ തസ്‌തികയിലേക്ക് പിന്നീട് ഒരു വിജ്‌ഞാപനം കൂടി പ്രസിദ്ധീകരിച്ച് ഷോർട്ട് ലിസ്റ്റ് വന്നെങ്കിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല. തുടർന്ന് താൽക്കാലിക നിയമനമാണ് ഇവിടെ നടക്കുന്നത്.
2013ൽ 38,000 ജീവനക്കാരാണു കെ.എസ്.ആർ.ടി.സിയിൽ ഉണ്ടായിരുന്നത്. 2025ൽ 22,000 ആയി കുറഞ്ഞു. മൂന്ന് വർഷത്തിനിടെ അയ്യായിരത്തോളം പേർ വിരമിച്ചു. കൂടുതൽ പേർ വിരമിച്ചത് ഡ്രൈവർ, കണ്ടക്ടർ തസ്തിക കളിൽ നിന്നാണ്. മിനിസ്‌റ്റീരിയൽ, മെക്കാനിക്കൽ വിഭാഗത്തിലും ധാരാളം പേർ വിരമിച്ചു. മേയ് 31ന് ആയിരത്തിലധികം ജീവനക്കാരാണു വിരമിക്കുന്നത്. ജീവനക്കാരുടെ കുറവ് ബാധിക്കാതിരിക്കാൻ സർവിസ് വെട്ടിക്കുറയ്ക്കൽ എന്ന കുറുക്കുവഴിയാണ് കെ.എസ്.ആർ.ടി.സി സ്വീകരിച്ചിരുന്നത്. ഇപ്പോൾ പരമാവധി സർവിസുകൾ ഓപ്പറേറ്റ് ചെയ്യാൻ തീരുമാനിച്ചതിലൂടെയാണു കൂടുതൽ ജീവനക്കാരുടെ ആവശ്യം വന്നതും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കാൻ വഴി തേടുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."