വിവാഹം കഴിഞ്ഞ് വെറും രണ്ടു മാസം: ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി
അഹമ്മദാബാദ്: ഗുജറാത്തിൽ നവവധുവിനെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് വെടിവെച്ചുകൊന്ന ശേഷം യുവാവ് സ്വയം വെടിയുതിർത്ത് ജീവനോടുക്കി. മാരിടൈം ബോർഡ് ഉദ്യോഗസ്ഥനായ യഷ്‌രാജ്‌സിങ് ഗോഹിൽ (28) ആണ് ഭാര്യ രാജേശ്വരിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. അഹമ്മദാബാദിലെ ഇവരുടെ അപ്പാർട്ട്മെന്റിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
സംഭവം ഇങ്ങനെ:
തർക്കവും വെടിവെപ്പും:
ബുധനാഴ്ച രാത്രി ദമ്പതിമാർ തമ്മിൽ രൂക്ഷമായ വാക്ക് തർക്കമുണ്ടായതായി പൊലിസ് പറയുന്നു. ഇതിനിടെ യഷ്‌രാജ്‌സിങ് തന്റെ കൈവശമുണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ച് രാജേശ്വരിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ആശുപത്രിയിലെത്തിക്കാൻ ശ്രമം:
വെടിയേറ്റ ഭാര്യയെ രക്ഷിക്കാനായി യഷ്‌രാജ് തന്നെ 108 ആംബുലൻസ് വിളിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും രാജേശ്വരിയുടെ മരണം സ്ഥിരീകരിച്ചു.
ആത്മഹത്യ:
ഭാര്യ മരിച്ച വിവരം അറിഞ്ഞതിന് പിന്നാലെ അപ്പാർട്ട്മെന്റിലെ മറ്റൊരു മുറിയിൽ കയറി യഷ്‌രാജ് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.
അബദ്ധത്തിൽ സംഭവിച്ചതെന്ന് ബന്ധുക്കൾ
ഗുജറാത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും രാജ്യസഭാ എംപിയുമായ ശക്തിസിങ് ഗോഹിലിന്റെ അനന്തരവനാണ് യഷ്‌രാജ്‌സിങ്. എന്നാൽ ഇത് കൊലപാതകമല്ലെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നുമാണ് ബന്ധുക്കളുടെ വാദം. യഷ്‌രാജിന് തോക്ക് ഉപയോഗിച്ച് കളിക്കുന്ന സ്വഭാവമുണ്ടായിരുന്നുവെന്നും, അബദ്ധത്തിൽ വെടിപൊട്ടി ഭാര്യ മരിച്ചപ്പോൾ ഉണ്ടായ മാനസിക വിഷമത്തിൽ യഷ്‌രാജ് ജീവനൊടുക്കിയെന്നുമാണ് കുടുംബം അവകാശപ്പെടുന്നത്.
അന്വേഷണം ഊർജിതം
രണ്ട് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. അടുത്ത കാലത്താണ് യഷ്‌രാജ് മാരിടൈം ബോർഡിൽ ജോലിയിൽ പ്രവേശിച്ചത്. യുപിഎസ്‌സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലുമായിരുന്നു. വിദേശയാത്രയ്ക്ക് ഉൾപ്പെടെ തയ്യാറെടുത്തിരുന്ന ദമ്പതികൾക്കിടയിൽ പെട്ടെന്നുണ്ടായ പ്രകോപനം എന്താണെന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്. തോക്കിന്റെ ലൈസൻസ്, 108-ലേക്ക് വിളിച്ച കോൾ റെക്കോർഡുകൾ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."