കൈകൂപ്പി അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ല; മണിപ്പൂരിൽ മെയ്തി യുവാവിനെ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നു
ഇംഫാൽ: ഒരിടവേളയ്ക്കു ശേഷം വീണ്ടും സംഘർഷം പടരുന്ന മണിപ്പൂരിൽ യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നു. മെയ്തി വിഭാഗത്തിൽപെട്ട യുവാവിനെ വെടിവച്ചുകൊല്ലുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ചു. ചുരാചന്ദ്പൂർ ജില്ലയിലാണ് രാജ്യത്തെ നടുക്കിയ ക്രൂരസംഭവം. തുയിബോങ് പ്രദേശത്തെ മായംഗ്ലംബം ഋഷികാന്ത സിങ് (38) ആണ് കൊല്ലപ്പെട്ടത്. കൃത്യത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. യുവാവിനെ അക്രമികൾ വളയുന്നതും വെടിയുതിർക്കും മുമ്പ് കൈകൂപ്പിനിന്ന് കൊല്ലരുതേയെന്ന് ഇയാൾ യാചിക്കുന്നതും തൊട്ടുപിന്നാലെ ഇയാൾ വെടിയേറ്റ് വീഴുന്നതുമായ നടുക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. സംഭവത്തിൽ പൊലിസ് സ്വമേധായ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഇയാളുടെ ഭാര്യ കുക്കിവിഭാഗത്തിൽപ്പെട്ട യുവതിയാണ്. ബുധനാഴ്ച രാത്രിയാണ് ഋഷികാന്ത സിങ്ങിനെ ഭാര്യയ്‌ക്കൊപ്പം വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇയാളെ വെടിവച്ചുകൊല്ലുകയും ഭാര്യയെ വിട്ടയക്കുകയുമായിരുന്നു. പുലർച്ചെയോടെ നട്ജാങ് ഗ്രാമത്തിൽനിന്ന് കണ്ടെടുത്ത മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നേപ്പാളിൽ ജോലി ചെയ്തിരുന്ന ഇയാൾ മൂന്ന് ദിവസം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇരുവിഭാഗങ്ങൾക്കിടയിലുമുള്ള അകലം കൂട്ടിയ വംശീയകലാപത്തിനിടെ ഒന്നിച്ചു താമസിക്കാൻ കുക്കി വിഭാഗക്കാർ ദമ്പതികളെ അനുവദിച്ചിരുന്നു. വിവാഹശേഷം 'ഗിൻമിൻതാങ്' എന്ന ഗോത്രനാമവും ഇദ്ദേഹം സ്വീകരിച്ചു.
കുക്കികളാണ് സംഭവത്തിനു പിന്നിലെന്ന് ആരോപണമുണ്ടെങ്കിലും കുക്കി നാഷനൽ ഓർഗനൈസേഷൻ (കെ.എൻ.ഒ) ഇക്കാര്യം നിഷേധിച്ചു. സംഭവത്തിലോ അതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലോ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് കെ.എൻ.ഒ പ്രസ്താവനയിൽ പറഞ്ഞു. കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രദേശത്ത് ജനങ്ങൾ റോഡ് ഉപരോധിക്കുകയും ടയറുകൾ കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
മെയ്തി യുവാവ് കൊല്ലപ്പെട്ടത് സംസ്ഥാനത്ത് വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. വംശീയ കലാപത്തെ തുടർന്ന് 2025 ഫെബ്രുവരി മുതൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലനിൽക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."