കൊടികളും ബോർഡുകളും സ്ഥാപിക്കാനാണെങ്കിൽ നടപ്പാതകൾ അടച്ചു പൂട്ടുകയാണ് നല്ലത്; വിമർശനവുമായി ഹൈക്കോടതി
കൊച്ചി: കൊടികളും ബോർഡുകളും സ്ഥാപിക്കാൻ ആണെങ്കിൽ സംസ്ഥാനത്തെ നടപ്പാതകൾ അടച്ചുപൂട്ടുകയാണ് നല്ലതെന്ന് ഹൈക്കോടതി. തിരുവനന്തപുരം നഗരത്തിലെ നടപ്പാതകളിൽ അടക്കം നടക്കാൻ സാധിക്കാത്ത വിധത്തിൽ ബോർഡുകളും കൊടികളും സ്ഥാപിച്ചിരിക്കുകയാണെന്ന അമിക്കസ് ക്യൂരിയുടെ റിപ്പോർട്ട് പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം.
ഇതുപോലെയാണെങ്കിൽ ഇനി നടപ്പാതകൾ നിർമ്മിക്കേണ്ട ആവശ്യമില്ലെന്നും റോഡിൽ കാൽനട യാത്രക്കാരുടെ അവകാശങ്ങളെ കുറിച്ച് നിരന്തരം സംസാരിക്കുമ്പോഴാണ് നടപ്പാതകൾ ബോർഡുകളും മറ്റ് സാധനങ്ങൾ കൊണ്ടും നിറയുന്നതെന്നും കോടതി വ്യക്തമാക്കി. കോടതി ഉത്തരവുകൾ നിരന്തരം ലംഘിക്കപ്പെടുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും നവകേരളം കടലാസിൽ മാത്രം പോരായെന്നും സിസ്റ്റം പരാജയപ്പെടുകയാണ് ഇതിന്റെ അർത്ഥമെന്നും കോടതി വിമർശനം നടത്തി.
അതേസമയം കഴിഞ്ഞയാഴ്ച കൊച്ചിയിൽ ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചി കോർപ്പറേഷനോട് റിപ്പോർട്ട് തേടിയിരുന്നു. അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നത് കോടതി നേരത്തെ നിരോധിച്ചിരുന്നു. ഇത് തടയുന്നതിനായി തിരുവനന്തപുരം കോർപ്പറേഷൻ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച കോടതി സെക്രട്ടറിയോട് റിപ്പോർട്ട് തേടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."