ഗാസയിലെ ഇസ്‌റാഈല്‍ കൂട്ടക്കൊലക്ക് പിന്തുണ; ബൈഡന്റെ ഇഫ്താര്‍ സംഗമം ബഹിഷ്‌കരിച്ച് മുസ്‌ലിം നേതാക്കള്‍, പരിപാടി റദ്ദാക്കി
വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ ബൈഡന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന ഇഫ്താര്‍ വിരുന്ന് റദ്ദാക്കി. മുസ്‌ലിം നേതാക്കളുടെ ബഹിഷ്‌കരണത്തെ തുടര്‍ന്നാണ് പദ്ധതി റദ്ദാക്കേണ്ടി വന്നത്.ഗാസയില്‍ ഇസ്രാഈല്‍ നടത്തുന്ന കൂട്ടക്കുരുതിയെ പിന്തുണക്കുന്ന പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടില്‍ പ്രതിഷേധിച്ച് നിരവധി അമേരിക്കന്‍ മുസ്‌ലിം നേതാക്കള്‍ ക്ഷണം നിരസിച്ചതിനെ തുടര്‍ന്നാണ് ഇഫ്താര്‍ റദ്ദാക്കിയത്.
ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുസ്‌ലിം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ദേശീയ സുരക്ഷാ നേതാക്കള്‍ എന്നിവരുമായി നിരവധി മുസ്‌ലിം നേതാക്കള്‍ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു വൈറ്റ് ഹൗസ് അറിയിച്ചിരുന്നത്. എന്നാല്‍, തങ്ങള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ ഇഫ്താര്‍ റദ്ദാക്കുകയായിരുന്നു. ഇഫ്താറില്‍ പങ്കെടുക്കുന്നതിനെതിരെ മുസ്‌ലിം സമുദായത്തില്‍ നിന്ന് വലിയ സമ്മര്‍ദമാണ് നേതാക്കള്‍ക്ക് ഉണ്ടായിരുന്നത്.
ആദ്യം പോകാന്‍ സമ്മതിച്ച ക്ഷണിതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കേണ്ടതില്ലെന്ന് പിന്നീട് തീരുമാനിച്ചതിനാല്‍ ഇഫ്താര്‍ ഒഴിവാക്കുകയായിരുന്നുവെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ എഡ്വേര്‍ഡ് അഹമ്മദ് മിച്ചല്‍ പറഞ്ഞു. ഗസ്സയിലെ ഫലസ്തീന്‍ ജനതയെ പട്ടിണിക്കിടാനും കൂട്ടക്കൊല ചെയ്യാനും ഇസ്‌റാഈല്‍ സര്‍ക്കാറിനെ പിന്തുണക്കുന്നത് വൈറ്റ് ഹൗസാണ്.
അവരുടെ കൂടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് ഭക്ഷണം കഴിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അമേരിക്കയിലെ മുസ്ലിം സമൂഹം മുന്നറിയിപ്പ് നല്‍കിയിരുന്നതായും അഹമ്മദ് വ്യക്തമാക്കി. അതേസമയം, വൈറ്റ് ഹൗസിന് പുറത്ത് ലഫായെറ്റ് പാര്‍ക്കില്‍ ചൊവ്വാഴ്ച വൈകുന്നേരം പ്രതിഷേധക്കാര്‍ സ്വന്തം രീതില്‍ ഇഫ്താര്‍ ഒരുക്കി.ഇഫ്താര്‍ റദ്ദാക്കിയെങ്കിലും മുസ്‌ലിം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം ഭക്ഷണം നല്‍കുമെന്നും ഏതാനും മുസ്‌ലിം നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും മുസ്ലീം സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരീന്‍ ജീന്‍ പിയറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."