തവനൂരിലേക്കില്ല; സിറ്റിംഗ് സീറ്റ് വിട്ട് കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അറിയിച്ച കെ.ടി ജലീൽ എംഎൽഎ, മത്സര രംഗത്തേക്ക് തിരിച്ചെത്തുമെന്ന് സൂചന. ജലീൽ മത്സരിക്കണമെന്ന് പാർട്ടിക്കുള്ളിൽ തന്നെ ആവശ്യം ഉയരുന്ന സാഹചര്യത്തിൽ ജലീൽ മത്സരത്തിന് സന്നദ്ധത അറിയിച്ചതായാണ് ലഭ്യമായ വിവരം. എന്നാൽ സിറ്റിംഗ് സീറ്റായ തവനൂരിന് പകരം സമീപത്തെ മണ്ഡലമായ പൊന്നാനിയിൽ മത്സരിക്കാനാണ് ജലീൽ സന്നദ്ധത അറിയിച്ചത്.
മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന 2011, 2016, 2021 തെരഞ്ഞെടുപ്പുകളിൽ കെ.ടി ജലീൽ വിജയിച്ച മണ്ഡലമാണ് തവനൂർ. കഴിഞ്ഞ തവണ ഭൂരിപക്ഷം കുറഞ്ഞിരുന്നു. കോൺഗ്രസിനോട് നേരിട്ട് ഏറ്റുമുട്ടുന്ന മലപ്പുറം ജില്ലയിലെ ചുരുക്കം സീറ്റുകളിൽ ഒന്നുമാണ് തവനൂർ. എന്നാൽ, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയും നാലാം തവണയും എത്തുമ്പോൾ ജനസമ്മിതിയിൽ ഉണ്ടാകുന്ന കുറവുമാണ് ജലീലിനെ മണ്ഡലം വിടാൻ പ്രേരിപ്പിക്കുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും ഇത്തവണ എൽഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. യുഡിഎഫിനും വലിയ സാധ്യത ഉള്ള മണ്ഡലമാണ് തവനൂർ. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതം നോക്കിയാൽ മത്സരിച്ചാൽ ജലീലിന് തോൽവിയ്ക്ക് സാധ്യത കൂടുതലാണ്. ഇതിന് പുറമെ ഭരണ വിരുദ്ധ വികാരം കൂടി ഉണ്ടായാൽ കരിയറിലെ അഞ്ചാം തവണത്തെ മത്സരത്തിൽ തോറ്റ് പടിയിറങ്ങേണ്ടിവരും. ഇതെല്ലാം മുന്നിൽ കണ്ടാണ് മത്സരിക്കാൻ ഇല്ലെന്ന് അറിയിച്ചത്.
എന്നാൽ, എൽഡിഎഫിന് വ്യക്തമായ ആധിപത്യമുള്ള മണ്ഡലമാണ് പൊന്നാനി. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ ഇവിടെ എൽഡിഎഫ് ശക്തമാണ്. അതിനാൽ തന്നെ ഇവിടെ മത്സരിച്ചാൽ ജലീലിന് വിജയ സാധ്യത വളരെ കൂടുതലാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തെ തുടർന്ന് ഉണ്ടായ വിഭാഗീയത നിലനിൽക്കുന്ന മണ്ഡലം കൂടിയാണ് പൊന്നാനി. എന്നാൽ ജലീൽ എത്തിയാൽ ഇരുപക്ഷവും പിന്തുണച്ചേക്കും.
ഇതിനിടെ, പെരിന്തൽമണ്ണ മണ്ഡലവുമായി ബന്ധപ്പെട്ടും കെ.ടി ജലീലിന്റെ പേര് ഉയർന്നിരുന്നു. മുസ്‌ലിം ലീഗിന്റെ നജീബ് കാന്തപുരത്തിനെതിരെ മത്സരിക്കുമെന്ന തരത്തിലാണ് റിപ്പോർട്ടുകൾ ഉണ്ടായത്. എന്നാൽ ഇത് തള്ളി ജലീൽ തന്നെ രംഗത്ത് വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."