In Depth Story: ഇന്ത്യയിലെ ആദ്യ ഭീകരാക്രമണം നടന്ന ജനുവരി 30: മാതാപിതാക്കള്‍ പെണ്‍കുട്ടിയായി വളര്‍ത്തിയ ഗോഡ്‌സെ എങ്ങിനെ തീവ്രഹിന്ദുത്വയുടെ മുഖമായി?
1948 ജനുവരി 30.
സമയം വൈകിട്ട് 5 മണി കഴിഞ്ഞ് 5 മിനുറ്റുകള്‍ കൂടി പിന്നിട്ടിരിക്കുന്നു.
ഡല്‍ഹിയിലെ ബിര്‍ള ഹൗസില്‍ പ്രാര്‍ത്ഥന ചടങ്ങിന് വേണ്ടി പുല്‍ തകിടിലൂടെ നടക്കുന്ന മഹാത്മാഗാന്ധിയുടെ അരികിലേക്ക് ഗോഡ്‌സെ പതിയെ നടന്നെത്തി. കഴിഞ്ഞ രണ്ട് തവണത്തേത് പോലെ ഇത്തവണയും ലക്ഷ്യം നേടാതെ മടങ്ങരുതെന്നൊരു വാശി ഗോഡ്‌സെയുടെ മനസ്സിലൂടെ കടന്ന് പോയിരിക്കണം. കഴിഞ്ഞ രണ്ട് തവണയും തന്നെ കൊല്ലാന്‍ ശ്രമിച്ച യുവാവിന് മാപ്പ് കൊടുത്ത ഗാന്ധി മൂന്നാമത്തെ ശ്രമത്തിനായി തന്നിലേക്ക് നടന്ന് വരുന്ന ഗോഡ്‌സെയെന്ന യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ടാവുമോ? അറിയില്ല.
എന്ത് തന്നെയായാലും ഗോഡ്‌സെ, ഗാന്ധിയുടെ അരികിലെത്തി. ബഹുമാനത്തോടെ കൈ കൂപ്പി നിന്ന് തല താഴ്ത്തി 'നമസ്‌തേ ബാപ്പു' എന്ന് അഭിസംബോധനം ചെയ്തു. ശേഷം മിന്നല്‍ വേഗത്തില്‍ ഗോഡ്‌സെയുടെ കയ്യിലുണ്ടായിരുന്ന ബെറേട്ട എം.1934 സെമി പിസ്റ്റളില്‍ നിന്ന് മൂന്ന് വെടിയുണ്ടകള്‍ ഗാന്ധിജിയുടെ നെഞ്ചിലേക്ക് തുളച്ച് കയറി. അന്നേരം ഗോഡ്‌സെയുടെ കണ്ണുകളില്‍ എളുപ്പത്തില്‍ ലക്ഷ്യം നേടിയെടുത്ത നിര്‍വൃതി കാണാന്‍ കഴിഞ്ഞു എന്ന് പിന്നീട് ഗോഡ്‌സയെ പിടികൂടിയ ഹെര്‍ബര്‍ട്ട് റെയ്‌നര്‍ ജൂനിയര്‍ ഓര്‍ത്തെടുക്കുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ, സഹനത്തിന്റെ, അഹിംസയുടെ പ്രതീകമായ വലിയ മനുഷ്യന്‍ ഭൂമിയിലേക്ക് വീണ. അതേ, മഹാത്മ ഗാന്ധി കൊല്ലപ്പെട്ടു. തീവ്ര ഹിന്ദുത്വവാദിയായ, അക്രമാസക്ത ഹിന്ദുത്വയുടെ മുഖമായ നാഥൂറാം വിനായക് ഗോഡ്‌സെ, അഹിംസയുടെ പ്രവാചകനായ ഗാന്ധിയെ കൊലപ്പെടുത്തിയിരിക്കുന്നു.
ഗോഡ്‌സെയുടെ കുട്ടി കാലം
എല്ലാ 'ഭീകരവാദികളും' മുസ്ലിംകളാണ് എന്ന് ധരിച്ചു വെച്ചിട്ടുള്ള ഇന്ത്യ രാജ്യത്തെ ആദ്യ ഭീകര ആക്രമണമായി കണക്കാക്കാവുന്ന ഗാന്ധി വധത്തിലെ മുഖ്യ പ്രതിയായ നാഥുറാം വിനായക്‌റാവു ഗോഡ്‌സെ ജനിക്കുന്നത് മഹാരാഷ്ട്രയിലെ ചിട്ട്പവന്‍ ബ്രാഹ്മണ കുടുംബത്തിലാണ്.
പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥനായ വിനായക് വമന്റാവു ഗോഡ്‌സെയുടെയും, ലക്ഷ്മിയുടെയും മകനായി 1910 മെയ് 19ന് ജനിച്ച ഗോഡ്‌സെയുടെ യഥാര്‍ത്ഥ നാമം രാമചന്ദ്ര എന്നായിരുന്നു.
രാമചന്ദ്ര നാഥുറാമായതിന്റെ പിന്നിലൊരു കഥയുണ്ട്. വമന്റാവു ഗോഡ്‌സെ ലക്ഷ്മി ദമ്പതികള്‍ക്ക് നാഥുറാമിന് മുന്നേ മൂന്ന് ആണ്‍മക്കള്‍ ജനിച്ചിരുന്നു. എന്നാല്‍ അവരൊക്കെയും ചെറു പ്രായത്തില്‍ തന്നെ മരണമടഞ്ഞു. പിന്നീട് രാമചന്ദ്ര ജനിച്ചപ്പോള്‍ അവര്‍ അവനെ ഒരു പെണ്‍കുട്ടിയെ പോലെ വളര്‍ത്തി. കാതില്‍ കമ്മലുകള്‍ ധരിച്ചും, പെണ്‍കുട്ടികളെ പോലെ മുടി നീട്ടി വളര്‍ത്തിയും, പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ അണിഞ്ഞുമായിരുന്നു ഗോഡ്‌സെയുടെ കുട്ടികാലം. മൂക്കുത്തിക്ക് മറാത്തിയില്‍ പറയുന്ന പേരാണ് നാഥ് എന്നത്. അങ്ങനെ മൂക്കുത്തി ധരിച്ച രാമചന്ദ്ര നാഥുറാമായി. പിന്നീട് നാഥുറാം വിനായക് ഗോഡ്‌സെയായി. ഗോഡ്‌സേക്ക് ശേഷം മറ്റൊരു ആണ്‍കുട്ടി ജനിച്ചതിന് ശേഷമാണ് ഗോഡ്‌സെയുടെ മാതാപിതാക്കള്‍ ഗോഡ്‌സെയെ ആണ്‍കുട്ടിയായി കൊണ്ട് വളര്‍ത്താന്‍ തുടങ്ങുന്നത്.
ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തനം
സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്ത ഗോഡ്‌സെ തന്റെ ഇരുപതുകളില്‍ തന്നെ കൃത്യമായി പറഞ്ഞാല്‍ 1932 കാലത്ത് ആര്‍.എസ്സ്.എസ്സിന്റെ സജ്ജീവ പ്രവര്‍ത്തകനായി മാറുന്നുണ്ട്. അന്ന് ഗോഡ്‌സെ ആര്‍.എസ്സ്.എസ്സിന്റെ 'ബൗധിക് കാര്യവാഹ്' ആയിരുന്നു. ആര്‍.എസ്സ്.എസ്സിന് പുറമെ ഹിന്ദു മഹാസഭയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു ഗോഡ്‌സെ. ഇതിന് പുറമെ 1942ലെ വിജയദശമി ദിനത്തില്‍ 'ഹിന്ദു രാഷ്ട്ര ദള്‍' എന്ന പേരില്‍ മറ്റൊരു തീവ്ര ഹിന്ദുത്വ സംഘടനയ്ക്ക് ഗോഡ്‌സെ രൂപം നല്‍കുന്നുണ്ട്. ആര്‍.എസ്സ്.എസ്സിലേക്ക് പ്രവേശിച്ചതിന് ശേഷം ഗോഡ്‌സെ ഗോള്‍വാള്‍ക്കര്‍, സവര്‍ക്കര്‍ തുടങ്ങിയ ഹിന്ദുത്വ താത്വിക ആചര്യന്മാരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തു. എം.എസ് ഗോള്‍വാല്‍ക്കറുമായി ചേര്‍ന്ന് ഗോഡ്‌സെ ബാബറാവു സവര്‍ക്കറിന്റെ 'രാഷ്ട്ര മീമാംസ' എന്ന പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നുണ്ട്. എന്നാല്‍ പിന്നീട് പരിഭാഷയുടെ ക്രെഡിറ്റ് മുഴുവന്‍ ഗോള്‍വാല്‍ക്കര്‍ ഒറ്റയ്ക്ക് ഏറ്റെടുത്ത സാഹചര്യം ഉണ്ടാവുകയും ഇത് ഗോള്‍വാല്‍ക്കറും, ഗോഡ്‌സെയും തമ്മിലുള്ള ബന്ധത്തെ മോശമായി ബാധിക്കുകയും ചെയ്തു.
പക്ഷെ, അപ്പോഴും ഗോഡ്‌സെയ്ക്ക് വി.ഡി സവര്‍ക്കറുമായി ഉണ്ടായിരുന്നത് ഒരു ശിഷ്യന് ഗുരുവിനോടുള്ള ബന്ധമായിരുന്നു. ഹിന്ദുത്വയുടെ ദേശീയ സങ്കല്‍പ്പങ്ങളുടെ ആഴപ്പരപ്പുകളിലേക്ക് ഗോഡ്‌സെ ഇറങ്ങി ചെല്ലുന്നത് സവര്‍ക്കറുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെയാണ്. ഈ ബന്ധം ഗാന്ധി വധത്തിലെ ഗൂഡാലോചന വരെ എത്തി നിന്നു. പക്ഷെ കോടതി വിധിയില്‍ ഗോഡ്‌സെ ശിക്ഷിക്കപ്പെടുകയും, സവര്‍ക്കര്‍ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തു.
ഗോഡ്‌സെ ആര്‍.എസ്സ്.എസ്സുകാരനായിരുന്നോ?
ഗാന്ധി വധത്തിന് ശേഷം ഗോഡ്‌സയെ തങ്ങളുടെ പ്രവര്‍ത്തകന്‍ ആയിരുന്നു എന്ന് അംഗീകരിക്കാന്‍ ആര്‍.എസ്.എസ് തയ്യാറായിരുന്നില്ല. എന്നാല്‍ തൂക്കിലേറ്റുന്ന ദിവസം വരെയും ഗോഡ്‌സെ അടിയുറച്ച ആര്‍.എസ്സ്.എസ്സുകാരന്‍ തന്നെയായിരുന്നു എന്നാണ് തെളിവുകള്‍ സംവദിക്കുന്നത്.
2020ല്‍ 'ദ കാരവാന്‍' നടത്തിയ അന്വേഷണത്തില്‍ ആര്‍.എസ്സ്.എസ്സിന്റെ യോഗങ്ങളുടെ റെക്കോഡുകളില്‍ നിന്ന് ഗോഡ്‌സെ ആര്‍.എസ്സ്.എസ്സിന്റെ മെമ്പറാണെന്ന് തെളിയിക്കുന്ന രേഖകകള്‍ ലഭിച്ചിരുന്നു. മാത്രമല്ല ഗോഡ്‌സെയുടെ സഹോദരങ്ങള്‍ അടങ്ങുന്ന ബന്ധുക്കള്‍ ഗോഡ്‌സെ മരണം വരെയും ആര്‍.എസ്സ്.എസ്സുകാരനായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഗാന്ധി വധത്തിന് ശേഷവും ഗോഡ്‌സെ തന്നെയും ഞാന്‍ ആര്‍.എസ്സ്.എസ്സിന്റെ സജ്ജീവ പ്രവര്‍ത്തകനായിരുന്നു എന്ന് പറഞ്ഞ മൊഴിയും ചരിത്ര രേഖകളില്‍ നമുക്ക് കാണാന്‍ സാധിക്കും.
ആര്‍.എസ്സ്.എസ്സുകാര്‍ ഗോഡ്‌സെയുമായുള്ള ബന്ധം നിഷേധിക്കുമ്പോഴും ഈ അടുത്ത കാലത്തായി ഹിന്ദു മഹാസഭയും, ആര്‍.എസ്സ്.എസ്സും ഗോഡ്‌സെയെ ആഘോഷിക്കുന്ന കാഴച്ചയ്ക്ക് കൂടി രാജ്യം സാക്ഷ്യം വഹിച്ചു. ഗോഡ്‌സെയെ ദേശ ഭക്തനായി ചിത്രീകരിക്കുന്ന 'ദേശ് ഭക്ത് നാഥുറാം ഗോഡ്‌സെ' എന്ന ഡോക്യുമെന്ററി തീവ്ര ഹിന്ദുത്വവാദികള്‍ നിര്‍മ്മിക്കുന്നത് 2015ലാണ്. ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്രങ്ങള്‍ പണിയുവാനും, ജനുവരി 30 'ഷൗര്യ ദിവാസ്' (ധീരതയുടെ ദിനം) ആയി ആചരിക്കുവാനുമുള്ള ശ്രമങ്ങളിലാണ് ഹിന്ദുത്വവാദികള്‍. ഇതിനൊക്കെ പുറമെ പാഠ പുസ്തകങ്ങളിലടക്കം ഗാന്ധിയുടെ മരണം കൊലപാതകമായിരുന്നില്ലെന്നും അതൊരു സ്വാഭാവിക മരണമായിരുന്നുവെന്നുമുള്ള ആഖ്യാനം നിര്‍മ്മിച്ചെടുക്കാനും സംഘപരിവാറിന് സാധിച്ചിട്ടുണ്ട്.
മറ്റ് പ്രതികള്‍
ഗാന്ധി വധത്തിന്റെ ഗൂഡലോചനയില്‍ ഗോഡ്‌സെയോടൊപ്പം പിടിക്കപ്പെട്ടവര്‍ നാരായണന്‍ ആപ്‌തേ, വിഷ്ണു കര്‍കര, ഗോപാല്‍ ഗോഡ്‌സെ (ഗോഡ്‌സെയുടെ സഹോദരന്‍), മദന്‍ലാല്‍ പഹ്വ, ശങ്കര്‍ കിസ്തയ്യ, ദിഗംമ്പര്‍ ബാഡ്‌ഗെ, വി ഡി സവര്‍ക്കര്‍ എന്നിവരാണ്. എല്ലാവരും തീവ്ര ഹിന്ദുത്വ ആശയത്തിന്റെ വക്താക്കള്‍. ഗോഡ്‌സയും, ആപ്തയും തൂക്കിലേറ്റപ്പെട്ടപ്പോള്‍, ബാക്കിയുള്ളവര്‍ക്ക് ജയില്‍ ശിക്ഷയാണ് ലഭിച്ചത്. വി.ഡി സവര്‍ക്കര്‍ മാത്രം മതിയായ തെളിവുകലില്ലെന്ന പേരില്‍ കുറ്റ വിമുക്തനാക്കപ്പെട്ടു. ഇതേ വി.ഡി സവര്‍കറിനെയാണ് സംഘപരിവാര്‍ സ്വാതന്ത്ര്യ സമര സേനാനിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. കോടതി വാദങ്ങളില്‍ മുഴുവനും ഗോഡ്‌സെ ഗാന്ധിയെ വധിക്കാനുണ്ടായ തന്റെ ന്യായീകരണങ്ങള്‍ നിരത്തുകയായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗാന്ധി വിഭജനത്തിന് അനുകൂല നിലപാട് സ്വീകരിക്കുകയും, മുസ്ലിംകളുടെ ആവശ്യത്തിന് മുന്‍ഗണന നല്‍കി എന്നുമുള്ള വാദം.
-
English Sumamry: On the evening of January 30, 1948, at Birla House in Delhi, Nathuram Godse approached Mahatma Gandhi under the guise of offering respect. He fired three bullets into Gandhi's chest at point-blank range using a Beretta M1934 pistol, ending the life of the global icon of non-violence. Born Ramachandra Godse into a Chitpavan Brahmin family, he was raised as a girl in his early years (wearing a nose-ring or 'Nath', which led to the name Nathuram) due to a family superstition following the death of previous male siblings.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."