ഇതാണോ നിങ്ങൾ പറഞ്ഞ നവകേരളം? സർക്കാരിനെതിരെ 'പുതുയുഗ യാത്ര'യിൽ രൂക്ഷവിമർശനം
കണ്ണൂർ: പിണറായി സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യുഡിഎഫിന്റെ 'പുതുയുഗ യാത്ര'യുടെ ഭാഗമായി കണ്ണൂരിൽ സംസാരിക്കവെയായിരുന്നു സർക്കാരിനെതിരെ വി.ഡി സതീശന്റെ കടന്നാക്രമണം.
കേരളത്തെ ചരിത്രത്തിലില്ലാത്ത കടക്കെണിയിലാക്കിയാണ് ഈ സർക്കാർ മടങ്ങാൻ പോകുന്നത്. വരുംതലമുറയുടെ ഭാവി പിണറായി സർക്കാർ ഇല്ലാതാക്കിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ആറ് ലക്ഷം കോടി രൂപയുടെ കടബാധ്യതയാണ് ജനങ്ങളുടെ തലയിൽ സർക്കാർ കെട്ടിവെച്ചിരിക്കുന്നത്. അടുത്ത മാസം സലാം പറഞ്ഞ് പോകുമ്പോൾ തകർന്നുതരിപ്പണമായ ഒരു സമ്പദ്‌വ്യവസ്ഥയാണ് സർക്കാർ ബാക്കി വെക്കുന്നത്.
നിങ്ങൾ ഭരിക്കുന്ന കേരളം ഇന്ന് ബിഹാറാണോ? എന്നും സതീശൻ ചോദിച്ചു. ക്രിമിനലുകളും ഗുണ്ടകളും സംസ്ഥാനത്ത് അഴിഞ്ഞാടുകയാണെന്ന് ആരോപിച്ചു. ടി.പി വധക്കേസ് പ്രതികൾക്ക് ആയിരത്തിലധികം ദിവസം പരോൾ നൽകുന്നതിനെയും അദ്ദേഹം രൂക്ഷമായി പരിഹസിച്ചു.
ആരോഗ്യ കേരളം ഇന്ന് വെന്റിലേറ്ററിലാണ്. ഉന്നത വിദ്യാഭ്യാസ മേഖല തകർന്നതോടെ കുട്ടികൾ കൂട്ടത്തോടെ വിദേശത്തേക്ക് പോകുകയാണ്. ഈ അവസ്ഥ തുടർന്നാൽ കേരളം ഒരു 'വൃദ്ധസദനമായി' മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കേരളത്തെ ലഹരിമരുന്നിന്റെ ആസ്ഥാനമാക്കി സർക്കാർ മാറ്റി. മയക്കുമരുന്ന് മാഫിയയുടെ പിടിയിൽ അകപ്പെട്ട് ഒരു തലമുറ തന്നെ നശിക്കുകയാണെന്നും സതീശൻ പറഞ്ഞു. സകല മേഖലകളിലും പരാജയപ്പെട്ട ഒരു സർക്കാരിനെതിരെയുള്ള ജനരോഷം കേരളത്തിൽ ആളിക്കത്തുകയാണ്. എന്ത് ഭരണമാണിത് എന്നും വി.ഡി സതീശൻ ചോദിച്ചു. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
Puthuyuga Yathra' in Kannur, Opposition Leader V.D. Satheesan launched a scathing attack on the Pinarayi government, accusing it of pushing Kerala into an unprecedented financial crisis.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."