സന്തോഷ് ട്രോഫി ഫൈനൽ ഇന്ന്; എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളത്തിന്റെ കാലാൾപ്പട
സിൽപതാർ: ഒരിക്കൽകൂടി സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിടാൻ പ്രതീക്ഷയോടെ കേരളം ഇന്ന് ഫൈനൽ പോരാട്ടത്തിനായി കളത്തിലിറങ്ങുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് അസമിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ സർവീസിസനെ ആണ് കേരളം നേരിടുന്നത്. ടൂർണമെന്റിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്ത കേരളം വലിയ ആത്മവിശ്വാസത്തിലാണ്.
ഗ്രൂപ്പ്ഘട്ടത്തിൽ കളിച്ച മത്സരത്തിൽ നേരത്തെ സർവീസസിനോട് കേരളം തോറ്റിരുന്നെങ്കിലും അതൊന്നും ഇന്നത്തെ മത്സരത്തിൽ ടീമിനെ ബാധിക്കില്ലെന്നാണ് കേരളത്തിന്റെ നിലപാട്. സെമി ഫൈനലിൽ പഞ്ചാബിനെ എതിരില്ലാത്ത നാലു ഗോളിനായിരുന്നു കേരളം തോൽപ്പിച്ചത്. അതിന്റെ വലിയ ആത്മവിശ്വാസവും കേരളത്തിനുണ്ട്. ക്വാർട്ടറിലും സെമി ഫൈനലിലും കളിച്ച കേരളം അതേ ടീം നിലനിർത്തിയാകും കളത്തിലിറങ്ങുക.
പ്രതിരോധത്തിലെ കേരളത്തിന്റെ മികവിലാണ് പ്രതീക്ഷ. അലക്‌സ് സജി, ക്യാപ്റ്റൻ ജ സഞ്ജു എന്നിവരും ഗോൾവക്ക് കീഴിൽ ഹജ്മലും നിലയുറപ്പിക്കുമ്പോൾ കേരളത്തിന് പ്രതീക്ഷയുണ്ട്. ഡിഫൻസ് മിഡ്ഫീൽഡിൽ എണ്ണയിട്ട യന്ത്രം പോല പ്രവർത്തിക്കുന്ന വിഘ്‌നേഷിലും കേരളത്തിന്റെ പ്രതീക്ഷയാണ്. അർധ അവസരങ്ങൾപോലും ഗോളാക്കി മാറ്റാൻ കഴിവുള്ള മുഹമ്മദ് അജ്‌സൽ, അവസാന മത്സരത്തിൽ ഇരട്ടഗോൾ സ്വന്തമാക്കിയ മുഹമ്മദ് റിയാസ് എന്നിവരിലും കേരളത്തിന് ഇന്ന് പ്രതീക്ഷയുണ്ട്.
ചാംപ്യൻഷിപ്പിൽ ഇതുവരെ ഏഴു മത്സരമാണ് കേരളം കളിച്ചത്. അതിൽ അതിൽ മൂന്ന് ഗോളുകൾ വഴങ്ങുകയും 11 ഗോളുകൾ തിരിച്ചടിക്കുകയും ചെയ്തു. ടൂർണമെന്റിൽ സർവീസസിന് കാര്യമായ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. റയിൽവേസിനെതിരേയുള്ള ആദ്യ മത്സരം 1-1 എന്ന സ്‌കോറിന് അവസാനിച്ചപ്പോൾ രണ്ടാം ഒഡിഷക്കെതിരേയുള്ള രണ്ടാം മത്സരം ഗോൾരഹിതമായി അവസാനിച്ചു.
മേഘാലയക്കെതിരേയുള്ള മൂന്നാം മത്സരത്തിലും സമനിലയായിരുന്നു ഫലം. അന്ന് 2-2 എന്ന സ്‌കോറിനായിരുന്നു മത്സരം അവാസനിച്ചത്. പിന്നീട് പഞ്ചാബിനെ നേരിട്ട സർവീസസ് എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവി ഏറ്റുവാങ്ങി. തുടർന്നായിരുന്നു കേരളത്തിനെതിരേ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചത്. പിന്നീട് നടന്ന രണ്ട് മത്സരത്തിലും ജയിച്ചായിരുന്നു സർവീസസ് ഫൈനൽ ടിക്കറ്റുറപ്പിച്ചത്. ക്വാർട്ടറിൽ വെസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച സർവീസസ് സെമി ഫൈനലിൽ റെയിൽവേസിനെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു വീഴ്ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."