സഹനത്തിന്റെ പാതയില്‍ വഴിവിളക്കുകളാവുക
ലോകത്താകമാനമുള്ള മുസ്‌ലിംകള്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന അഭിശപ്ത കാലമാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സിറിയ, ജൗജിപ്ത്, ജോര്‍ദാന്‍, ലിബിയ, ഇറാഖ്, ഇറാന്‍ തുടങ്ങി പശ്ചിമേഷ്യയിലെ മിക്കരാഷ്ട്രങ്ങളിലും യൂറോപ്പിലും ഒരേപോലെ മുസ്‌ലിംകള്‍ അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പശ്ചിമേഷ്യയില്‍ വംശീയതയുടെയും ഗോത്രങ്ങളുടെയും പേരിലാണെങ്കില്‍ യൂറോപ്പില്‍ അത് മുസ്‌ലിംവിരുദ്ധതയില്‍ ഊന്നിയാണ്. 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണിത്തിനു ശേഷം മുസ്‌ലിംകള്‍ ആഗോളവ്യാപകമായി നോട്ടപ്പുള്ളികളായി ചിത്രീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സോവിയറ്റ് യൂനിയന്റെ പതനത്തിനു ശേഷം ആയുധങ്ങള്‍ വിറ്റഴിക്കാന്‍ വിപണികള്‍ തേടിയ സാമ്രാജ്യത്വ ശക്തികള്‍ക്ക് കിട്ടിയ ഇരകളായിരുന്നു പശ്ചിമേഷ്യയിലെ സമ്പന്ന രാഷ്ട്രങ്ങള്‍. മുസ്‌ലിംകളെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചു സാമ്രാജ്യത്വ ശക്തികളുടെ അതിബുദ്ധിയില്‍ ഉരുവംകൊണ്ട നിഗൂഢ പദ്ധതികളാണ് മുസ്‌ലിംകള്‍ക്കെതിരേയുള്ള കടന്നാക്രമണങ്ങള്‍.
വേള്‍ഡ് ട്രേഡ്‌സെന്റര്‍ ആക്രമണത്തിനു പിന്നിലെ ദുരൂഹത ഇപ്പോഴും തെളിയിക്കപ്പെടാതിരിക്കെ കുത്തകപ്രഭുക്കളുടെ ഉടമസ്ഥതയിലുള്ള ആഗോള മാധ്യമങ്ങള്‍ മുസ്‌ലിംകളെ ഭീകരവാദികളായി ചിത്രീകരിച്ചു വാര്‍ത്തകള്‍ നല്‍കുന്നതിനു പിന്നില്‍ സാമ്രാജ്യത്വ താല്‍പര്യം മാത്രമാണ്. ഇതിന്റെ ഭാഗമായാണ് പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളില്‍ വിഭാഗീയതയും വംശീയതയും കുത്തിപ്പൊക്കി ജനങ്ങളെ പരസ്പരം പോരടിപ്പിക്കുന്നത്. സിറിയയില്‍ ഇപ്പോള്‍ അമേരിക്കയും റഷ്യയും വെടിനിര്‍ത്തലിനു ധാരണയായിട്ടും ഇന്നലത്തെ ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടത് നൂറിലേറെപ്പേരാണ്. സാമ്രജ്യത്വ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന നാടകങ്ങളാണിതൊക്കെയും. വന്‍ശക്തികളുടെ താല്‍പര്യ സംരക്ഷണത്തിനുള്ള മത്സരങ്ങളാണ് പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ അടിസ്ഥാനം.
അറബ് രാഷ്ട്രങ്ങളില്‍ ഒരേസമയം ആഭ്യന്തരയുദ്ധങ്ങള്‍ക്ക് വഴിയൊരുക്കുകയും മധ്യസ്ഥത വഹിക്കുകയും അതുവഴി ആയുധങ്ങള്‍ വിറ്റഴിക്കുകയും ചെയ്യുന്ന സാമ്രാജ്യശക്തികളുടെ ഗൂഢതന്ത്രം പക്ഷേ, പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ തിരിച്ചറിയാതെ പോവുന്നു.
ആളുകള്‍ ഭക്ഷണത്തിനായി തളികകളിലേക്കു കൈനീട്ടുന്നതുപോലെ ശത്രുക്കളാല്‍ മുസ്‌ലിംകള്‍ക്കെതിരേ രംഗത്തുവരുമെന്ന മുഹമ്മദ്‌നബി(സ)യുടെ പ്രവചനം സത്യമായി പുലര്‍ന്നുകൊണ്ടിരിക്കുന്ന ഒരുകാലത്ത് സഹനമാര്‍ഗത്തിലൂന്നി മുന്നേറുക എന്നുതന്നെയാണു മുസ്‌ലിംകള്‍ നിര്‍വഹിക്കേണ്ട ബാധ്യത. നംറൂദുമാരുടെ അഗ്നികുണ്ഡങ്ങളും അബൂജാഹിലുമാരുടെ ഉപചാപങ്ങളും ആധുനിക കാലത്തും വേരോടിക്കൊണ്ടിരിക്കുമ്പോള്‍ അത്തരം ചതിക്കുഴികളെ അതിജീവിക്കുക എന്നുതന്നെയാണ് ഓരോ മുസ്‌ലിമിനും നിര്‍വഹിക്കാനുള്ളത്. ഇസ്‌ലാം എന്ന പദത്തിന്റെ അര്‍ഥം സമാധാനം, ശാന്തി എന്നൊക്കെയാണ്. ഈ അനശ്വര സത്യത്തിലൂന്നിയായിരുന്നു അല്ലാഹുവിന്റെ കൂട്ടുകാരന്‍ എന്ന അര്‍ഥമുള്ള ഖലീലുള്ളാഹി ഇബ്‌റാഹീം നബി(അ) തന്റെ ദൗത്യം നിര്‍വഹിച്ചത്. ഇബ്‌റാഹീം നബി(അ) അതിതീക്ഷ്ണമായ പരീക്ഷണങ്ങളെയായിരുന്നു നേരിട്ടത്. എല്ലാ പരീക്ഷണങ്ങളെയും ക്ഷമാപൂര്‍വം അതിജീവിക്കുകയും അല്ലാഹു തന്നിലേല്‍പ്പിച്ച ദൗത്യം സഹനത്തിന്റെ വഴിയിലൂടെ നിര്‍വഹിക്കുകയുമായിരുന്നു ഇബ്‌റാഹീം നബി(അ). പ്രൗഢവും ആഭിജാതവുമായ കുടുംബത്തില്‍ ജനിച്ചിട്ടുപോലും പിതാവിന്റെ വിഗ്രഹാരാധനയെ ചോദ്യം ചെയ്തതിന്റെ പേരില്‍, വിഗ്രഹനിര്‍മാണങ്ങള്‍ക്കെതിരേ ശബ്ദിച്ചതിന്റെ പേരില്‍ സ്വന്തം വീട്ടില്‍ നിന്നു യൗവനാരംഭത്തില്‍ തന്നെ അദ്ദേഹം ആട്ടിയിറക്കപ്പെട്ടതുമുതല്‍ ആരംഭിക്കുന്നു ഇബ്‌റാഹീം നബി(അ)ന് അല്ലാഹുവില്‍ നിന്നു നേരിട്ട പരീക്ഷണങ്ങള്‍. നംറൂദിന്റെ ഭരണത്തെ ചോദ്യം ചെയ്യാനുള്ള ചങ്കൂറ്റം ഇബ്‌റാഹീം നബിക്ക് ലഭിച്ചത് അല്ലാഹുവിലുള്ള ദൃഢമായ വിശ്വാസം കൊണ്ടുതന്നെയായിരുന്നു. നംറൂദ് ഒരുക്കിയ അഗ്നികുണ്ഡത്തിലേക്ക് അമ്പിന്റെ അറ്റത്ത് നിര്‍ത്തി എറിയാന്‍ ഭാവിച്ച നേരത്തുപോലും അഗ്നിയെ ആരാധിക്കുവാനോ തൊഴാനോ അല്ല പ്രവാചകശ്രേഷ്ഠര്‍ തുനിഞ്ഞത്. നിന്നെ ആരു രക്ഷിക്കും ഈ അഗ്നിയില്‍ നിന്ന് എന്ന നംറൂദ് രാജാവിന്റെ ചോദ്യത്തിനു മുന്നില്‍ പതറാതെ, എന്നെ സൃഷ്ടിച്ച നാഥന്‍ എന്നു ചങ്കൂറ്റത്തോടെ അരുള്‍ചെയ്ത ഇബ്‌റാഹീം നബിയുടെ വിശ്വാസമാണ് മുസ്‌ലിം സമൂഹത്തിനുണ്ടാകേണ്ടത്. ആ ഒരു നിമിഷം തൗഹീദിന്റെ മാര്‍ഗത്തില്‍ നിന്ന് പിന്തിരിഞ്ഞിരുന്നുവെങ്കില്‍ രാജാധികാരത്തില്‍ തന്നെ ഇബ്‌റാഹീം നബിയെ നംറൂദ് രാജാവ് പങ്കാളിയാക്കുമായിരുന്നു.
പ്രലോഭനങ്ങളേയും പ്രകോപനങ്ങളെയും ഒരുപോലെ സംയമനത്തോടെ അഭിമുഖീകരിക്കുക. സഹനത്തിന്റെ മാര്‍ഗത്തിലൂടെ ദൗത്യം തുടരുക ഇതായിരുന്നു ഇബ്‌റാഹീം നബി(അ) മാനവകുലത്തിനു നല്‍കിയ മാതൃക. ആ മാതൃക മുസ്‌ലിംകള്‍ പിന്‍പറ്റിയതിന്റെ ഫലമായാണ് ആഗോള മുസ്‌ലിംകള്‍ ഇന്ന് മക്കയില്‍ സംഗമിച്ചുകൊണ്ടിരിക്കുന്നത്. പ്രലോഭനങ്ങള്‍ക്കും പ്രകീര്‍ത്തനങ്ങള്‍ക്കും വഴങ്ങി സ്വന്തം വിശ്വാസത്തെ കൈയൊഴിയുന്നവന്‍ വിശ്വാസിയല്ല. ജീവിതാവസാനത്തില്‍ ലഭിച്ച അരുമമകനെ അറുക്കണമെന്ന് അല്ലാഹുവിന്റെ ആജ്ഞ വന്നപ്പോള്‍ ഒട്ടും ശങ്കിക്കാതെ ആ ആജ്ഞ ശിരസാവഹിച്ചു മകനെ ബലിയര്‍പ്പിക്കാന്‍ സന്നദ്ധനായ ഇബ്‌റാഹീമീ മില്ലത്ത് മുറുകെ പിടിക്കുക എന്നതാണു മുന്നോട്ടുള്ള പ്രയാണത്തില്‍ മുസ്‌ലിംകള്‍ക്ക് വെളിച്ചമാകേണ്ടത്. പൊന്നുമകന്റെ പിഞ്ചിളം കഴുത്തില്‍ കത്തിവച്ച് അമര്‍ത്തുവാനുള്ള നിമിഷാര്‍ധത്തിലാണ് അല്ലാഹുവിന്റെ അരുള്‍പാട് വരുന്നത്. മകനുപകരം ആടിനെ അറുത്ത് ബലി അര്‍പ്പിക്കുക എന്ന്. ഒരു മുസ്‌ലിം അവന് ഏറ്റം പ്രിയപ്പെട്ടതെന്തോ അതുപോലും അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി ബലിയര്‍പ്പിക്കുവാന്‍ സന്നദ്ധനാവുക എന്ന മഹത്തായ സന്ദേശമാണ് ഈ പരീക്ഷണത്തിലൂടെ അല്ലാഹു മാനവകുലത്തിനു നല്‍കിയത്.
മക്കയിലെ അവിശ്വാസികളുടെ ദ്രോഹം സഹിക്കാനാവാതെ തന്റെ കുടുംബത്തില്‍ പെട്ടവരുടെ സഹായം പ്രതീക്ഷിച്ച് ത്വാഇഫിലേക്ക് രക്ഷപ്പെട്ട മുഹമ്മദ് നബി(സ്വ)ക്ക് നേരിടേണ്ടിവന്നത് ബന്ധുക്കളുടെയും നാട്ടുകാരുടെയും കൂട്ടമായ ആക്രമണമായിരുന്നു. ചോരയൊലിക്കുന്ന പാദങ്ങളുടെ വേദന കടിച്ചമര്‍ത്തി വീണ്ടും മക്കയിലേക്ക് മടങ്ങുമ്പോള്‍ ജിബ്‌രീല്‍(അ) പ്രത്യക്ഷപ്പെട്ട് പ്രവാചകരോട് പറഞ്ഞു: 'പ്രവാചകരേ താങ്കള്‍ സമ്മതിക്കുകയാണെങ്കില്‍ ഈ ജനതയെ നശിപ്പിച്ചേക്കാം'. ഇതിനു പ്രചാവചകന്‍ നല്‍കിയ മറുപടിയാണ് മുസ്‌ലിംകള്‍ എക്കാലത്തും മാര്‍ഗദീപമാക്കേണ്ടത്. 'വേണ്ട..നാളെ ഈ ജനത തൗഹീദിലേക്ക് മടങ്ങിവരില്ലെന്ന് ആരറിഞ്ഞു'. ഭൗതികമായ ആര്‍ത്തികളെയും അധികാരത്തെയും അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി ബലിനല്‍കുവാന്‍ തയാറാവുന്നതോടൊപ്പം ശത്രുക്കളോടു പോലും കരുണാര്‍ദ്രമായി പെരുമാറുക. അതായിരുന്നു ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ)യുടെയും അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(അ)യുടെയും ജീവിതം. സഹനത്തിന്റെ മാര്‍ഗം അവലംബിക്കുന്നതിനു പകരം അസഹിഷ്ണുതയുടെ വഴി തെരഞ്ഞടുക്കുന്നത് ഇസ്‌ലാമികമല്ല.
ഖുര്‍ആനും നബിചര്യയും അനുസരിച്ചു ജീവിക്കുക എന്നതാണു മുസ്‌ലിംകളുടെ ബാധ്യത. പ്രവാചകജീവിതത്തിനും വിശുദ്ധ ഖുര്‍ആനും സ്വന്തം നിലയില്‍ വ്യാഖ്യാനം നടത്തി തന്നിഷ്ടപ്രകാരം ഇസ്‌ലാമിനെ വിശദീകരിക്കുന്നതു മുസ്‌ലിംകളുടെ മാര്‍ഗമല്ല. സഹോദര സമുദായങ്ങളുടെ സ്‌നേഹവും വിശ്വാസവും ആര്‍ജിക്കുവാന്‍ അവരുടെ മതവിശ്വാസങ്ങളെ വാരിപ്പുണരമെന്നില്ല. ലോക മുസ്‌ലിംകള്‍ ഈദുല്‍ അള്ഹ ആഘോഷിക്കുന്ന ഈ വേളയില്‍ ലോകസമാധാനത്തിനു വേണ്ടി പ്രാര്‍ഥിക്കുക. ലോകാലോകങ്ങളുടെ രക്ഷിതാവിനെ പ്രകീര്‍ത്തിക്കാം...അല്ലാഹു അക്ബറുല്ലാഹു അക്ബര്‍...വലില്ലാഹില്‍ ഹംദ്!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."