ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസ് പ്രവർത്തകർ ഓടിച്ചിട്ട് ക്രൂരമായി മർദിച്ചു; 15 പേർക്കെതിരെ കേസ്
കൊല്ലം: ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ പൃഥ്വിരാജിനെ ആർഎസ്എസ് പ്രവർത്തകർ ഓടിച്ചിട്ട് മർദ്ദിച്ചു. ശാസ്താംകോട്ട കുമരംചിറ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് നാടകീയമായ അക്രമം നടന്നത്. തലയ്ക്ക് പരിക്കേറ്റ പൃഥ്വിരാജിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം ഇങ്ങനെ
കുമരംചിറ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പൃഥ്വിരാജും ആർഎസ്എസ് പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായതായി പറയപ്പെടുന്നു.തർക്കം മൂത്തതോടെ ആർഎസ്എസ് പ്രവർത്തകരായ അച്ചു, നന്ദു, ആകാശ്, വിഷ്ണു എന്നിവരുൾപ്പെടെയുള്ള 15 അംഗ സംഘം പൃഥ്വിരാജിനെ വളയുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ സംഘം പിന്തുടർന്ന് ആക്രമിച്ചു.
മർദ്ദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൃഥ്വിരാജിനെ ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചു.
പൊലിസ് നടപടി
സംഭവത്തിൽ ശൂരനാട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളാണോ അതോ ഉത്സവവുമായി ബന്ധപ്പെട്ട പ്രാദേശിക തർക്കങ്ങളാണോ അക്രമത്തിന് പിന്നിലെന്ന് പൊലിസ് പരിശോധിച്ചുവരികയാണ്. ബിജെപിയും ആർഎസ്എസും തമ്മിൽ ജില്ലയിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രശ്നങ്ങളുടെ തുടർച്ചയാണോ ഈ സംഭവമെന്നും സംശയമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."