പിഴിയൽ കെ-ടെറ്റ് വഴിയും; അധ്യാപകർ എഴുതണം രണ്ട് പരീക്ഷയും
കൽപ്പറ്റ: കെ.ടെറ്റ് പരീക്ഷയിലൂടെയും സർക്കാർ അധ്യാപകരെ പിഴിയുന്നു. ഈ യോഗ്യത നേടാതെ സർവിസിലുള്ളവർ രണ്ട് പരീക്ഷ എഴുതേണ്ട അവസ്ഥയായി. എഴുതിയ പൊതുപരീക്ഷയുടെ ഫലം വരുന്നതിന് മുമ്പ് തന്നെ സർവിസിലുള്ളവർക്ക് മാത്രമായി നടത്തുന്ന പരീക്ഷയ്ക്കും അപേക്ഷിക്കേണ്ടി വരും.
1000 രൂപയാണ് പരീക്ഷാ ഫീസ്. സർവിസിലുള്ളവർക്ക് മാത്രമായി പരീക്ഷ നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ആദ്യം നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചത് പൊതുപരീക്ഷയ്ക്കാണ്. ഇതിന് തുടർച്ചയായി സർവിസിലുള്ളവരുടേതിനും നോട്ടിഫിക്കേഷൻ വരേണ്ടതായിരുന്നു. അതുണ്ടായില്ല.
അതോടെ അധ്യാപകർ നോട്ടിഫിക്കേഷൻ വന്ന പരീക്ഷക്ക് അപേക്ഷിച്ചു. ഇക്കഴിഞ്ഞ 21,23 തീയതികളിലാണ് കെ.ടെറ്റ് പരീക്ഷ കേരളത്തിൽ വിവിധയിടങ്ങളിൽ നടന്നത്. ഇതിൽ സർവിസിലിരിക്കുന്ന അധ്യാപകരും പരീക്ഷ എഴുതി. എന്നാൽ, ഫെബ്രുവരി 21ന് ആദ്യ പരീക്ഷ കഴിഞ്ഞശേഷം അധ്യാപകർക്കുള്ള പരീക്ഷയുടെ നോട്ടിഫിക്കേഷൻ സർക്കാർ പുറപ്പെടുവിച്ചു. ഇതോടെ പരീക്ഷാ ഫലം എന്തെന്ന് പോലുമറിയാതെ ആശങ്കയിലായി. സർവിസിലുള്ളവർക്ക് നടത്തുന്ന പരീക്ഷക്ക് അപേക്ഷിച്ചില്ലെങ്കിൽ ആദ്യ പരീക്ഷയിലെ ഫലം വിപരീതമായാൽ അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് അധ്യാപകരുള്ളത്.
രണ്ട് പരീക്ഷക്കും ഫീസൊടുക്കേണ്ടതുമുണ്ട്. ആദ്യത്തെ ഫലം പുറത്തുവരാത്തതിനാൽ ഭൂരിഭാഗവും രണ്ടാമത്തെ പരീക്ഷക്കും അപേക്ഷിക്കേണ്ടിവരും. ഇത് പണം കൊയ്യാനുള്ള പദ്ധതിയാക്കി കെ.ടെറ്റ് പരീക്ഷയെ മാറ്റുകയാണെന്ന ആക്ഷേപം ശക്തമാക്കുകയാണ്. അധ്യാപകർക്ക് കെ.ടെറ്റ് കേന്ദ്ര സർക്കാർ നിർബന്ധമാക്കിയതോടെ എങ്ങനെയേലും പരീക്ഷ പാസാക്കാൻ ശ്രമിക്കുന്ന അധ്യാപകരെ പിഴിയുകയാണ് സർക്കാർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."