ഇന്നു ബലിപെരുന്നാള്‍, നാളെ ഉത്രാടം; വിപണികളിലെല്ലാം തിരക്കോട് തിരക്ക്
കൊല്ലം: ബലിപെരുന്നാളും തിരുവോണവും അടുത്തടുത്തെത്തിയതോടെ വിപണികളിലെല്ലാം കാലുകുത്താനിടമില്ലാത്ത തിരക്ക്.
ഇന്നലെ രാത്രി വൈകുവോളം നഗരത്തിലെ കടകളിലെല്ലാം വന്‍തിരക്കായിരുന്നു. ബലിപെരുന്നാളായ ഇന്ന് തിരക്കിന് കുറവുണ്ടാകുമെങ്കിലും നാളെ ഉത്രാടപ്പാച്ചിലിന്റെ തിരക്കിലമരും. മഴ മാറിനിന്നത് കച്ചവടക്കാര്‍ക്ക് അനുഗ്രഹമായിട്ടുണ്ട്. ദിവസങ്ങള്‍ക്കു മുന്‍പു തന്നെ തുടങ്ങിയ വഴിയോരക്കച്ചവടം തകൃതിയായി പുരോഗമിക്കുകയാണ്. തുണിത്തരങ്ങളും പഴം, പച്ചക്കറികളും , പലഹാരങ്ങളും എന്നു വേണ്ട സകല സാധനങ്ങളും വഴിയരികില്‍ നിന്നു വാങ്ങാമെന്ന സ്ഥിതിയാണ്.
മേളങ്ങള്‍ക്ക് പകിട്ടേകാന്‍ രണ്ട് സര്‍ക്കസ് തമ്പുകള്‍ ആശ്രാമത്തു സജീവം.ഓണത്തിന് പകിട്ടേകാനെത്തിയ മേളകളില്‍ പലതും നാളെ സമാപിക്കും. കൊല്ലം ക്യു.എ.സി. ഗ്രൗണ്ടില്‍ നടന്നുവരുന്ന ഐ.ആര്‍.ഡി.പി. ഓണം വിപണനമേളയിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധതരം കലാ കായിക മത്സരങ്ങളുമായി റസിഡന്റ് അസോസിയേഷനുകളും ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബുകളും സജീവമാണ്. കൊട്ടും പാട്ടുമായി 'പുലികളും' മാവേലിമാരും നാട്ടില്‍ നിറഞ്ഞുകഴിഞ്ഞു.
റോഡില്‍ വാഹനങ്ങളുമായി ഇറങ്ങുന്നവര്‍ നട്ടം തിരിഞ്ഞത് തന്നെ. കുരുങ്ങി വലഞ്ഞു പോകും. പാര്‍ക്കിങ് പ്രധാന പ്രശ്‌നമാവുകയാണ്.എങ്കിലും തുടര്‍ച്ചയായെത്തുന്ന ആഘോഷദിനങ്ങള്‍ ജനം ഉത്സവമാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."