കയര്‍ സംഘങ്ങളെ പ്രവര്‍ത്തനക്ഷമമാക്കി പരമാവധി തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും: മന്ത്രി മേഴ്‌സികുട്ടിയമ്മ
അഞ്ചാലുമ്മൂട്: കയര്‍ വ്യവസായ സംഘങ്ങളെ പ്രവര്‍ത്തനക്ഷമമാക്കി പരമാവധി തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി ജെ. മെഴ്‌സികുട്ടിയമ്മ.
നീരാവില്‍ നവോദയം ഗ്രന്ഥശാലാ കായിക കലാ സമിതിയുടെ ഓണോത്സവത്തോടനുബന്ധിച്ചുള്ള മത്സരങ്ങളുടെ ഉദ്ഘാടനവും ഓണക്കിറ്റ് വിതരണവും നിര്‍വ്വഹിക്കുകയായിരുന്നു അവര്‍ .
ഇതിനായി ആവശ്യമായ പ്രവര്‍ത്തന മൂലധനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കശുവണ്ടി മേഖലയിലുള്‍പ്പടെ മുടങ്ങിക്കിടന്ന തൊഴില്‍ ആനുകൂല്യങ്ങളും ക്ഷേമ പെന്‍ഷനുകളും പ്രഖ്യാപിച്ചിരുന്നത് പോലെ തന്നെ ഓണത്തിന് മുന്‍പ് വിതരണം ചെയ്യാനായി. കാഷ്യൂ കോര്‍പറേഷന്‍, കാപ്പെക്‌സ് എന്നിവയ്ക്ക് ഇതിനായി ആവശ്യത്തിലധികം തുകയാണ് അനുവദിച്ചിട്ടുള്ളത്.
അധിക തുക തോട്ടണ്ടി സംഭരണത്തിനായി വിനിയോഗിക്കും. ഇനിയും ബോണസ് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ തീരുമാനമാകത്ത സ്വകാര്യ ഫാക്ടറികളിലെ പ്രശ്‌നങ്ങള്‍
ഓണത്തിന് മുന്‍പ് തന്നെ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ്. അത് സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
മുരുന്തല്‍ കയര്‍വ്യവസായ സഹകരണ സംഘം വളപ്പില്‍ നടന്ന ചടങ്ങില്‍ കലാസമിതി പ്രസിഡന്റ് രാജേഷ് തൃക്കാട്ടില്‍ അധ്യക്ഷനായി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം.എസ്. ഗോപകുമാര്‍, പള്ളിമണ്‍ സിദ്ധാര്‍ത്ഥ ഫൗണ്ടേഷന്‍ സെക്രട്ടറി യു. സുരേഷ്,കുറ്റിയില്‍ സോമന്‍, ഗ്രന്ഥശാലാ സെക്രട്ടറി എസ്. നാസര്‍,സുഗതന്‍ എന്നിവര്‍
സംസാരിച്ചു. ഗ്രന്ഥശാലയുടെ ഓണോപഹാരം പ്രസിഡന്റ് ബേബി ഭാസ്‌ക്കര്‍ മന്ത്രിക്ക് സമ്മാനിച്ചു. 108 വൃദ്ധമാതാക്കള്‍ക്ക് ഓണപ്പുടവയും 35 പേര്‍ക്ക് ഓണക്കിറ്റും മന്ത്രി വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."