സമൃദ്ധിയുടെ തിരുവോണം ഇന്ന്
പാലക്കാട്: സദ്യവട്ടത്തിനുളള സാധനങ്ങളൊരുക്കിയും മുറ്റത്ത് പൂക്കളമൊരുക്കാനും നാടൊന്നാകെ കാത്തിരിക്കുന്ന മലയാളികളുടെ തിരുവോണം ഇന്ന്. ഓണസ്മൃതികളുണര്‍ത്തുന്ന കളികളും പാട്ടുകളുമായി ആഘോഷം തുടങ്ങിക്കഴിഞ്ഞു. മുറ്റത്ത് പൂക്കളമൊരുക്കിയും മാതേവര്‍ വെച്ചും മാബലിയെ വരവേല്‍ക്കുന്നു. വീട്ടുകാരുമൊരുമിച്ച് തിരുവോണമുണ്ണാന്‍ മറുനാട്ടിലുളളവരെല്ലാം വീടുകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
പാലക്കാട്ടെ ഓണക്കാല ഓര്‍മ്മകള്‍ക്ക് നറുപൂക്കളുടെ സുഗന്ധമാണുളളത്. പണ്ടുകാലങ്ങളില്‍ ചിങ്ങമാസ തുടക്കത്തില്‍ തന്നെ മുറ്റത്ത് പൂക്കളങ്ങള്‍ ഇട്ടുതുടങ്ങുന്ന ശീലമുണ്ടായിരുന്നു ഇവിടുത്തുകാര്‍ക്ക്.
വേലിപ്പടര്‍പ്പുകളിലും നാട്ടുവഴികളിലും പൂത്തുലഞ്ഞ പൂക്കളായിരുന്നു അന്ന് മുറ്റങ്ങളില്‍ ഇടംപിടിച്ചിരുന്നത്. ഓണമാകുമ്പോള്‍ വീടുകളില്‍ മാതേവര്‍ വെയ്ക്കുന്ന സമ്പ്രദായവും ഉണ്ടായിരുന്നു. പാടത്തും പറമ്പിലും തേടിയലഞ്ഞു കൊണ്ടുവരുന്ന കളിമണ്ണ് പ്രത്യേക രൂപത്തില്‍ ഉണ്ടാക്കിയെടുക്കുന്നതാണ് മാതേവര്‍. ഇതില്‍ ചുവപ്പുകളര്‍ അടിച്ച് കൂടുതല്‍ ഭംഗിയുളളതാക്കുന്നു. ഓണനാളുകളിലെല്ലാം വീട്ടുമുറ്റത്ത് വെയ്ക്കുന്ന മാതേവറില്‍ ചെണ്ടുമല്ലി പൂക്കള്‍ ഈര്‍ക്കിലയില്‍ കോര്‍ത്ത് കുത്തിവെയ്ക്കുന്നു.
അരിമാവുകൊണ്ടു കോലമെഴുതിയ മുറ്റത്ത് വെയ്ക്കുന്ന മാതേവറിനുചുറ്റും പാട്ടുപാടികളിക്കുന്ന ഓര്‍മ്മകള്‍ ഇപ്പോഴും പഴമക്കാരുടെ മനസ്സിലുണ്ട്. മഹാബലി തമ്പുരാനെ വാഴ്ത്തിയുളള പാട്ടുകളാണ് കൂടുതലും പാടുക. കൂട്ടികളോടൊപ്പം മുതിര്‍ന്നവരും കളിക്കാന്‍ കൂടാറുളളത് ഓണത്തിന്റെ രസകരമായ കാഴ്ചയാണ്. നാടിന്റെ കൂട്ടായ്മയുടെ ഭാഗമാണ് ഇത്തരത്തിലുളള ഓണക്കളി. നാട്ടിലെ മിക്ക വീടുകളിലെയും അംഗങ്ങള്‍ ഒത്തുകൂടിയുളള ഓണക്കളിക്ക് കാരണവന്‍മാര്‍ താളമിടും. കളിക്കാരെ ആവേശം കൊളളിക്കാനാണ് താളമിടുന്നത്. പാട്ടും കളിയുമെല്ലാം കഴിയുമ്പോള്‍ പായസവും ശര്‍ക്കരയാല്‍ കുഴച്ച അവിലും, കളിക്കാര്‍ക്ക് വീട്ടുകാര്‍ നല്‍കാറുണ്ട്.
കാലം മാറിയപ്പോള്‍ ഇത്തരമൊരു കാഴ്ചകളും മണ്‍മറഞ്ഞുപോയി. ഗ്രാമപ്രദേശങ്ങളില്‍ മാത്രമേ ഇപ്പോള്‍ മാതേവര്‍ വെയ്ക്കുന്ന ശീലം കാണുന്നുളളൂ. അതും വളരെ ചുരുക്കം ചിലയിടത്തുമാത്രം. ഓണക്കളികളെല്ലാം അപ്രത്യക്ഷമായി. റെഡിമെയ്ഡിനൊപ്പം സഞ്ചരിക്കുന്ന ഇക്കാലത്ത് മാതേവറും റെഡിമെയ്ഡായി. കളിമണ്ണുതേടിപ്പോകലും രൂപം പിടിക്കലും പ്രായോഗികമല്ലാത്തതിനാല്‍ റെഡിമെയ്ഡ് മാതേവറിനെ കൂട്ടുപിടിച്ചിരിക്കുന്നു.
പണ്ടുകാലത്ത് ഓണക്കാലങ്ങളില്‍ പുത്തിരി ചോറ് ഉണ്ണുന്ന സമ്പ്രദായം ഉണ്ടായിരുന്നു. കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും വീടുകളില്‍ പുത്തിരി ഉണ്ണുന്നത് ചിട്ടയായി കൊണ്ടുപോയിരുന്നു. പുത്തരി ഉണ്ടാല്‍ മാത്രമേ, പുതിയ നെല്ലിന്റെ പദാര്‍ത്ഥങ്ങള്‍ കഴിക്കാന്‍ പാടുളളൂവെന്ന വിശ്വാസമാണ് നിലവിലുണ്ടായിരുന്നത്.
നാള്‍ക്കുനാള്‍ നെല്‍പ്പാടങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പുത്തിരിയുണ്ണാന്‍ നെല്ലും കിട്ടാതെയായി. അതോടെ പുത്തിരി ഉണ്ണുന്ന ശീലവും മറവിയിലകപ്പെട്ടു.
സാധാരണ ഓണക്കാലമാകുമ്പോഴെയ്ക്കും ഒന്നാംവിള കൊയ്ത്തു പാലക്കാട്ട് കഴിയുമായിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. ഇപ്പോഴെ ഒന്നാംവിളയുടെ കതിര്‍ മുളച്ചുവരുന്നതേയുളളു. കാലാവസ്ഥയുടെ വ്യതിയാനമാണ് ഇതിനുകാരണം. ഇങ്ങിനെ കാലാവസ്ഥയില്‍ വരുന്ന മാറ്റം പാലക്കാട്ടെ നെല്‍കൃഷിയേയും ബാധിച്ചു.
പുത്തരി ഇല്ലാതാക്കിയതിനു പിന്നില്‍ ഇതും ഒരു കാരണമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ ഇത്തവണ കൊയ്ത്തു തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."