നിയമസഭാ തെരഞ്ഞെടുപ്പ്: അന്തിമ ചിത്രം ഇന്നറിയാം; പത്രിക പിൻവലിക്കല്‍ വൈകീട്ട് മൂന്ന് വരെ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള സമയപരിധി ഇന്ന് വൈകുന്നേരം മൂന്നു മണി വരെ. മത്സരരംഗത്തുനിന്ന് മാറാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയത്തിനുള്ളിൽ വരണാധികാരികൾക്ക് മുമ്പാകെ അപേക്ഷ നൽകാം. ഇന്ന് വൈകുന്നേരത്തോടെ 140 മണ്ഡലങ്ങളിലായി എത്ര സ്ഥാനാർഥികൾ ജനവിധി തേടുന്നുവെന്നറിയാം. പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ അപരന്മാരെ ഒഴിവാക്കാൻ പാർട്ടികൾ അവസാനഘട്ട ശ്രമത്തിലാണ്. സൂക്ഷ്മ പരിശോധന പൂർത്തിയായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്ക് പ്രകാരം 985 സ്ഥാനാർഥികളാണുള്ളത്. 2,125 നാമനിർദേശ പത്രികകളായിരുന്നു ഇക്കുറി ആകെ ലഭിച്ചത്. 1,757 പത്രികകൾ സ്വീകരിക്കുകയും 357 പത്രികകൾ തള്ളുകയും 11 എണ്ണം പിൻവലിക്കുകയും ചെയ്തു. കൊടുവള്ളി 17, മഞ്ചേശ്വരം 14, തിരുവനന്തപുരം 16 എന്നിവയാണ് കൂടുതൽ സ്ഥാനാർഥികളുള്ള മണ്ഡലങ്ങൾ. മാനന്തവാടി, നാട്ടിക മണ്ഡലങ്ങളിലാണ് കുറവ് സ്ഥാനാർഥികളുള്ളത്. മൂന്ന് പേർ വീതം.
പത്രിക പിൻവലിക്കൽ പൂർത്തിയാകുന്നതോടെ ഓരോ മണ്ഡലത്തിലെയും അന്തിമ സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക തയാറാക്കിയാലുടൻ തന്നെ ഓരോ സ്ഥാനാർഥിക്കും തെരഞ്ഞെടുപ്പ് ചിഹ്നങ്ങളും അനുവദിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികൾക്ക് അവരുടെ പാർട്ടി ചിഹ്നങ്ങളും സ്വതന്ത്ര സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ചിട്ടുള്ള പട്ടികയിൽ നിന്നുള്ള ചിഹ്നങ്ങളുമാണ് അനുവദിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."