ആഗോള വിദ്യാഭ്യാസം വൻ പ്രതിസന്ധിയിൽ? 273 ദശലക്ഷം കുട്ടികൾ സ്‌കൂളിന് പുറത്തെന്ന് യുനെസ്കോ; പശ്ചിമേഷ്യൻ സംഘർഷം സ്ഥിതി ഗുരുതരമാക്കുന്നു
പാരിസ്: ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ മേഖല അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് യുനെസ്കോയുടെ പുതിയ റിപ്പോർട്ട്. 2024-ലെ കണക്കുകൾ പ്രകാരം 273 ദശലക്ഷം കുട്ടികളും യുവാക്കളുമാണ് സ്‌കൂൾ വിദ്യാഭ്യാസത്തിന് പുറത്തുള്ളത്. യുനെസ്കോ പ്രസിദ്ധീകരിച്ച "2026 GEM റിപ്പോർട്ട് - ആക്‌സസ് ആൻഡ് ഇക്വിറ്റി: കൗണ്ട്‌ഡൗൺ ടു 2030" ലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. ലോകത്തെ ആറ് കുട്ടികളിൽ ഒരാൾ വീതം വിദ്യാഭ്യാസത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സംഘർഷങ്ങൾ വില്ലനാകുന്നു
പശ്ചിമേഷ്യയിലെ ഉൾപ്പെടെയുള്ള പ്രാദേശിക സംഘർഷങ്ങൾ വിദ്യാഭ്യാസ മേഖലയെ തകർത്തെറിഞ്ഞിരിക്കുകയാണ്. യുദ്ധം ബാധിച്ച പ്രധാനപ്പെട്ട 10 രാജ്യങ്ങളിലായി ഏകദേശം 13 ദശലക്ഷം കുട്ടികൾക്ക് പഠനം പൂർണ്ണമായും തടസപ്പെട്ടു. പലയിടങ്ങളിലും സ്‌കൂളുകൾ അടച്ചുപൂട്ടിയതും അഭയാർത്ഥി പ്രവാഹവുമാണ് കുട്ടികളെ ക്ലാസ് മുറികളിൽ നിന്ന് അകറ്റുന്നത്.
പ്രധാന കണ്ടെത്തലുകൾ:
സ്‌കൂളിൽ പ്രവേശനം ലഭിക്കുന്ന കുട്ടികളിൽ പോലും പഠന നിലവാരം വളരെ താഴെയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന പഠന സാമഗ്രികളുടെ അഭാവം, പരിശീലനം ലഭിക്കാത്ത അധ്യാപകർ, തിരക്കേറിയ ക്ലാസ് മുറികൾ എന്നിവ പ്രധാന വെല്ലുവിളികളാണ്.സ്‌കൂളിൽ എത്തുന്നവരിൽ മൂന്നിൽ രണ്ട് വിദ്യാർത്ഥികൾ മാത്രമേ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്നുള്ളൂ.സാങ്കേതികവിദ്യ വികസിക്കുന്നുണ്ടെങ്കിലും ദശലക്ഷക്കണക്കിന് കുട്ടികൾക്ക് ഇന്നും ഇന്റർനെറ്റോ ഡിജിറ്റൽ ഉപകരണങ്ങളോ ലഭ്യമല്ല. ഇത് അസമത്വം വർദ്ധിപ്പിക്കുന്നു.താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കാൻ ഫണ്ടിന്റെ അഭാവം തടസ്സമാകുന്നു.
പ്രതീക്ഷയുടെ കിരണങ്ങൾ
വെല്ലുവിളികൾക്കിടയിലും ചില രാജ്യങ്ങൾ കൈവരിച്ച നേട്ടങ്ങളെ റിപ്പോർട്ട് അഭിനന്ദിക്കുന്നുണ്ട്. 2000-മാണ്ടിന് ശേഷം സ്‌കൂൾ വിട്ടുപോകുന്നവരുടെ എണ്ണത്തിൽ 80 ശതമാനത്തോളം കുറവ് വരുത്താൻ മഡഗാസ്കർ, ടോഗോ, മൊറോക്കോ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾക്കായി. കോട്ട് ഡി ഐവയർ എല്ലാ പ്രായവിഭാഗങ്ങളിലും സ്‌കൂൾ കൊഴിഞ്ഞുപോക്ക് പകുതിയായി കുറച്ചു.
"2030-ഓടെ എല്ലാവർക്കും തുല്യമായ വിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ സർക്കാരുകളും അന്താരാഷ്ട്ര സംഘടനകളും യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണം. കുട്ടികളെ സ്‌കൂളിലെത്തിക്കുക മാത്രമല്ല, അവർ അവിടെ തുടരുന്നുവെന്നും കൃത്യമായി പഠിക്കുന്നുവെന്നും ഉറപ്പാക്കേണ്ടതുണ്ട്." എന്നാണ് യുനെസ്കോ റിപ്പോർട്ട്
വ്യവസ്ഥാപരമായ തടസ്സങ്ങൾ പരിഹരിക്കാനും പെൺകുട്ടികൾ, ഭിന്നശേഷിക്കാർ, ഗ്രാമീണ മേഖലയിലുള്ളവർ എന്നിവർക്ക് മുൻഗണന നൽകിക്കൊണ്ടുള്ള വിദ്യാഭ്യാസ നയങ്ങൾ ആവിഷ്കരിക്കാനും യുനെസ്കോ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."