ആസ്വാദകരുടെ മനംകവര്‍ന്ന് ഡി.ടി.പി.സി ഓണാഘോഷം
കോഴിക്കോട്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഓണാഘോഷത്തിന്റെ മൂന്നാം ദിവസവും കലാപ്രേമികളുടെ മനം കവര്‍ന്നു. അറബിക്കടലിന്റെ തീരത്തു പെയ്തിറങ്ങിയ ഗസലും മോഹിനിയാട്ടവുമെല്ലാം ആഘോഷത്തിനു മാറ്റുകൂട്ടി.
പ്രധാന വേദിയായ മാനാഞ്ചിറയില്‍ അമ്പെയ്ത്തു മത്സരത്തോടെയാണു പരിപാടികള്‍ തുടങ്ങിയത്. തുടര്‍ന്നു കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റും അരങ്ങേറി.
വുഷു പ്രദര്‍ശനം, നാടന്‍പാട്ട്, തെയ്യം, ഗോത്ര നൃത്തം എന്നിവയും ആഘോഷത്തിനു പൊലിമ പകര്‍ന്നു. ബീച്ച് ഓപണ്‍ സ്റ്റേജില്‍ നിറഞ്ഞ സദസിനു മുന്നിലാണു പരിപാടികള്‍ നടന്നത്.
ഗുജറാത്തി നൃത്തത്തോടെയായിരുന്നു തുടക്കം. ആസ്വാദകരില്‍ ചിരിപടര്‍ത്തി കോമഡി ഷോയും അരങ്ങേറി. ഉമ്പായിയുടെ ഗസല്‍ ഹൃദയത്തിലേക്കാണ് ഒഴുകിയെത്തിയത്. ഭട്ട് റോഡ് ബീച്ച് ഓപണ്‍ സ്റ്റേജില്‍ സംഗീത സായാഹ്നത്തിനു സാക്ഷിയാകാന്‍ നിരവധി പേര്‍ തടിച്ചുകൂടി. ടൗണ്‍ഹാളില്‍ അരങ്ങേറിയ ഗണിതകാലം നാടകവും നിറഞ്ഞ സദസിനു മുന്നിലായിരുന്നു. മോഡല്‍ സ്‌കൂളില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഓട്ടന്‍തുള്ളല്‍ എന്നിവയായിരുന്നു ആസ്വാദകരെ പിടിച്ചിരുത്തിയത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സാഹിത്യോത്സവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."