ഓണം കൊഴുപ്പിക്കാന്‍ മാഹിയില്‍ നിന്ന് മദ്യമൊഴുകുന്നു
കോഴിക്കോട്: ഓണാഘോഷം കൊഴുപ്പിക്കാന്‍ മാഹിയില്‍ നിന്നു വന്‍തോതില്‍ മദ്യക്കടത്ത് സജീവം. എക്‌സൈസിന്റെയും പൊലിസിന്റെയും കണ്ണുവെട്ടിച്ചാണു വന്‍കിട ലോബിയുടെ മദ്യക്കടത്ത്.
ഓണം സീസണില്‍ മാഹിയില്‍ നിന്നു മദ്യം ഒഴുകുന്നതു തടയാന്‍ അതിര്‍ത്തികളില്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മദ്യക്കടത്തിനു കുറവില്ല. ആഡംബര കാറുകളിലും മറ്റു ചെറുകിട വാഹനങ്ങളിലുമാണു പ്രധാനമായും കോഴിക്കോട്ടേക്കു മദ്യമെത്തുന്നത്. ട്രെയിനുകള്‍ വഴിയും മദ്യമെത്തുന്നുണ്ട്. പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയുടെയും കോഴിക്കോട് ജില്ലയുടെയും അതിര്‍ത്തിയായ അഴിയൂരില്‍ എക്‌സൈസ് ചെക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ കാവലുള്ള ഉദ്യോഗസ്ഥരെ നോക്കുകുത്തിയാക്കിയാണ് ആഡംബര കാറുകള്‍ മദ്യവുമായി ചീറിപ്പായുന്നത്.
കോഴിക്കോട് നഗരത്തില്‍ മാഹി മദ്യം മൊത്തമായി വിതരണം ചെയ്യുന്ന ഏജന്റുമാരാണ് ഇതിനു പിന്നിലെന്ന് എക്‌സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. ബാറുകള്‍ പൂട്ടിയതോടെയാണു മാഹിയില്‍ നിന്നു ജില്ലയിലേക്കു വന്‍തോതില്‍ മദ്യക്കടത്ത് ആരംഭിച്ചത്. അഴിയൂരിലെ ചെക്ക്‌പോസ്റ്റ് കേന്ദ്രീകരിച്ചുള്ള പരിശോധന കര്‍ശനമാക്കി നിലനിര്‍ത്തിയാല്‍ ഒരളവു വരെ റോഡ് മാര്‍ഗമുള്ള കടത്ത് പ്രതിരോധിക്കാം. നേരത്തെ ഷാഡോ പൊലിസിന്റെ കര്‍ശനമായ നിരീക്ഷണമുണ്ടായിരുന്നു. ഇപ്പോള്‍ ഇതു കാര്യക്ഷമമല്ലെന്നു വിമര്‍ശനമുണ്ട്.
ട്രെയിനുകളില്‍ ഉള്‍പ്പെടെ പരിശോധന കര്‍ശനമല്ലാത്തതിന്റെ ആനുകൂല്യത്തിലാണു മദ്യം കടത്തുന്നത്. ട്രെയിന്‍ വഴി ഗോവയില്‍ നിന്നും മദ്യം കടത്തുന്നുണ്ട്. ഏറ്റവും ഒടുവിലായി തിങ്കളാഴ്ച എറണാകുളത്തേക്കുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ നിന്ന് 160 കുപ്പി ഗോവന്‍ നിര്‍മിത വിദേശമദ്യം ആര്‍.പി.എഫ് പിടികൂടിയിരുന്നു. നികുതി കുറവായതിനാല്‍ കേരളത്തെക്കാള്‍ 40 ശതമാനം വിലക്കുറവില്‍ മദ്യം ലഭിക്കുമെന്നതാണു മാഹിയില്‍ നിന്നു മദ്യക്കടത്ത് കൂടാനുള്ള പ്രധാന കാരണം. കേരളത്തില്‍ ബാറുകള്‍ അടച്ചതോടെ കണ്ണൂരിലെയും കോഴിക്കോട്ടെയും മദ്യപന്മാര്‍ മാഹിയെയാണ് ആശ്രയിക്കുന്നത്.
ഓണം സീസണില്‍ കരിഞ്ചന്തയില്‍ വില്‍പന നടത്താന്‍ ഉദ്ദേശിച്ചാണു മദ്യലോബി വിവിധ മാര്‍ഗങ്ങളിലൂടെ മദ്യക്കടത്ത് നടത്തുന്നത്. മാഹിയുടെ ഒന്‍പത് ചതുരശ്ര കിലോ മീറ്ററിനുള്ളില്‍ 34 ബാറുകളും 30 മൊത്ത-ചില്ലറ മദ്യശാലകളും പ്രവര്‍ത്തിക്കുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ ഇതിലും ഏറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."