വിസ്മൃതിയിലാഴുന്ന ഓണത്തെയ്യങ്ങള്‍
കണ്ണൂര്‍: ഓണനാളുകളില്‍ കെട്ടിയാടിയിരുന്ന ഓണത്താറുകള്‍ വിസ്മൃതിയിലേക്ക്. ചിങ്ങമാസത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ ഓണത്താര്‍ എന്ന കുട്ടിത്തെയ്യം കെട്ടിയാടുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ കാലം മാറുന്നതിനൊപ്പം ഓണസങ്കല്‍പങ്ങളും മാറിത്തുടങ്ങി. പരമ്പരാഗതമായ ഈ അനുഷ്ഠാനം തുടര്‍ന്നു കൊണ്ടുപോകാന്‍ അധികമാരും മുന്നോട്ടു വരാത്തതിനാല്‍ ആചാരങ്ങളെ മുറുകെപിടിക്കുന്ന അപൂര്‍വം ചിലര്‍ മാത്രമാണ് ഇപ്പോള്‍ ഓണത്താര്‍ കെട്ടിയാടുന്നത്. ഉത്തരകേരളത്തില്‍ ഓണത്തിന് മാത്രമുള്ള തെയ്യമാണ് ഓണത്തെയ്യം. മഹാബലി സങ്കല്‍പത്തിലുള്ള ഈ നാട്ടുദൈവത്തിനെ ഓണത്താര്‍ എന്നാണ് വിളിക്കുന്നത്. വണ്ണാന്‍ സമുദായത്തിലെ ആളുകളാണ് ഓണത്തെയ്യം കെട്ടിയാടുന്നത്. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം നാളുകളിലാണ് തെയ്യം വീടുവീടാന്തരം കയറുന്നത്. ആണ്‍കുട്ടികളാണ് ഓണത്താര്‍ കെട്ടുക. മുഖത്ത് തേപ്പും ചെറിയ മുടിയും വലതുകൈയില്‍ മണിയും ഇടതുകൈയില്‍ ഓണവില്ലുമായി തെയ്യം വീടുതോറും കൊട്ടിപ്പാടി നടക്കുന്നു. ഒപ്പമുള്ള ആള്‍ ചെണ്ടകൊട്ടുകയും പാടുകയും ചെയ്യുന്നു. നാട്ടിലെ മാരിയും ചൂരിയും അകറ്റി സമ്പത്തും സമൃദ്ധിയും ക്ഷേമ, ഐശ്വര്യാദികളും പ്രദാനംചെയ്യാന്‍ എത്തുന്ന നാട്ടുദൈവമാണ് ഓണത്താര്‍. ഭംഗിയുള്ള ചമയങ്ങള്‍ ധരിച്ച് നാട്ടിലെ വിശേഷങ്ങള്‍ കണ്ട്, പ്രജകളുടെ സല്‍ക്കാരം സ്വീകരിക്കാന്‍ ആണ്ടുതോറും മഹാബലി എഴുന്നള്ളുന്നുവെന്നും പുരാവൃത്തമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."