ജനതാദള്‍ (എസ്) പ്രസിഡന്റിനെ മാറ്റല്‍; അടുത്തയാഴ്ച ബംഗളൂരുവില്‍ വീണ്ടും ചര്‍ച്ച
കോഴിക്കോട്: സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ജനതാദള്‍ എസില്‍ ഉടലെടുത്ത തര്‍ക്കം പരിഹരിക്കാന്‍ അടുത്തയാഴ്ച ബംഗളൂരുവില്‍ വീണ്ടും ചര്‍ച്ച നടക്കും. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നും എ നീലലോഹിത ദാസന്‍ നാടാരെ മാറ്റണമെന്ന ആവശ്യത്തില്‍ ഭൂരിപക്ഷം ഭാരവാഹികളും ഉറച്ചു നില്‍ക്കുകയാണ്.
കഴിഞ്ഞ ദിവസം ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നെങ്കിലും പരിഹാരമാവാത്തതിനെ തുടര്‍ന്നാണ് വിശദമായ ചര്‍ച്ചയ്ക്ക് സംസ്ഥാന ഭാരവാഹികള്‍, ദേശീയ സമിതി അംഗങ്ങള്‍, എം.എല്‍.എമാര്‍ എന്നിവരോട് ബംഗളൂരുവിലേക്ക് അടുത്തയാഴ്ച എത്താനായി ദേശീയ പ്രസിഡന്റ് എച്ച്.ഡി ദേവഗൗഡ നിര്‍ദേശിച്ചത്. കഴിഞ്ഞ ദിവസം തിരുവല്ല റസ്റ്റ് ഹൗസില്‍ വച്ചായിരുന്നു ദേവഗൗഡ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തിയത്. നേതാക്കളെ ഒറ്റയ്ക്കും കൂട്ടായും കണ്ട് ചര്‍ച്ച നടത്തിയെങ്കിലും നീലലോഹിതദാസന്‍ നാടാരെ മാറ്റുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ സാധിച്ചില്ല. നീലനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റണമെന്ന സംസ്ഥാന നേതാക്കളുടെ ആവശ്യം ഏറെക്കുറെ അംഗീകരിച്ചെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാതെ ദേവഗൗഡ മടങ്ങുകയായിരുന്നു.
സംസ്ഥാന പ്രസിഡന്റായിരുന്ന മാത്യു ടി. തോമസ് മന്ത്രിയായതോടെയാണ് നീലലോഹിതദാസന്‍ പ്രസിഡന്റ് പദവിയിലെത്തിയത്. എന്നാല്‍ ഏറെക്കഴിയുന്നതിന് മുന്‍പ് ഇദ്ദേഹത്തിനെതിരേ ഒരു വിഭാഗം രംഗത്തുവന്നു. സംസ്ഥാന പ്രസിഡന്റ് ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നാണ് ഇവരുടെ പരാതി.
തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ മാറ്റിയതോടെയാണ് തര്‍ക്കം രൂക്ഷമായത്. ഇതോടെ കേരളത്തില്‍ നിന്നുള്ള 28 നേതാക്കള്‍ കഴിഞ്ഞ 18ന് ബംഗളൂരുവില്‍ എത്തി ദേവഗൗഡയെ കണ്ട് നീലനെതിരേ പരാതി നല്‍കി. സംസ്ഥാന സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘം നല്‍കിയ പരാതി ദേശീയ പ്രസിഡന്റ് ഗൗരവത്തോടെ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെത്തി തീരുമാനമെടുക്കാമെന്ന് ദേവഗൗഡ അന്ന് സംസ്ഥാന നേതാക്കള്‍ക്ക് വാക്കുനല്‍കിയത്.
മന്ത്രിസഭാ തീരുമാനത്തിന് ശേഷം വിവിധ ബോര്‍ഡുകള്‍, കോര്‍പറേഷന്‍ എന്നിവയിലേക്കും ജെ.ഡി.എസിന്റെ പ്രാതിനിധ്യം ഉറപ്പിക്കാന്‍ പ്രസിഡന്റിന് സാധിച്ചില്ലെന്നതാണ് പ്രധാന പരാതി. സി.പി.എമ്മിന് നീലലോഹിതദാസന്‍ നാടാരെ ഒട്ടും താല്‍പര്യമില്ലാത്തതിനാല്‍ പാര്‍ട്ടിയെക്കൂടി അത് ബാധിക്കുന്ന തരത്തിലാണ് കാര്യങ്ങളെന്നും നേതാക്കള്‍ പരാതി പറഞ്ഞിരുന്നു. മാത്രവുമല്ല മെമ്പര്‍ഷിപ്പ് കാംപയിനും വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ലെന്ന ആക്ഷേപവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."