ഇളവുമായി സി.ബി.എസ്.ഇ; ആറുവയസു തികയാൻ മൂന്ന് മാസം ബാക്കിയുള്ളവർക്കും ഒന്നാംക്ലാസ് പ്രവേശനം
കൊച്ചി: ഒന്നാം ക്ലാസ് പ്രവേശനത്തിന് കുറഞ്ഞ പ്രായം ആറുവയസ് തന്നെയാണെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. അതേസമയം ആറുവയസ് തികയാൻ മൂന്നുമാസം ബാക്കിയുള്ളവർക്കും പ്രവേശനം അനുവദിക്കാൻ ഇളവ് ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.
കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരള (സി.സി.എസ്.കെ) സംഘടിപ്പിച്ച സ്‌കൂൾ മാനേജ്‌മെന്റുകളുടെയും പ്രിൻസിപ്പൽമാരുടെയും യോഗത്തിൽ സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭർദ്വാജ്, അഫിലിയേഷൻ ജോയിന്റ് സെക്രട്ടറി ജയപ്രകാശ് ചതുർവേദി എന്നിവരാണ് ഇക്കാര്യം വിശദീകരിച്ചത്.
ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) 2020ഉം വിദ്യാഭ്യാസ അവകാശ നിയമവും (ആർ.ടി.ഇ) അനുസരിച്ച് ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറുവയസാണെന്ന് അധികൃതർ ആവർത്തിച്ചു. നിശ്ചിതപ്രായത്തിന് മൂന്നുമാസം മുമ്പ് പ്രവേശനം നൽകാൻ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ അക്കാദമിക് കലണ്ടറുകളിലും പ്രവേശനരീതികളിലുമുള്ള വ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന പ്രായോഗികപ്രശ്‌നങ്ങൾ പരിഹരിക്കാൻ തീരുമാനം സഹായകരമാകും.
പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ബോർഡ് പരീക്ഷ എഴുതുന്നതിന് വിദ്യാർഥികൾക്ക് ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. പ്രായപരിധി സംബന്ധിച്ച അർഹത സംസ്ഥാന സർക്കാരുകളുടെ നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും.
കായികരംഗത്തെപ്പോലെ പ്രായം അക്കാദമിക് പ്രകടനത്തെ നിർണയിക്കുന്ന ഘടകമല്ലാത്തതിനാൽ സൗകര്യപ്രദമായ സമീപനമാണ് സി.ബി.എസ്.ഇ പിന്തുടരുന്നതെന്ന് അധികൃതർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."