തിരുവനന്തപുരത്ത് എട്ടു വയസ്സുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചു; കടിയേറ്റത് ഉറങ്ങുന്നതിനിടെ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. തിരുവനന്തപുരത്ത് നിന്നാണ് അവസാനത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂരില്‍ എട്ടു വയസ്സുകാരനാണ് കടിയേറ്റത്. മൂലയില്‍ വീട്ടില്‍ ദിലീപ് അനു ദമ്പതികളുടെ മകന്‍ ദിക്ഷലിന് ഉറങ്ങുന്നതിനിടെയാണ് പാമ്പുകടിയേറ്റതെന്നാണ് വിവരം. എന്നാല്‍ വെളുപ്പിന് നാല് മണിയോടെയാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം വീട്ടുകാര്‍ക്ക് മനസ്സിലായത്.
ഉടന്‍ ചിറയിന്‍കീഴ് ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കി. അവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ വീട്ടില്‍ നിന്ന് ഒരു മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയിട്ടുണ്ട്.
സംസ്ഥാനത്ത് പാമ്പ് കടിച്ചതുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്നലെ തൃശൂര്‍ വാണിയംപാറയില്‍ രണ്ടര വയസ്സുകാരന് പാമ്പ് കടിയേറ്റിരുന്നു. കൊമ്പഴ മാളിയേക്കല്‍ വീട്ടില്‍ ശ്യാം പീറ്ററിന്റെ മകന്‍ ആദമിനാണ് കടിയേറ്റത്. രാവിലെ വീടിനുള്ളിലെ ശുചിമുറിയില്‍ വെച്ചാണ് കുട്ടിയെ പാമ്പ് കടിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതീവ വിഷമുള്ള ശംഖുവരയന്‍ പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് സൂചന. പിന്നീട് കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മുന്‍പത്തെ ദിവസം തൃശൂരില്‍ തന്നെ എട്ടു വയസ്സുകാരന്‍ പാമ്പുകടിയേറ്റ് മരണപ്പെട്ടിരുന്നു. കൊടകര മറ്റത്തൂരില്‍ കടമ്പോട് കാവുങ്ങല്‍ സില്‍ജോയുടെ മകന്‍ അല്‍ജോ ആണ് മരിച്ചത്. അല്‍ജോയുടെ സഹോദരന്‍ 10 വയസ്സുള്ള അലോജിനും കടിയേറ്റരുന്നു. ഉറങ്ങിക്കിടക്കവേയാണ് ഇവര്‍ക്ക് പാമ്പു കടിയേറ്റത്.
വീട്ടിലെ കിടപ്പുമുറിയില്‍ അമ്മ ജോണ്‍സിക്കൊപ്പം കിടന്നുറങ്ങിയതായിരുന്നു കുട്ടികള്‍. പുലര്‍ച്ചെ രണ്ടു മണിയോടെ കുട്ടികള്‍ക്ക് അസ്വസ്ഥത തോന്നുന്നുവെന്നു പറഞ്ഞ് അമ്മയെ വിളിച്ചുണര്‍ത്തി. വയറുവേദന എന്നാണ് പറഞ്ഞത്. കഴിഞ്ഞ ദിവസം വെള്ളിക്കുളങ്ങരയില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത കുടുംബം അവിടെനിന്ന് ഭക്ഷണം കഴിച്ചിരുന്നു. തിരിച്ചെത്തി ജ്യൂസും കുടിച്ചിരുന്നു. അതുമൂലമുണ്ടായ പ്രശ്നമാകാം എന്നു കരുതി അമ്മ കുട്ടികള്‍ക്കു ചൂടുവെള്ളം കുടിക്കാന്‍ കൊടുത്തു.
കുട്ടികള്‍ വീണ്ടും ഉറങ്ങാന്‍ കിടന്നു. എന്നാല്‍ അഞ്ചരയോടെ മൂത്ത കുട്ടി അലോജ് അമ്മയെ വിളിച്ചുണര്‍ത്തി വീണ്ടും അസ്വസ്ഥത തോന്നുന്നുവെന്നു പറഞ്ഞു. അപ്പോഴേക്കും അല്‍ജോ തീര്‍ത്തും അവശനിലയിലായിരുന്നു. ഭക്ഷ്യവിഷബാധയാകാം എന്നുകരുതിയാണ് കുട്ടികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ രോഗലക്ഷണം കണ്ട് സംശയം തോന്നിയ ഡോക്ടര്‍ കുട്ടികള്‍ക്കു പാമ്പുകടിയേറ്റതാകാമെന്നു പറഞ്ഞു. ശരീരത്തില്‍ പാമ്പു കടിച്ച പാടും കണ്ടെത്തി.
തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കുട്ടികളുടെ മുറി പരിശോധിച്ചപ്പോഴാണ് കിടക്കയില്‍ തലയിണയുടെ അടിയില്‍ പാമ്പിനെ കണ്ടത്. മുറ്റത്തെ കിണറ്റുകരയില്‍ വെച്ച് മധ്യവയസ്‌ക്കയെ പാമ്പ് കടിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
an 8 year old boy died after a snake bite in thiruvananthapuram kerala, despite being rushed to hospital for treatment
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."