കുളത്തൂപ്പുഴയില്‍ വീട്ടമ്മക്ക് സൂര്യതാപമേറ്റു; കൈകളില്‍ പൊള്ളല്‍; ജാഗ്രത നിര്‍ദേശം
കുളത്തൂപ്പുഴ: വേനല്‍ ചൂട് കനത്തതോടെ കുളത്തൂപ്പുഴയില്‍ വീട്ടമ്മക്ക് സൂര്യതാപമേറ്റു. കുളത്തൂപ്പുഴ സ്വദേശി ബിന്ദുവിനാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ സൂര്യതാപമേറ്റത്. യുവതിയുടെ കൈകള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.
ബാങ്ക് ഇടപാടുകള്‍ക്കായി ടൗണിലെത്തി മടങ്ങവെയാണ് ഇവര്‍ക്ക് ഇരു കൈകളിലും പുകച്ചില്‍ അനുഭവപ്പെട്ടത്. ഉടന്‍തന്നെ തൊട്ടടുത്ത കടയിലേക്ക് മാറിയെങ്കിലും കൈകള്‍ പൊള്ളി കുമിള വന്നു. ഇതോടെയാണ് സൂര്യതാപമേറ്റെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയായിരുന്നു.
അതേസമയം ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം. നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവര്‍ തണലില്‍ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. സാധാരണമല്ലാത്ത ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അഭ്യര്‍ഥിച്ചു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയും ആരോഗ്യ വകുപ്പും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി.
തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. വളരെ ഉയര്‍ന്ന ശരീര താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വറ്റിവരണ്ട ചുവന്ന ചര്‍മ്മം, ശക്തമായ തലവേദന, തലകറക്കം, ഓക്കാനം, ബോധക്ഷയം, കഠിനമായ ക്ഷീണം എന്നിവ തോന്നിയാല്‍ ശ്രദ്ധിക്കണം. വെയിലില്‍ നിന്ന് തണലിലേക്ക് മാറി വിശ്രമിക്കുക. കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക. ധാരാളം വെള്ളം കുടിക്കുക. തണുത്ത വെള്ളം കൊണ്ട് ദേഹം തുടയ്ക്കുക. കാറ്റ് കൊള്ളുക, വീശുക, ഫാനോ എ.സിയോ ഉപയോഗിക്കുക. ഡോക്ടറെ കാണിച്ചു ചികിത്സ തേടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."