ഓടയില്‍ മലിനജലം കെട്ടിക്കിടക്കുന്നു; പകര്‍ച്ചവ്യാധി ഭീതിയില്‍ പരിസരവാസികള്‍
പട്ടാമ്പി: റോഡ് നവീകരണത്തിന്റെ ഭാഗമായി പുനര്‍ നിര്‍മിച്ച ഓടകളില്‍ മലിനജലം കെട്ടിക്കിടന്ന് പകര്‍ച്ച വ്യാധി രോഗങ്ങള്‍ക്ക് ഇടവരുത്തുന്നതായി ആക്ഷേപം. മഞ്ഞളുങ്ങല്‍ - കൊണ്ടൂര്‍ക്കര റോഡ് നവീകരണത്തിന്റെ ഭാഗമായി ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച ഓടകളിലെ വെള്ളമാണ് ഒഴുകിപോകാനാവാത്ത വിധം തടസപ്പെട്ട രീതിയില്‍ ഓടകളില്‍ തന്നെ കെട്ടിക്കിടക്കുന്നത്. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്ത് കൊതുകുകളും മറ്റു സാംക്രമിക ജീവികളും പെരുകിയിട്ടുണ്ടെന്നും പരിസരവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇതിന് മുകളില്‍ സ്‌ലാബുകള്‍ ഇട്ടിട്ടില്ല. അമാന്‍ നഗര്‍ ഭാഗത്തുള്ള ഓടകളിലാണ് വെള്ളം ഒഴുകിപോകാനാവാത്ത വിധം തടസപ്പെട്ട് നില്‍ക്കുന്നത്. റോഡ് തകര്‍ച്ചയില്‍ ആദ്യം ഈ പ്രദേശത്തായിരുന്നു റോഡില്‍ വെള്ളം കെട്ടിക്കിടന്നിരുന്നത്. ഓടകള്‍ പുനര്‍ നിര്‍മിച്ചതോടെ റോഡിലെ വെള്ളം ഓടകളിലേക്ക് ഒഴുകിയെങ്കിലും സ്ലാബിട്ട് പുനര്‍നിര്‍മിച്ച പാലത്തിന് അടിയിലൂടെ വെള്ളം ഒഴുകിപോകുന്നില്ല. പരിസരപ്രദേശത്തെ സ്വകാര്യവ്യക്തികളുടെ സ്ഥലത്തേക്ക് വെള്ളം ഒഴുകിവരുന്നത് കൊണ്ട് ഇവര്‍ വെള്ളം ഒഴുകിവരുന്ന സ്ഥലം അടച്ചതിനാലാണ് ഓടകളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ കാരണമായത്.
അതെ സമയം ഇടവിട്ട് പെയ്യുന്ന മഴയില്‍ ഓടകളില്‍ വെള്ളം നിറയുകയും കെട്ടികിടക്കുകയും ചെയ്യുന്നതിനാല്‍ മാസങ്ങളായി പരിസരപ്രദേശത്തുള്ളവര്‍ക്ക് വിറയല്‍ പനിയും മറ്റു രോഗങ്ങളും വിട്ടുമാറാത്ത അവസ്ഥയാണ്. വെള്ളം ഒഴുക്കിവിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം കൊടുക്കാന്‍ തയ്യാറായിരിക്കുകയാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."