സിനിമയുടെ സ്വാധീനത്താല്‍ അരുംകൊല: ദുരുപയോഗം ചെയ്തത് സാങ്കേതികവിദ്യ
കണ്ണൂര്‍: സുഹൃത്തിനെ കൊലക്കത്തിക്കിരയാക്കിയ ടാക്‌സി ഡ്രൈവര്‍ രാഗേഷ് പഴുതടക്കാന്‍ കൂട്ടുപിടിച്ചത് സാങ്കേതിക വിദ്യ. അടുത്തകാലത്തിറങ്ങിയ ഒരുസിനിമയുടെ സ്വാധീനം കൊലപാതകത്തില്‍ തെളിഞ്ഞതായി പൊലിസ് പറയുന്നു. ആധുനിക സൈബര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് രാഗേഷ് പഴുതടക്കാന്‍ ശ്രമിച്ചപ്പോള്‍ അതേ സാങ്കേതിക വിദ്യ തന്നെ പൊലിസിനും പ്രതിയെ കണ്ടെത്താന്‍ തുണയായി. തന്റെ കാമുകിയും സുഹൃത്തായ രജീഷുമായുള്ള ബന്ധം ഇയാള്‍ മൊബൈലിലൂടെയാണ് ചോര്‍ത്തിയെടുത്തത്. ബക്കളത്തുള്ള കാമുകിക്ക് ഇയാള്‍ സിംകാര്‍ഡു സഹിതമുള്ള ഒരു മൊബൈല്‍ ഫോണ്‍ ഇയാള്‍ ആറുമാസം മുന്‍പ് വാങ്ങി നല്‍കിയിരുന്നു. ഒരു നമ്പറില്‍ നിന്ന് മൂന്ന് വാട്‌സ് ആപ്പ് സൃഷ്ടിക്കുകയും അതിലെ വിവരങ്ങള്‍ തന്റെ ഫോണ്‍ ഉപയോഗിച്ചു ചോര്‍ത്തിയെടുക്കുകയും ചെയ്തിരുന്നു. കാമുകിയും രജീഷുമായുള്ള ബന്ധം മനസിലാക്കിയ ഇയാള്‍ ഈ വിഷയത്തെ തുടര്‍ന്ന് അവരുമായി നിരന്തരം കലഹിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് രാഗേഷ് നല്‍കിയ മൊബൈലും സിമ്മും കാമുകിയായ യുവതി ഉപേക്ഷിച്ചു. ഇവര്‍ പിന്നീട് സ്വന്തമായി ഫോണും സിംകാര്‍ഡും വാങ്ങി. സ്വന്തം നിലയില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി. ഇയാള്‍ക്ക് നേരത്തെ നല്‍കിയ സിംകാര്‍ഡ് കമ്പിനി മറ്റൊരു ഉപഭോക്താവിനു നല്‍കിയിരുന്നു. സേവനദാതാക്കളുമായി ബന്ധപ്പെട്ട് ഈ നമ്പര്‍ വയനാട്ടിലെ ഒരു കോളജ് വിദ്യാര്‍ഥിയാണ് ഉപയോഗിക്കുന്നതെന്ന് മനസിലാക്കിയ രാഗേഷ് ഇയാളെ സമീപിച്ചു. തന്റെ പഴയ വാട്‌സ് ആപ്പില്‍ വിലപ്പെട്ട പലവിവരങ്ങളുണ്ടെന്നും അതുതിരിച്ചെടുക്കാന്‍ ഐഡി നമ്പര്‍ തരണമെന്നും അഭ്യര്‍ഥിച്ചു. ഇങ്ങനെ നമ്പര്‍ കരസ്ഥമാക്കിയ രാഗേഷ് സ്വന്തം കാമുകിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് നുഴഞ്ഞുകയറി. അതിലെ പുതിയ വിവരങ്ങള്‍ ചോര്‍ത്തിയെടുത്തു. കാമുകി പുതിയ അടുപ്പക്കാരനായ രജീഷുമായി ബന്ധപ്പെടാന്‍ മാത്രമായി ഒരു ഫോണ്‍ കണക്ഷനുണ്ടായിരുന്നു. ഈ ഫോണിലെയും വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ രാഗേഷിനായി. അതില്‍ രജീഷും യുവതിയും കാറില്‍ സഞ്ചരിക്കുന്ന ചിത്രമുണ്ടായിരുന്നു. ഈ ദൃശ്യം രാഗേഷ് തന്റെ സുഹൃത്തുക്കള്‍ക്ക് കൈമാറി. രജീഷിനെ കൊന്നു ആത്മഹത്യചെയ്യാനായിരുന്നു ഇയാളുടെ തീരുമാനം.കൊലപാതകത്തിനു ശേഷം രജീഷിന്റെ വിലകൂടിയ മൊബൈല്‍ കൈക്കലാക്കിയ രാഗേഷ് കണ്ണൂരില്‍ നിന്നുംപഴയൊരെണ്ണം വാങ്ങി രജീഷിന്റെ സിമ്മിട്ടതിനു ശേഷം തളിപ്പറമ്പ് ചിറവക്കിലില്‍ നിന്നു കര്‍ണാടകയിലേക്ക് പോകുന്ന ഒരു ചരക്കുലോറിയില്‍ ഉപേക്ഷിച്ചു. തിരോധാനത്തിനു ശേഷം രജീഷ് ജീവനോടെയുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു സിനിമയിലേതു പോലെ ഈ തന്ത്രം ഉപയോഗിച്ചത്.ഇതിനുശേഷം സഊദിയിലേക്ക്കടന്ന ഇയാള്‍ പൊലിസ് നിര്‍ദേശിച്ചതുപ്രകാരം മടങ്ങിവരുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തിനടുത്തെ ലോഡ്ജില്‍ മുറിയെടുത്ത് ആത്മഹത്യ ചെയ്യാനും തീരുമാനിച്ചിരുന്നു. ഇതിനായി തന്റെ മരണത്തിന് ഉത്തരവാദി കാമുകിയാണെന്നും അവരാണ് കാറില്‍വച്ച് രജീഷിനെ കൊന്നതെന്നുമുള്ള കള്ളക്കഥയുമുണ്ടാക്കി. എന്നാല്‍ പൊലിസിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ ഈ നീക്കവും പൊളിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."