ബസുകളുടെ അമിതവേഗം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു
ബാലുശ്ശേരി: കോഴിക്കോട്-ബാലുശ്ശേരി റൂട്ടില്‍ ബസുകളുടെ മത്സരയോട്ടവും അമിതവേഗവും നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അമിതവേഗത്തെ തുടര്‍ന്ന് റൂട്ടില്‍ നിരന്തരം അപകടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
വ്യാഴാഴ്ച ചേളന്നൂര്‍ ഒന്‍പതേ അഞ്ചില്‍ പൊലിസ് സ്റ്റേഷനു മുന്‍വശം സ്‌കൂട്ടര്‍ യാത്രികരായിരുന്ന അമ്മയും മകനും ബസിടിച്ച് മരിച്ചിരുന്നു. നിരവധി അപകടങ്ങള്‍ ഇവിടങ്ങളില്‍ ഉണ്ടായിട്ടും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. എന്നാല്‍, നേരത്തെ നിരവധി നടപടികള്‍ സ്വീകരിച്ചുവെങ്കിലും ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ഒന്നും ശരിയായില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ബാലുശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന എല്ലാ ബസുകളും കാക്കൂര്‍ പൊലിസ് സ്റ്റേഷനില്‍ സൂക്ഷിച്ച സമയക്രമപട്ടികയില്‍ സമയം രേഖപ്പെടുത്തണമെന്നായിരുന്നു ഇവയിലൊന്ന്.
ആരംഭത്തില്‍ ഇതു കുറ്റമറ്റ രീതിയില്‍ നടപ്പായെങ്കിലും പിന്നീട് പദ്ധതി പൊളിയുകയായിരുന്നു. കോഴിക്കോട്ടു നിന്നു ബാലുശ്ശേരി വരെ ഓടിയെത്തുന്നതിനു ഒരു മണിക്കൂര്‍ സമയം നല്‍കി വേഗതാനിയന്ത്രണത്തിനു സ്വീകരിച്ച മറ്റൊരു മാര്‍ഗവും ഉദ്യോഗസ്ഥ പിടിപ്പുകേടു മൂലം പാളി.
ആദ്യമൊക്കെ നിയമം ലംഘിക്കുന്ന ബസുകള്‍ക്കെതിരേ ആര്‍.ടി.ഒ നടപടി ആരംഭിച്ചെങ്കിലും പിന്നീട് അതും നിലക്കുകയായിരുന്നു. ഈ റൂട്ടില്‍ നഴ്‌സറി മുതല്‍ കോളജ് തലം വരെ നിരവധി സ്ഥാപനങ്ങള്‍ റോഡിനിരുവശവും പ്രവര്‍ത്തിക്കുന്നുണ്ട്. വേഗത നിയന്ത്രിക്കാന്‍ ഹമ്പുകള്‍ ആവശ്യത്തിനു ഇല്ലാത്തതും ബസുകളുടെ അമികവേഗതക്ക് കാരണമാകുന്നുണ്ട്. വേങ്ങേരിയിലും കക്കോടിയിലും സ്ഥാപിച്ച ഹമ്പുകളല്ലാതെ ബാലുശ്ശേരി വരെ പതിനാലു കിലോമീറ്ററിനുള്ളില്‍ ഒരു ഹമ്പുപോലും സ്ഥാപിച്ചിട്ടില്ല.
ഇവിടങ്ങളില്‍ നേരത്തെ ഉണ്ടായിരുന്ന ഹമ്പുകള്‍ നീക്കം ചെയ്തതും വാഹനങ്ങളുടെ അമിത വേഗത്തിന് ആക്കംകൂട്ടി. ബസുകളുടെ മത്സരയോട്ടം കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്രവാഹനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."