കശ്മീരിന് സംസ്ഥാന പദവി, ജാതി സെന്‍സസ് നടപ്പാക്കും, പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടില്‍ വര്‍ഷം ഒരു ലക്ഷം..കോണ്‍ഗ്രസ് പ്രകടന പത്രിക 'ന്യായ് പത്ര'
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ, കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ജാതി സെന്‍സസ് നടപ്പാക്കും,ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ 50% വനിതകള്‍ക്ക് നീക്കി വയ്ക്കും എന്നതുള്‍പ്പടെ നിരവധി വാഗ്ദാനങ്ങളുമായാണ് 'ന്യായ് പത്ര' എന്ന പ്രകടന പത്രിക പുറത്തിറങ്ങിയിരിക്കുന്നത്.
ജമ്മു കശ്മീരിന് സമ്പൂര്‍ണ സംസ്ഥാന പദവി പുനഃസ്ഥാപിക്കും, 25 വയസ്സിന് താഴെയുള്ള എല്ലാ ഡിപ്ലോമ ഹോള്‍ഡര്‍മാര്‍ക്കും ബിരുദധാരികള്‍ക്കും ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് നല്‍കുന്നതിന് പുതിയ അവകാശ നിയമം, അഗ്‌നിപഥ് നിര്‍ത്തലാക്കി സാധാരണ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുന്നത് തടയും, ജാതി സെന്‍സസ് നടപ്പാക്കും, കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ 50% വനിതകള്‍ക്ക്, സാമ്പത്തികമായി പിന്നാക്കമുള്ള സ്ത്രീകളുടെ അക്കൗണ്ടില്‍ വര്‍ഷം ഒരു ലക്ഷം രൂപ എത്തിക്കും തുടങ്ങിയവയാണ് വാഗ്ദാനങ്ങള്‍. നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അവസാനിപ്പിച്ച അഴിമതി കേസുകളില്‍ പുനരന്വേഷണം,പ്രതിദിന വേതനം കുറഞ്ഞത് 400 രൂപയാക്കും,സര്‍ക്കാര്‍ പൊതുമേഖല ജോലികളിലെ കരാര്‍ നിയമനങ്ങള്‍ എടുത്തു കളയും, തെരുവുനായ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കും എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളും പത്രികയിലുണ്ട്.
പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധവുമാക്കും,2025 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33 ശതമാനവും 2029 മുതലുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 33 ശതമാനം സംവരണവും നല്‍കും.
സ്വകാര്യത സംരക്ഷിക്കും. വാര്‍ത്താവിനിമയെ നിയമം പരിഷ്‌കരിക്കും. വോട്ടര്‍മാരുടെ വിശ്വാസം ഉറപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമം പരിഷ്‌കരിക്കും.ജനവിരുദ്ധ നിയമങ്ങള്‍ പരിഷ്‌കരിക്കും. ഇലക്ട്രിക് ബോണ്ട അഴിമതി, എം കെയര്‍ പദ്ധതി എന്നിവയില്‍ അന്വേഷണം നടത്തും. വ്യാജ വാര്‍ത്ത , പെയ്ഡ് വാര്‍ത്ത എന്നിവ തടയാന്‍ നിയമ ഭേദഗതി കൊണ്ടുവരും.മുന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള 10% സംവരണം എല്ലാവര്‍ക്കും നല്‍കും. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ , പൊലിസ് എന്‍കൗണ്ടറുകള്‍ , ബുള്‍ഡോസര്‍ രാജ് എന്നിവയില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങള്‍. 25 ഗ്യാരന്റികളടങ്ങിയ പ്രകടന പത്രിക പി. ചിദംബരമാണ് അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."