സമാനതകളില്ലാത്ത പോരാട്ടത്തിന് അംഗീകാരം: ഗസ്സയിലെ മാധ്യമപ്രവർത്തകർക്ക് 'ഗോൾഡൻ പെൻ ഓഫ് ഫ്രീഡം' പുരസ്‌കാരം
കോപ്പൻഹേഗൻ: ഗസ്സ മുനമ്പിൽ ജീവൻ പണയം വെച്ചും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന പലസ്തീൻ മാധ്യമപ്രവർത്തകർക്ക് ലോക വാർത്താ പ്രസാധക സംഘടനയുടെ (WAN-IFRA) ആദരം. ഈ വർഷത്തെ 'ഗോൾഡൻ പെൻ ഓഫ് ഫ്രീഡം' (Golden Pen of Freedom) പുരസ്‌കാരം ഗസ്സയിൽ പ്രവർത്തിക്കുന്ന വാർത്താ ഏജൻസികളായ എ.എഫ്.പി (AFP), അസോസിയേറ്റഡ് പ്രസ് (AP), റോയിട്ടേഴ്‌സ് (Reuters) എന്നിവയിലെ മാധ്യമപ്രവർത്തകർ സംയുക്തമായി സ്വന്തമാക്കി.
ഡെന്മാർക്കിലെ കോപ്പൻഹേഗനിൽ നടന്ന ചടങ്ങിൽ ഗസ്സയിലെ തങ്ങളുടെ സഹപ്രവർത്തകർക്ക് വേണ്ടി പലസ്തീൻ ഫോട്ടോഗ്രാഫർമാരായ മുഹമ്മദ് അബെദും മുഹമ്മദ് സലേമും പുരസ്‌കാരം ഏറ്റുവാങ്ങി.
ഗസ്സയിലെ ഇസ്റാഈൽ ആക്രമണത്തിന്റെ ക്രൂരതകൾ ലോകത്തിന് മുന്നിലെത്തിക്കാൻ പലസ്തീൻ മാധ്യമപ്രവർത്തകർ കാട്ടുന്ന സമാനതകളില്ലാത്ത ധീരതയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് വാൻ-ഇഫ്ര വ്യക്തമാക്കി. യുദ്ധമുഖത്ത് റിപ്പോർട്ടിംഗിനിടെ കൊല്ലപ്പെട്ടവർക്കും പരുക്കേറ്റവർക്കുമുള്ള ആദരവാണ് ഈ പുരസ്‌കാരമെന്നും സംഘടന കൂട്ടിച്ചേർത്തു.
വളരെ അപകടകരമായ സാഹചര്യത്തിലും സത്യം പുറത്തുകൊണ്ടുവരാൻ അവർ നടത്തുന്ന പോരാട്ടം വിലമതിക്കാനാവാത്തതാണ്. ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിലൂടെയാണ് ഗാസയിലെ മാധ്യമപ്രവർത്തകർ കടന്നുപോകുന്നത് എന്ന് വാൻ-ഇഫ്ര ഭാരവാഹികൾ വ്യക്തമാക്കി.
യുദ്ധം ആരംഭിച്ചതു മുതൽ ഇതുവരെ കൊല്ലപ്പെട്ടത് 220-ലധികം മാധ്യമപ്രവർത്തകർ
ഗസ്സയിൽ മാധ്യമപ്രവർത്തകർ നേരിടുന്ന കടുത്ത സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള ആശങ്കാജനകമായ കണക്കുകളും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യമ കൂട്ടായ്മയായ 'റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്' (RSF) നൽകുന്ന വിവരങ്ങൾ പ്രകാരം, 2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതു മുതൽ ഇതുവരെ ഇസ്റാഈൽ സൈന്യത്തിന്റെ ആക്രമണങ്ങളിൽ 220-ലധികം മാധ്യമപ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറത്തി മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ പുരസ്‌കാര പ്രഖ്യാപനം.
In recognition of their exceptional courage and unmatched bravery, journalists covering the conflict in Gaza have been honored with the prestigious Golden Pen of Freedom Award. The award highlights their unwavering commitment to reporting the truth from the ground, despite facing unprecedented dangers, severe hardships, and immense personal risks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."