അവധി ദിവസങ്ങളില്‍ അനധികൃത കെട്ടിട നിര്‍മാണം തടയുന്നതിന് പ്രത്യേക സ്‌ക്വാഡ്
കൊണ്ടോട്ടി: അവധി ദിവസങ്ങളില്‍ അനധികൃത കെട്ടിട നിര്‍മാണം തടയുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങുന്നു. വയല്‍ നികത്തിയും അനുമതി വാങ്ങാതേയും തുടര്‍ച്ചയായ അവധി ദിവസങ്ങളില്‍ വ്യാപകമായി അനധികൃത കെട്ടിടങ്ങള്‍ ഉയരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അനധികൃത കെട്ടിട നിര്‍മാണം കണ്ടെത്തി തടയാന്‍ നിര്‍ദേശം നല്‍കിയത്. ഇതോടെ അവധി ദിവസങ്ങളിലും പ്രത്യേക സ്‌ക്വാഡിന്റെ നിര്‍ദേശങ്ങളുണ്ടാകും.
തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് ഇതിന് പൂര്‍ണ ഉത്തരവാദിത്വം നല്‍കിയിരിക്കുന്നത്. അനധികൃത നിര്‍മാണ പ്രവൃത്തികള്‍ കണ്ടെത്തിയാല്‍ സെക്രട്ടറിമാരെത്തി തടയണം. നഗരസഭക്കും പഞ്ചായത്തിനും ഇതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാനാണ് നിര്‍ദേശം. നഗരസഭയില്‍ സെക്രട്ടറി, നഗരസഭ എന്‍ജിനിയര്‍, കെട്ടിട നിര്‍മാണ അനുമതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, നഗര ഗ്രാമാസൂത്രണ വകുപ്പിലെ ജില്ലാ ടൗണ്‍പ്ലാനര്‍, ഡെപ്യൂട്ടി പ്ലാനര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ചുമതലയുളള റീജിനല്‍ ജോയ്ന്റ് ഡയറക്ടര്‍ ഓഫ് മുനിസിപ്പാലിറ്റീസ് എന്നിവരാണ് സ്‌ക്വാഡിലെ അംഗങ്ങള്‍. പഞ്ചായത്തില്‍ സെക്രട്ടറി, പഞ്ചായത്ത് ഓവര്‍സിയര്‍, ടൗണ്‍പ്ലാനര്‍, ജില്ലാപഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരെയാണ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുക.
സ്‌ക്വാഡിന് പ്രത്യേക ചുമതലകളും നല്‍കിയിട്ടുണ്ട്. അവധി ദിനങ്ങളില്‍ കെട്ടിടനിര്‍മാണം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും കണ്ടെത്തിയാല്‍ തടയുകയും വേണം. തുടര്‍ന്ന് ഇവര്‍ക്ക് നോട്ടിസ് നല്‍കണം. നോട്ടിസ് നല്‍കിയിട്ടും നിര്‍മാണ പ്രവൃത്തികള്‍ തുടരുകയാണെങ്കില്‍ പൊലിസ് സഹായത്തില്‍ നിര്‍മാണം നിര്‍ത്തിവെപ്പിച്ച് പ്രശ്‌നം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തണം. സ്‌ക്വാഡിലുളള ജില്ലാ ടൗണ്‍ പ്ലാനര്‍മാര്‍ അനധികൃത കെട്ടിട നിര്‍മാണങ്ങളുടെ ഫോട്ടോ പകര്‍ത്തി ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും ചീഫ് ടൗണ്‍ പ്ലാനറേയും വിവരം അറിയിക്കണം. ഇതുമായി ബന്ധപ്പെട്ടുളള റിപ്പോര്‍ട്ട് എല്ലാ ദിവസവും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചീഫ് ടൗണ്‍ പ്ലാനര്‍ എന്നിവര്‍ക്ക് ഇ-മെയില്‍ സന്ദേശം നല്‍കുകയും വേണം.
കൂട്ടമായുളള അവധി ദിവസങ്ങളില്‍ അനധികൃത കെട്ടിട നിര്‍മാണം വ്യാപകമാവുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സ്‌ക്വാഡ് രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതുവഴി കെട്ടിട നിര്‍മാണങ്ങള്‍ തടയാനാകുമെന്നാണ് കണക്ക് കൂട്ടല്‍. മാനദണ്ഡങ്ങള്‍ പാലിക്കാതെയും നിയമങ്ങള്‍ കാറ്റില്‍ പറത്തിയുമാണ് പലയിടങ്ങളിലും കെട്ടിട സമുച്ഛയങ്ങള്‍ ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."