സ്‌പെക്ട്രം ലേലം മുന്നില്‍കണ്ട് കരുനീക്കങ്ങളുമായി മൊബൈല്‍ കമ്പനികള്‍
കൊച്ചി: അടുത്ത മാസം നടക്കുന്ന സ്‌പെക്ട്രം ലേലത്തിന് ഒരുങ്ങുന്നതിന് മുന്നോടിയായി മൊബൈല്‍ നെറ്റ്‌വര്‍ക്ക് കമ്പനികള്‍ തമ്മിലുള്ള മല്‍സരം മുറുകി. റിലയന്‍സ് ജിയോയുടെ വരവും എയര്‍സെലും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും തമ്മിലുള്ള ലയനവും ബി.എസ്.എന്‍.എല്ലും വോഡഫോണും തമ്മിലുള്ള സഹകരണവും രാജ്യത്തെ ടെലികോം മേഖലയില്‍ കടുത്തമല്‍സരത്തിന് വഴിതെളിച്ചിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് വലിയ ഓഫറുകളുമായി രംഗത്ത്‌വന്ന ജിയോയെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളും സഹകരണങ്ങളുമാണ് ടെലികോം കമ്പനികള്‍ തമ്മില്‍ അതിവേഗത്തിലുണ്ടായിരിക്കുന്നത്. മൊബൈല്‍ ഇന്റര്‍നെറ്റ് കുത്തക പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളുമായി ഇറങ്ങിയിരിക്കുന്ന കമ്പനികളുടെ മുന്നിലുള്ള പ്രധാനലക്ഷ്യം അടുത്തമാസം നടക്കുന്ന സ്‌പെക്ട്രം ലേലമാണ്.
എയര്‍സെല്ലുമായുള്ള ലയനതീരുമാനത്തിന് പിന്നാലെ അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് കമ്മ്യുണിക്കേഷന്‍സ് ടവറുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ ആസ്തികളും വില്‍ക്കുന്നതിനുള്ള നീക്കത്തിലാണ്. ഇതിനായി കാനഡയിലെ ബ്രൂക്ക് ഫീല്‍ഡുമായി റിലയന്‍സ് ചര്‍ച്ച നടത്തിവരുകയാണ്. ബാധ്യത കുറയ്ക്കുകയാണ് ഇതിലൂടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലക്ഷ്യമാക്കുന്നത്. എയര്‍സെല്ലുമായുള്ള ലയനം വഴി ഇരുകമ്പനികളുടെയും ബാധ്യതകള്‍ പുതിയ കമ്പനിയിലേക്ക് കൈമാറ്റം ചെയ്യുകയും ലയനത്തിലൂടെ സ്‌പെക്ട്ട്രം ഉപയോഗത്തിന്റെ കാര്യത്തില്‍ പുതിയ കമ്പനി രണ്ടാം സ്ഥാനത്തെത്തുമെന്നുമാണ് കണക്കുകുട്ടുന്നത്. നിലവില്‍ 11 കോടി ഉപഭോക്താക്കളുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് രാജ്യത്ത് നാലാം സ്ഥാനത്താണ്. എയര്‍സെല്ലിന് 8.4 കോടി ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്.
ജിയോയുടെ വരവിനെ പ്രതിരോധിക്കാന്‍ പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണുമായി 2ജി ഇന്‍ട്രാ സര്‍ക്കിള്‍ റോമിങ് സഹകരണത്തിന് ധാരണയായി. ഇതുപ്രകാരം ഇരു കമ്പനികളും അവരുടെ ടവറുകള്‍ ഉള്‍പ്പെടെയുള്ളവ പരസ്പരം പങ്കുവയ്ക്കും. ഇരുകമ്പനികള്‍ക്കും അവരുടെ നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കാനും സേവനം മെച്ചപ്പെടുത്താനും പുതിയ സഹകരണം വഴി സാധിക്കുമെന്നാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. ബി.എസ്.എന്‍.എല്ലുമായുള്ള സഹകരണം ഗ്രാമപ്രദേശങ്ങളിലെ വോഡഫോണ്‍ വരിക്കാര്‍ക്ക് കൂടുതല്‍ നേട്ടമായി മാറുമെന്നാണ് കരുതുന്നത്. മറ്റു ടെലികോം കമ്പനികളുമായി ചേര്‍ന്ന് ടവറുകള്‍ ഉള്‍പ്പെടെ പങ്കുവച്ച് ബി.എസ്.എന്‍.എല്‍ രാജ്യത്തുടനീളം നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തിവരുകയാണെന്ന് ബി.എസ്.എന്‍.എ.ല്‍ ചെയര്‍മാനും എം.ഡിയുമായ അനുപം ശ്രീവാസ്തവയും വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടയില്‍ പോര്‍ട്ടബിലിറ്റിയില്‍ വീഴ്ച വരുത്തുന്നത് ചൂണ്ടികാട്ടി മറ്റു ടെലികോം കമ്പനികള്‍ക്കെതിരേ ജിയോ ട്രായ്ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ കമ്പനികള്‍ നമ്പര്‍ പോര്‍ട്ട് ചെയ്തു സര്‍വിസ് മാറ്റാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നില്ലെന്നാണ് ജിയോയുടെ പരാതി. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ രൂക്ഷമായ 4ജി മത്സരം നിയമപ്രശ്‌നങ്ങളിലേക്കും കടക്കുകയാണ്. പൊതു വൈഫൈയും നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമങ്ങളും പാലിക്കാന്‍ മറ്റു ടെലികോം സേവനദാതാക്കള്‍ തയാറാകാത്തതിനെതിരേയാണ് ജിയോ രംഗത്തെത്തിയിരിക്കുന്നത്. മറ്റു കമ്പനികളുടെ സിംകാര്‍ഡില്‍ നിന്ന് ജിയോയിലേക്കും തിരികെയും ഫോണ്‍കോളുകള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് വ്യാപകമായത് ചര്‍ച്ചകളിലൂടെ കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞെങ്കിലും പൂര്‍ണമായി സാധിച്ചിട്ടില്ല. ഇതും ടെലികോം മേഖലയില്‍ കടുത്ത മല്‍സരത്തിലേക്ക് വഴിതെളിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."