മെഡിക്കല്‍, ഡെന്റല്‍ പ്രവേശനം; ക്രമക്കേട് വ്യാപകം
തിരുവനന്തപുരം: അപാകത പരിഹരിച്ച് പ്രവേശനപട്ടിക പ്രസിദ്ധീകരിക്കാന്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ അന്ത്യശാസനം. അഞ്ചു കോളജുകള്‍ പുതിയ പട്ടിക പ്രസിദ്ധീകരിക്കണം. തലവരിപ്പണം വാങ്ങിയെന്ന പരാതിയില്‍ തെളിവ് ഹാജരാക്കാന്‍ രക്ഷാകര്‍ത്താക്കള്‍ക്കും ജയിംസ് കമ്മിറ്റി നിര്‍ദേശം നല്‍കി.
പ്രവേശന ക്രമക്കേടുമായി ബന്ധപ്പെട്ട് 521 പരാതികള്‍ ജസ്റ്റിസ് ജയിംസ് കമ്മിറ്റിക്കു ലഭിച്ചു. ഇതില്‍ വിശദമായ പരിശോധനയാണ് ഇന്നലെ നടന്നത്. പരാതികളില്‍ ഭൂരിപക്ഷവും ഗൗരവമേറിയതാണെന്നാണു ജയിംസ് കമ്മിറ്റിയുടെ വിലയിരുത്തല്‍. തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ ലംഘിച്ച കോളജുകള്‍ക്ക് നോട്ടിസ് നല്‍കാന്‍ കമ്മിറ്റി തീരുമാനിച്ചത്. അപാകതകള്‍ പരിഹരിച്ച് പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ അല്‍അസര്‍, എസ്.എന്‍, കരുണ, കണ്ണൂര്‍, അസീസിയ തുടങ്ങിയ മെഡിക്കല്‍ കോളജുകള്‍ക്ക് ജയിംസ് കമ്മിറ്റി നിര്‍ദേശം നല്‍കി.
പി.കെ.ദാസ്, വി.എം വയനാട്, എസ്.യു.ടി, ശ്രീഗോകുലം, ട്രാവന്‍കൂര്‍, മൗണ്ട് സിയോണ്‍ കോളജുകള്‍ക്ക് പരാതികളില്‍ അടിയന്തിര പരിഹാരം കാണാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രമക്കേടുകള്‍ കണ്ടെത്തിയ ശ്രീഗോകുലം,ട്രാവന്‍കൂര്‍, മൗണ്ട് സിയോണ്‍ എന്നീ മാനേജ്‌മെന്റുകളോട് മറ്റന്നാള്‍ ഹിയറിങിന് ഹാജരാകാനും ജയിംസ് കമ്മിറ്റി നിര്‍ദേശം നല്‍കി.
ഇവരുടെ വിശദീകരണം ലഭിച്ച ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും. നിസാര കാരണങ്ങള്‍ പറഞ്ഞാണ് പല മാനേജ്‌മെന്റുകളും അര്‍ഹരായ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ തള്ളിയത്. എസ്.എന്‍ മെഡിക്കല്‍ കോളജ് തള്ളിയ ഏഴു കുട്ടികളുടെ അപേക്ഷ പുന:പരിശോധിക്കാനും ഉത്തരവിട്ടു.
വ്യാപകമായി തലവരിപ്പണം കോളജുകള്‍ ആവശ്യപ്പെട്ടതായും പരാതി ലഭിച്ചിരുന്നു. പരാതിക്കാരോട് ഇതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
കോളജുകള്‍ പ്രസിദ്ധീകരിക്കുന്ന പുതിയ ലിസ്റ്റുകളും ജയിംസ് കമ്മിറ്റി നിരീക്ഷിക്കും. ക്രമക്കേടില്ലാതെ നിശ്ചിതസമയത്തിനുള്ളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കമ്മിറ്റിയുടെ തീരുമാനം. അതേസമയം, സര്‍ക്കാരിനെയും ജയിംസ് കമ്മിറ്റിയെയും വെല്ലുവിളിച്ച് സ്വന്തംനിലയില്‍ പ്രവേശന നടപടികളുമായി മുന്നോട്ടുപോയ കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകള്‍ മാനേജ്‌മെന്റ്, എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്നതായി ജയിംസ് കമ്മിറ്റിയെ അറിയിച്ചു.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളുടെ വെബ്‌സൈറ്റില്‍ കൂടി അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. നാളെ വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. ട്രാവന്‍കൂര്‍, ശ്രീഗോകുലം ഒഴികെയുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ അപേക്ഷിച്ചവരുടെയും നിരസിച്ചവരുടെയും അടക്കമുള്ള പട്ടിക ജയിംസ് കമ്മിറ്റിക്കു സമര്‍പ്പിച്ചിട്ടുണ്ട്. ജയിംസ് കമ്മിറ്റി പ്രവേശനം റദ്ദാക്കിയ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ് പുതിയ പട്ടിക നല്‍കി. നീറ്റ് റാങ്ക് അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ അടങ്ങിയ 30 വിദ്യാര്‍ഥികളുടെ പട്ടികയാണ് സമര്‍പ്പിച്ചത്.
ഏഴു നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പട്ടിക സമര്‍പ്പിക്കാനാണ് ജയിംസ് കമ്മിറ്റി കോളജുകളോട് ആവശ്യപ്പെട്ടിരുന്നത്. ഇത് കോളജുകള്‍ ലംഘിച്ചിട്ടുണ്ടോയെന്നു കണ്ടെത്തുന്നതിനായിരുന്നു ഇന്നലെ രേഖകളുടെ വിശദമായ പരിശോധന നടത്തിയത്.
എം.ബി.ബി.എസിലെ മാനേജ്‌മെന്റ്, എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് നീറ്റ് മെറിറ്റ് അടിസ്ഥാനമാക്കി കോളജിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കണമെന്ന ജയിംസ് കമ്മിറ്റിയുടെ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ചാണ് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ മുന്നോട്ടുപോയത്. പലതവണ നോട്ടിസ് നല്‍കിയിട്ടും പ്രവേശന സമയം നീട്ടിനല്‍കിയിട്ടും ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കാന്‍ മാനേജ്‌മെന്റ് തയാറായില്ല. തുടര്‍ന്നാണ് ഓണ്‍ലൈനായല്ലാതെ സ്വന്തം നിലയില്‍ രഹസ്യമായി ഇരുകോളജുകളും നടത്തിയ പ്രവേശനം റദ്ദാക്കി ജയിംസ് കമ്മിറ്റി ഉത്തരവിറക്കിയത്.
കോളജുകള്‍ക്കുള്ള ആരോഗ്യസര്‍വകലാശാലയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കോളജ് പ്രിന്‍സിപ്പല്‍മാരെയും കമ്മിറ്റി അറിയിച്ചു. ഇതിനു പിന്നാലെയാണ് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചുകൊണ്ട് കോളജുകളുടെ വെബ്‌സൈറ്റ് സജ്ജമായത്. വെബ്‌സൈറ്റ് ജയിംസ് കമ്മിറ്റി സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. എന്തെങ്കിലും കൃത്രിമം കാണിക്കുകയാണെങ്കില്‍ കോളജുകള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവുമെന്നാണ് ജയിംസ് കമ്മിറ്റിയുടെ മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."